
വേതനത്തിന്റെ പേരിൽ മാത്രമല്ല, ഒരു വിവാദത്തിന്റെ പേരിലും അസാമിലെ തേയിലത്തോട്ടങ്ങൾ വാർത്തകളിൽ നിറയുകയാണ്. കോൺഗ്രസിന്റെ ഫേസ്ബുക്ക് കാമ്പെയ്ൻ പേജായ 'അസാം ബച്ചാവോ' യിൽ നിന്നാണ് പ്രശ്നങ്ങൾക്ക് തിരികൊളുത്തിയത്. അസാമിലെ തേയിലത്തോട്ടങ്ങൾ എന്ന പേരിൽ ഈ പേജിൽ ഷെയർ ചെയ്ത രണ്ട് ചിത്രങ്ങളാണ് പ്രശ്നമായത്. ചിത്രത്തിലെ വിശാലമായ രണ്ട് തേയിലത്തോട്ടങ്ങളും അസാമിലേതല്ല എന്നാണ് ആരോപണം. ആദ്യ ചിത്രം ബാഗുവ ടീ ഗാർഡനും മറ്റേത് ബിഗു ടീ ഗാർഡന്റേതുമാണെന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് രണ്ടും ഇന്ത്യയിലല്ല. തായ്‌വാനിലാണുള്ളത്.
ചിത്രങ്ങൾക്കെതിരെ അസാം ധനകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമാന്ത ബിശ്വ ശർമ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പങ്കുവച്ച രണ്ട് ചിത്രങ്ങളും അസാമിൽ നിന്നുള്ള ദൃശ്യങ്ങളല്ലെന്നും തായ്‌വാനിലേതാണെന്നും ശർമ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. കോൺഗ്രസുകാർക്ക് അസാമിനെ പോലും തിരിച്ചറിയാനാകുന്നില്ലെന്നും അസാമിലെ ജനതയെയും തോട്ടംത്തൊഴിലാളികളെയും അപമാനിക്കുന്നതിന് തുല്യമാണിതെന്നും ശർമ ആരോപിച്ചിരുന്നു.
അസാം ബച്ചാവോ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രത്തിന്റെ സ്ക്രീൻഷോട്ട് സഹിതമായിരുന്നു ശർമ്മയുടെ ട്വീറ്റ്. പല വെബ്സൈറ്റുകളിലും ലഭിക്കുന്ന ചിത്രങ്ങളാണ് ഇതെന്നും പലരും ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസ് അസാം ബച്ചാവോ കാമ്പെയ്‌ന് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. ഏതായാലും ചിത്രങ്ങൾ കോൺഗ്രസിനെതിരെയുള്ള ആയുധമാക്കി മാറ്റിയിരിക്കുകയാണ് ബി.ജെ.പി. മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് അസാമിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.