
വെള്ളറട: മലയോരമേഖലയിലെ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ പനച്ചുമൂട് പബ്ലിക് മാർക്കറ്റിൽ മാലിന്യം കുന്നുകൂടുന്നു. മത്സ്യ- മാംസാവശിഷ്ടങ്ങൾ പലഭാഗത്തും കുന്നുകൂടുകയാണ്. ഇവിടെനിന്നുയരുന്ന ദുർഗന്ധം കാരണം വ്യാപാരികളും ജനങ്ങളും പ്രദേശവാസികളും ബുദ്ധിമുട്ടുകയാണ്. മൂക്ക് പൊത്താതെ മാർക്കറ്റിനുള്ളിൽ കയറാൻ പറ്റാത്ത അവസ്ഥ.
ദിവസവും നൂറുകണക്കിന് പേർ എത്തുന്ന മാർക്കറ്റിൽ ഒരു വർഷത്തിന് മുമ്പ് ആധുനിക രീതിയിൽ ഫിഷറീസ് ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് 20 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി തീരുമാനമായി. തുടർന്ന് ഉന്നത ഉദ്യോഗസ്ഥ സംഘം മാർക്കറ്റ് സന്ദർശിച്ച് നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെ കുറിച്ച് ഗ്രാമപഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളുമായി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ട വികസനത്തിന് 6 കോടി രൂപ അനുവദിക്കുകയും നിർമ്മാണ ഉദ്ഘാടനം സ്ഥലം എം.എൽ.എ സി.കെ. ഹരീന്ദ്രൻ നിർവഹിക്കുകയും ചെയ്തു. എന്നാൽ ഇതുവരെ പണിയൊന്നും തുടങ്ങിയിട്ടില്ല. മാർക്കറ്റിനുള്ളിലെ മുഴുവൻ കച്ചവടക്കാരെയും ഒഴിവാക്കി സ്ഥലം ഗ്രാമപഞ്ചായത്ത് കരാറുകാരെ ഏൽപ്പിച്ചാൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയുകയുള്ളുവെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
നിർമ്മാണം നീളുന്നു
കച്ചവടക്കാരെ സൗകര്യ പ്രദമായ സ്ഥലം കണ്ടെത്തി മാറ്റാൻ ഗ്രാമപഞ്ചായത്ത് മുൻ കൈയെടുത്താലെ കോടികളുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയുകയുള്ളു. അത്യാവശ്യം ചെയ്യേണ്ട പണികൾ പോലും ചെയ്യാതെയാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തിയത്. തുടർ നടപടികൾക്കുള്ള കാലതാമസം നവീകരണ പ്രവർത്തനങ്ങൾ നീളുന്നതിന് കാരണം..
ഗ്രാമപഞ്ചായത്തിന്റെ പ്രധാന വരുമാനമാർഗം
ചൊവ്വ, വെള്ളി ദിവസങ്ങളിൽ കുലച്ചന്തയും ഞായറാഴ്ച കന്നുകാലിച്ചന്തയും ബുധൻ, ശനി ദിവസങ്ങളിൽ പ്രധാന ചന്തയും നടക്കുന്ന പനച്ചമൂട് പബ്ലിക് മാർക്കറ്റ് വെള്ളറട ഗ്രാമപഞ്ചായത്തിന്റെ വരുമാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. രണ്ടേക്കറോളമുള്ള മാർക്കറ്റ് ആധുനിക രീതിയൽ എല്ലാ സംവിധാനങ്ങളും ഒരുക്കിയാൽ ഗ്രാമപഞ്ചായത്തിന് വരുമാനത്തിൽ ഗണ്യമായി വർദ്ധനവും ഉണ്ടാകും.