
പാറശാല: അധികാരികളുടെ മൂക്കിന് താഴെ റോഡ് തകർന്നിട്ട് പത്ത് വർഷത്തിലേറെയായി. പാറശാല പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിലേക്കുള്ള റോഡാണ് തകർന്നത്.പാറശാല സ്റ്റേഷന് പുറമെ, സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസ്,ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പാറശാല ഗ്രാമ പഞ്ചായത്ത് ഓഫീസ്, പാറശാല സബ് ട്രഷറി, വില്ലേജ് ഓഫീസ്, വെറ്റിനറി ഹോസ്‌പിറ്റൽ, പിഗ്ഗറി യൂണിറ്റ്, ഡെയറി എക്സ്റ്റൻഷൻ ഓഫീസ്, ഹോമിയോ ആശുപത്രി, ഗസ്റ്റ് ഹൗസ്, പി.ഡബ്ലിയു.ഡി അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നത് ഈ റോഡിന് ഇരുവശത്തുമായിട്ടാണ്. വെറും ഇരുന്നൂറ് മീറ്റർ നീളമുള്ള റോഡിന്റെ വശങ്ങളിൽ പാറശാല പൊലീസ് സ്റ്റേഷനിലെ കാലപ്പഴക്കമേറിയതും തകർന്നതുമായ തൊണ്ടി വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നു.ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ഈ തകർന്ന റോഡിലൂടെ സഞ്ചരിക്കുന്നത്. റോഡ് ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കുന്നതിനോ തൊണ്ടി സാധനങ്ങൾ മാറ്റുന്നതിനോ ബന്ധപ്പെട്ടവർ തയ്യറാകുന്നില്ല. സർക്കാർ ഓഫീസുകളിലേക്കുള്ള തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനായി പി.ഡബ്ള്യു.ഡിക്ക് തയ്യാറാകണം, അല്ലെങ്കിൽ ബ്ലോക്ക് പാഞ്ചായത്തിനോ ഗ്രാമ പഞ്ചായത്തിനോ ഫണ്ട് അനുവദിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.