1

നെയ്യാറ്റിൻകര:ലക്ഷങ്ങൾ ചെലവാക്കി ആശുപത്രി നവീകരിച്ചെങ്കിലും ആശുപത്രിയിലെത്തുന്ന ജനങ്ങളെ ടോയ്‌ലെറ്റ് ബുദ്ധിമുട്ടിപ്പിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപാണ് സർക്കാർ 5.99 ലക്ഷം രൂപ ചെലവാക്കി ആശുപത്രിയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.ട്രോബോ കെയർ, ഓപ്പറേഷൻ തിയേറ്റർ, ഈ ടോയ്ലറ്റ്, മരുന്ന് സൂക്ഷിക്കുന്നതിനുള്ള ഗോഡൗൺ എന്നീ നവീകരണ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയത്. ലാബിന് പിറകിലെ ടോയ്‌ലെറ്റ് നവീകരിക്കാൻ മാത്രം നടപടിയുണ്ടായില്ല. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ലാബിന് പിറകിലുള്ള ടോയ്‌ലെറ്റാണ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ കിടക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ലാബിൽ പരിശോധനയ്ക്ക് എത്തുന്നവരുമാണ് പൊട്ടിപ്പൊളിഞ്ഞ ടോയ്‌ലെറ്റ് കാരണം ബുദ്ധമുട്ടിലായത്.ലാബ് സ്ഥിതി ചെയ്യുന്ന കെട്ടിടം നിർമ്മിക്കുന്നതിന് മുൻപ് സ്ഥാപിച്ചതാണ് ഈ ടോയ്‌ലെറ്റുകൾ. കാലാകാലങ്ങളിൽ പല പുതിയ കെട്ടിടങ്ങൾ പണിയുമ്പോഴും ഈ ടോയ്ലറ്റുകൾ നവീകരിക്കാറില്ല. ആശുപത്രി അധികൃതരോ മറ്റാരും തന്നെ ഇതിനുള്ള നടപടികൾ എടുക്കുന്നില്ലെന്നാണ് പരാതി. ടോയ്‌ലെറ്റിനുവേണ്ടി നിർമ്മിച്ച ടാങ്ക് പൊട്ടിപ്പൊളിഞ്ഞ് മാലിന്യം ടാങ്കിനുള്ളിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന അവസ്ഥയാണ്. അതുകാരണം സമീപത്താകെ ദുർഗന്ധവും അസഹനീയമാണ്.