
തിരുവനന്തപുരം: മലമടക്കുകളിൽ നിന്നും മലഞ്ചരക്കിന്റെ മണ്ണിലേക്ക് കാറ്റ് വീശുന്നുണ്ട്. കുന്നിൻ മുകളിലെ അരുണ സൂര്യനെപ്പോലെ ചെമ്പട്ടുടുത്തു നിൽക്കുന്ന നെടുമങ്ങാട് ഇക്കുറി വീണ്ടും ചുവക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. 1957മുതൽ 1990 വരെയുള്ള ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിളങ്ങിയത് അരിവാളും നെൽക്കതിരും. ആ തിളക്കത്തെ ഒന്ന് മങ്ങലേൽപ്പിച്ചത് 1965-ൽ. കോൺഗ്രസ് നേതാവ് എസ്.വരദരാജൻ നായർ ജയിച്ചതാകട്ടെ സി.പി.ഐയുടെ പിന്തുണയോടെയും. അടുത്ത തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് ചുവപ്പിനെ പ്രണയിച്ചെങ്കിലും 1991 ൽ രാജീവ് ഗാന്ധിയുടെ വധത്തെ തുടർന്നുള്ള സഹതാപത്തിൽ കോൺഗ്രസിന് അനുഗ്രഹമായി.1991, 1996 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥി പാലോട് രവി വിജയിച്ചപ്പോൾ സി.പി.എെയൊന്ന് നടുങ്ങി. തുടർന്ന് വീണ്ടും രണ്ടു തവണ സി.പി.ഐ ക്ക് വിജയം. 2011 ൽ മണ്ഡലം വീണ്ടും കോൺഗ്രസ് ചായ്‌വ് കാട്ടിയെങ്കിലും 2016 ൽ സാക്ഷാൽ സി.ദിവാകരൻ പടനായകനായി വിജയക്കൊടി പാറിച്ചു. ബി.ജെ.പിയും മിന്നുന്ന പ്രകടനമാണ് കഴിഞ്ഞതവണ കാഴ്ചവച്ചത്.മാണിക്കൽ,പോത്തൻകോട്,അണ്ടൂർക്കോണം,വെമ്പായം,കരകുളം, നെടുമങ്ങാട് മുനിസിപ്പാലിറ്റി എന്നിവയാണ് നെടുമങ്ങാട് മണ്ഡലം.നായർ സമുദായത്തിനാണ് മുൻതൂക്കം. മുസ്ലിം,ഈഴവ സമുദായമാണ് പിന്നിൽ.
മണ്ഡല ചരിത്രം
1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥി എൻ.എൻ.പണ്ടാരത്തിലിനെ വിജയിപ്പിച്ചുകൊണ്ടാണ് നെടുമങ്ങാട് കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം പ്രകടിപ്പിച്ചത്. പി.എസ്.പി സ്ഥാനാർത്ഥി കെ.സോമശേഖർനായരെയാണ് പരാജയപ്പെടുത്തിയത്.1960ലും പണ്ടാരത്തിൽ വിജയിച്ചു.1965ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എസ്.വരദരാജൻ നായർ പണ്ടാരത്തിലിനെ തോൽപ്പിച്ചു.മൂന്നാം സ്ഥാനത്തേക്ക് സ്വതന്ത്ര സമരസേനാനി പൊന്നറ ശ്രീധർ പിന്തള്ളപ്പെട്ടു. എന്നാൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ പിരിച്ചുവിട്ടു.1967ലെ തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ കെ.ജി.കുഞ്ഞുകൃഷ്ണപിള്ള, വരദരാജൻ നായരെ തോൽപ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു.1970 ലും കുഞ്ഞുകൃഷ്ണപിള്ള വിജയം ആവർത്തിച്ചു.
1977ൽ സി.പി.ഐ നേതാവ് കണിയാപുരം രാമചന്ദ്രൻ വിജയിച്ചു.1980, 1982 ,1987 വർഷങ്ങളിൽ സി.പി.ഐ നേതാവ് കെ.വി.സുരേന്ദ്രനാഥ് വിജയിച്ചു.1991 ൽ കോൺഗ്രസിലെ പാലോട് രവി സി.പി.ഐ നേതാവ് കെ.ഗോവിന്ദപ്പിള്ളയെ പരാജയപ്പെടുത്തി. 1996 ലും പാലോട് രവി വിജയം ആവർത്തിച്ചു.എന്നാൽ 2001 ലും 2006ലും പാലോട് രവിയെ പരാജയപ്പെടുത്തി മാങ്കോട് രാധാകൃഷ്ണൻ മണ്ഡലം ഇടതു ചേരിയിൽ ഉറപ്പിച്ച് നിറുത്തി. 2011ൽ വീണ്ടും പാലോട് രവി വിജയിച്ചു.
സാദ്ധ്യത
സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കെ.പി.സി.സി സെക്രട്ടറി പി.എസ്. പ്രശാന്തിനെയാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. ബി.ജെ.പി നേതാവ് ജെ.ആർ.പദ്മകുമാർ, കെ.എ. ബാഹുലേയൻ എന്നിവരുടെ പേരുകളാണ് എൻ.ഡി.എയിൽ കേൾക്കുന്നത്.
2016 ൽ സി.ദിവാകരൻ (സി.പി.ഐ): 57,745 പാലോട് രവി (കോൺഗ്രസ്): 54,124 വി.വി. രാജേഷ് (ബി.ജെ.പി): 35,139