thadichukoodiya-janam

കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിലെ ആറാം വാർഡിലുൾപ്പെട്ട കണ്ണങ്കര ആലപ്പാട്ട് പ്രദേശത്ത് ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശ്മശാനം നിർമ്മിക്കാനൊരുങ്ങുന്നതറിഞ്ഞ് നാട്ടുകാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

സ്വകാര്യ വ്യക്തിയുടെ ഭൂമി വർക്കല ബ്ലോക്ക്‌ പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയാണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ശ്മശാന നിർമ്മാണത്തിന് നടപടിയെടുത്തിരിക്കുന്നതെന്നാണ് ആക്ഷേപം. ഇതിനെതിരെ പ്രദേശത്തെ ജനങ്ങൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്മശാന നിർമ്മാണത്തിനെതിരെ ആരോഗ്യവകുപ്പ് മന്ത്രി, ജില്ലാ കലക്ടർ, ആരോഗ്യവകുപ്പ് സെക്രട്ടറി, ബ്ലോക്ക്‌ പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകിയതായി കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് അറിയിച്ചു. കടുവയിൽ റസിഡന്റ്സ് അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, ബി.ജെ.പി വാർഡ്‌ കമ്മിറ്റി തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. സംഘടനകളും പൊതുജനങ്ങളും ചേർന്ന് ബ്ലോക്ക്‌ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.