
തിരുവനന്തപുരം: നേതാക്കളുടെ മക്കൾക്ക് പിൻവാതിൽ നിയമനം നൽകിയ സി.പി.എം ഇപ്പോൾ പാർട്ടി പ്രമുഖരുടെ ഭാര്യമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ടിക്കറ്റുകൾ കൂടി നൽകിയതോടെ ഭാര്യാവിലാസം പാർട്ടിയായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. കേസരി ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ശ്രീധരൻ ബി.ജെ.പിയുടെ പ്രചാരണം നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണ്.
പാർട്ടിക്കാരെ തെരുവിലിറക്കി അന്വേഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടിടപെട്ട് മുഴുവൻ സർക്കാർ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി കേന്ദ്ര അന്വേഷണ ഏജൻസികളുമായി ഏറ്റുമുട്ടുകയാണ്. കേന്ദ്ര ഏജൻസികളെ എതിർക്കാൻ ഭരണഘടനാപരമായ മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്. അല്ലാതെ അവരുടെ ഓഫീസുകളിലേക്ക് മാർച്ച് നടത്തി ഭയപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുകയല്ല വേണ്ടത്. ഇതിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും സുരേന്ദ്രൻ പറഞ്ഞു.
അന്വേഷണം മുഖ്യമന്ത്രിയിലേക്കും മറ്റ് മന്ത്രിമാരിലേക്കും തിരിഞ്ഞപ്പോഴാണ് ഭീഷണിയുടെ സ്വരം ഉയർത്തുന്നത്. സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് 164ാം വകുപ്പു പ്രകാരം രഹസ്യമൊഴി നൽകിയത് ആരും ഭീഷണിപ്പെടുത്തിയിട്ടല്ല. അന്വേഷണ ഏജൻസികൾ വ്യക്തമായ തെളിവുകൾ ശേഖരിച്ചിട്ടാണ് മുന്നോട്ടു പോകുന്നത്.
ലൈഫ് മിഷൻ കരാർ ലഭിച്ച സന്തോഷ് ഈപ്പനിൽ നിന്ന് വിലകൂടിയ ഐ ഫോൺ പാർട്ടി സെക്രട്ടറിയുടെ ഭാര്യയുടെ കൈയിലെത്തിയതു സംബന്ധിച്ച മുല്യച്യുതിയെക്കുറിച്ചാണ് സി.പി.എം വിശദീകരിക്കേണ്ടത്.
ഡോളർ കടത്തിലെ പങ്കാളിത്തം സംബന്ധിച്ച വാർത്തകളോടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കേണ്ടത്. അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം നൽകുന്നതിനു പകരം മുഖ്യമന്ത്രിയും കൂട്ടരും കുറ്റവാളികളെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനുമാണ് ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.