
വിതുര: നെടുമങ്ങാട്- വിതുര റൂട്ടിൽ അപകടങ്ങളും അപകട മരണങ്ങളും വർദ്ധിക്കുന്നു. എന്നാൽ അപകടങ്ങൾ നിയന്ത്രിക്കാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. അമിതവേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് അധികൃതരുടെ പക്ഷം. അപകടത്തിൽ പെടുന്നതിൽ കൂടുതലും ഇരുചക്രവാന യാത്രക്കാരാണ്. ലൈസൻസ് ഇല്ലാത്തവരും, വിദ്യാർത്ഥികളും വരെ ബൈക്കുകളിൽ ചീറിപ്പായുന്നത് പതിവ് കാഴ്ചയാണ്. അമിത വേഗതയിൽ പാഞ്ഞ ബൈക്കുകൾ വഴിപോക്കരായ അനവധി പേരെ ഇടിച്ച് തെറിപ്പിച്ച സംഭവവുമുണ്ടായി. അമിത വേഗത സ്കൂൾ വാഹനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. റോഡരികിലൂടെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ ഇടി ഉറപ്പാണ്. മലയോര ഹൈവേ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി അടുത്തിടെ വിതുര മുതൽ ഇരുത്തലമൂലവരെയുള്ള റോഡ് ടാറിംഗ് നടത്തിയിരുന്നു. ഇതോടെ വാഹനങ്ങൾ അമിതവേഗതയിൽ പായുകയാണ്. അപകടങ്ങളുടെ ഗ്രാഫും ഉയർന്നു.
രണ്ട് വർഷം, മരണം 8
വിതുര നെടുമങ്ങാട് റോഡിൽ രണ്ട് വർഷത്തിനിടക്ക് വിതുര, വലിയമല പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലായി 89 ബൈക്കപകടങ്ങൾ നടന്നു. ഒരു വർഷം മുൻപ് ബൈക്കും, കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. കഴിഞ്ഞ ദിവസം തൊളിക്കോട് പുളിമൂട്ടിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു യുവാവ് മരിച്ചു. ബൈക്കപകടങ്ങൾ നടക്കാത്ത ദിനങ്ങൾ വിരളമാണ്. വലിയമല, വിതുര പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് അമിത വേഗം തലവേദന സൃഷ്ടിക്കുന്നത്.
കഞ്ചാവ് വില്പന സംഘങ്ങളും
പൊൻമുടി, ബോണക്കാട്, പേപ്പാറ ടൂറിസം മേഖലകളിൽ കഞ്ചാവ് വില്ക്കുവാനെത്തുന്ന സംഘങ്ങൾ ഈ റൂട്ടിലൂടെയാണ് ചീറിപ്പായുന്നത്. പൊലീസിന്റെയും എക്സൈസിന്റെയും കണ്ണ് വെട്ടിച്ച് വരുന്നതിനാൽ ശരവേഗതയിലാണ് പ്രയാണം. ഈ മരണപ്പാച്ചിലിൽ കാൽനട യാത്രക്കാരെയും മറ്റ് വാഹനയാത്രികരെയും ഇടിച്ചുതെറുപ്പിക്കും.
മന്നൂർക്കോണം, മുതൽ പൂങ്കാവനം വരെ
നെടുമങ്ങാട് - വിതുര റോഡിൽ മന്നൂർക്കോണം മുതൽ പൂങ്കാവനം ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങൾ പ്രധാന അപകട മേഖലകളാണ്. ഈ ഭാഗത്ത് അടുത്തിടെ റോഡ് ടാറിംഗ് നടത്തിയിരുന്നു. ഇതോടെ വാഹനങ്ങൾക്ക് ഇരട്ടി വേഗതയായി. അപകടമേഖലയാണെന്നും വാഹനങ്ങൾ വേഗത കുറച്ച് സഞ്ചരിക്കണമെന്നും ചൂണ്ടിക്കാട്ടി ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ശ്രദ്ധിക്കാറില്ല.