dd

വർക്കല: വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളം എത്തിക്കുന്നതിന് വാൽവുകൾ ക്രമീകരിക്കേണ്ടതുണ്ടെന്നും വർക്കല മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്നതിൽ നിന്നും ഒരു ദിവസം കൂടി കഴിഞ്ഞു മാത്രമേ കുടിവെള്ളം കിട്ടുകയുള്ളുവെന്നും പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വെള്ളം കരുതലോടെ ഉപയോഗിക്കണമെന്നും വാട്ടർ അതോറിട്ടി വർക്കല അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

വാട്ടർ ചാർജ്ജ് കുടിശികയുള്ള ഉപഭോക്താക്കൾ മാർച്ച് 31ന് മുൻപ് കുടിശിക അടച്ചില്ലെങ്കിൽ ഒരറിയിപ്പ് കൂടാതെ കണക്ഷൻ വിഛേദിക്കുമെന്നും റവന്യു റിക്കവറി നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അനധികൃതമായ ഹോസ് ഉപയോഗം, വലിയ അറകളിൽ വെള്ളം ശേഖരിക്കൽ, കൃഷി ആവശ്യത്തിനും വാഹനങ്ങൾ കഴുകുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും വാട്ടർ അതോറിട്ടിയുടെ വെള്ളം ഉപയോഗിക്കൽ തുടങ്ങിയവ കുറ്റകരമാണെന്നും ഇവ ശ്രദ്ധയിൽപ്പെട്ടാൽ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടി വരും. രേഖാ മൂലമല്ലാത്ത കണക്‌ഷനുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുമുതൽ ദുരുപയോഗം ചെയ്യുന്ന വകുപ്പ് പ്രകാരം നിയമ നടപടികൾ സ്വീകരിക്കും. അത്തരം കണക്‌ഷനുകനുകളുണ്ടെങ്കിൽ എത്രയുംവേഗം ക്രമപ്പെടുത്തേണ്ടതാണ്.

കുടിവെള്ളം കിട്ടുന്നില്ല

തെറ്റിക്കുളം മാടൻകാവ് പ്രദേശത്ത് ആഴ്ചകളായി കുടിവെള്ളം കിട്ടാക്കനിയാണ്. പലപ്രാവശ്യം അധികൃതരെ അറിയിച്ചെങ്കിലും ഒരു പരിഹാരവുമുണ്ടാകുന്നില്ലെന്ന് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി. സുഗതൻ പറയുന്നു. മുൻ വർഷങ്ങളിൽ ഇത്തരത്തിൽ വെളളം കിട്ടാതെ വരുമ്പോൾ പരാതിപ്പെട്ടാലുടനെ വാട്ടർ അതോറിട്ടി പരിഹാരം ഉണ്ടാക്കിയിരുന്നതാണ്. തോപ്പിൽ പമ്പ് ഹൗസിലെ ജീവനക്കാരുടെ അനാസ്ഥമൂലമാണ് ഇപ്പോൾ കുടിവെള്ളം കിട്ടാതായതെന്ന് പ്രദേശവാസികൾ അരോപിക്കുന്നു. ക്വാറന്റൈനിൽ കഴിയുന്ന കുടുംബങ്ങൾ ഈ പ്രദേശത്തുള്ളതിനാൽ അവ‌ർക്കെങ്കിലും കുടിവെള്ളമെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.