
വർക്കല: വർക്കല മേഖലയിലെ റെയിൽവേ ലെവൽ ക്രോസുകളിലൂടെയുള്ള യാത്ര വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ അപകട ഭീഷണി ഉയർത്തുന്നു. വർക്കലയിലെ 5 ലെവൽ ക്രോസുകൾ അപകട ഭീഷണി ഉയർത്തുമ്പോഴും റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി.
ഗേറ്റിനകത്ത് പാകിയിട്ടുള്ള കോൺക്രീറ്റ് സ്ലാബുകൾ പൊട്ടിപ്പൊളിയുകയും മെറ്റിലുകൾ ഇളകി സ്ലാബുകൾ തകരുന്നതാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. ഏറെ തിരക്കുള്ള റെയിൽവേഗേറ്റുകളാണ് ഇവയെല്ലാം. ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിലേറെയും. പുന്നമൂട് ഉൾപ്പെടെയുള്ള ലെവൽക്രോസുകളെല്ലാം തന്നെ സ്ലാബുകൾ ഉയർന്നും താഴ്ന്നുമാണുള്ളത്. വാഹനങ്ങൾ കയറിയിറങ്ങി സ്ലാബുകൾ തകർന്നിട്ടുണ്ട്. സ്ലാബുകളും ടാറും ഇളകിയതിനെ തുടർന്ന് ഗേറ്റിനുള്ളിൽ നിറയെ കുഴികളായി. പാളങ്ങൾ തറനിരപ്പിൽ നിന്നുയർന്ന് നിൽക്കുന്നതും അപകടത്തിന് കാരണമാകുന്നു.
നിരപ്പില്ലാത്ത സ്ലാബുകളിലൂടെയും ചിതറിക്കിടക്കുന്ന മെറ്റൽച്ചീളുകളിലൂടെയും വളരെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. കുഴികളിൽ പതിച്ച് വാഹനം നിന്നുപോകുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
ട്രാക്ക് നന്നാക്കുന്നതിന്റെ ഭാഗമായി ഗേറ്റിനകത്ത് ഇടയ്ക്കിടെ റെയിൽവേയുടെ ജോലികൾ നടക്കാറുണ്ട്.
ജോലി കഴിഞ്ഞ് അധികം താമസമില്ലാതെ ഗേറ്റിനുള്ളിലെ റോഡിന്റെ അവസ്ഥ പഴയപടിയാകും. ട്രാക്കിന്റെ പണി കഴിഞ്ഞാലുടൻ ഗേറ്റിനുള്ളിൽ ടാറിംഗ് നടത്താൻ റെയിൽവേ നടപടിയെടുക്കാറില്ല. കാലാകാലങ്ങളാായി ലെവൽ ക്രോസിനുള്ളിലെ കോൺക്രീറ്റ് സ്ലാബുകൾ അറ്റകുറ്റപ്പണികൾ നടത്തുന്ന അവസരത്തിൽ ഉണ്ടാവുന്ന മേൽനോട്ടക്കുറവ് നിമിത്തം അധികം താമസിയാതെ ഇവയെല്ലാം തന്നെ പൊട്ടിപ്പൊളിയുന്ന സ്ഥിതിയാണ്.
അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിക്കാൻ റെയിൽവേ എൻജിനിയറിംഗ് വിഭാഗത്തിനും കഴിയുന്നില്ല. വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനോടനുബന്ധിച്ച് റെയിൽവേയുടെ എൻജിനിയറിംഗ് വഭാഗത്തിന്റെ കാര്യാലയവും അനുബന്ധ ഉദ്യോഗസ്ഥന്മാരും ഉണ്ടെന്നിരിക്കെ ലെവൽ ക്രോസിന്റെ അപാകതകളെ സംബന്ധിച്ച് പരിശോധന നടത്തുവാനോ പ്രശ്ന പരിഹാരം കാണാനോ ഇക്കൂട്ടർ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. നാഴികയ്ക്ക് നാല്പത് വട്ടം തട്ടിക്കൂട്ട് പണികൾ നടത്തി പിൻവാങ്ങുകയാണ് അധികൃതർ. അറ്റകുറ്റപ്പണികളുടെ പേരിൽ ലക്ഷങ്ങളാണ് റെയിൽവേയ്ക്ക് ചെലവാകുന്നത്. അടിയന്തരമായി വർക്കലയിലെ ലെവൽ ക്രോസിങ്ങിലെ കോൺക്രീറ്റ് സ്ലാബുകൾ കാര്യക്ഷമമായി സ്ഥാപിച്ച് രക്ഷ ഉറപ്പാക്കാൻ റെയിൽവേ എൻജിനിയറിംഗ് വിഭാഗം തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപകടങ്ങൾക്ക് കാരണം
ലെവൽ ക്രോസുകളിലെ കോൺക്രീറ്റ് സ്ലാബുകൾ അടിക്കടി ഇളകി മാറുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം.
സ്‌കൂട്ടർ യാത്രക്കാരായ സ്ത്രീകളും വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരും ഇത്തരം സ്ലാബുകളിൽ തട്ടി മറിഞ്ഞുവീഴുന്നത് പതിവാണ്. ഗേറ്റടച്ച് തുറക്കുന്ന സമയത്താണ് അപകടങ്ങൾ കൂടുതൽ നടക്കുന്നത്.
അപകട ഭീഷണിയിൽ
വർക്കല പുന്നമൂട് ഗേറ്റ്, സ്റ്റാർ തിയേറ്ററിന് സമീപമുള്ള ഗേറ്റ്, ഇടവ, വെൺകുളം ഭാഗത്ത് നിന്നും എച്ച്.എസ്. റോഡിലേക്ക് പോകുന്ന വെൺകുളം ഗേറ്റ്, ജനതാമുക്ക് ഗേറ്റ് എന്നീ ലെവൽ ക്രോസുകളാണ് അപകട ഭീഷണി ഉയർത്തുന്നത്.