
കോട്ടയം: ഇടുക്കി ജില്ലയിൽ മയക്കുമരുന്ന് നിശാ പാർട്ടികൾ ഏറുന്നു. ബംഗളൂരു, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിൽ നിന്നും മയക്കുമരുന്നുകൾ എത്തിക്കുന്നത് ആഡംബര കാറുകളിലും ഓൺലൈൻ വഴിയായും. എന്നാൽ, അന്വേഷണം പ്രഹസനമാവുന്നതായി പരക്കെ ആരോപണം ഉയർന്നിട്ടുണ്ട്.
ലഹരി നിശാപാർട്ടിക്കിടയിൽ ഇന്നലെ വട്ടവടയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ എം.ഡി.എം.എയും ഹഷീഷും ഉണക്ക കഞ്ചാവും സഹിതം മൂന്നു പേരെ പിടികൂടിയിരുന്നു. വാഗമണ്ണിൽ മാസങ്ങൾക്കുമുമ്പ് ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരി നിശാ പാർട്ടിക്ക് എത്തിയ വനിതകളടക്കം 58 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത് നാടിനെ ഞെട്ടിച്ച സംഭവമായിരുന്നു. ഈ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്നതിനിടയിലാണ് വട്ടവടയിലും ലഹരി നിശാ പാർട്ടി നടന്നത്.
സീരിയൽ നടി അടക്കമുള്ള ഉന്നതരാണ് വാഗമൺ ലഹരി നിശാപാർട്ടിയിൽ പങ്കെടുക്കാനെത്തിയത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി വൻ ലഹരി വേട്ടകളാണ് ഇടുക്കി ജില്ലയിൽ നടന്നത്. പുതുവത്സരദിനത്തിൽ 10.5 കിലോ കഞ്ചാവുമായി കൊന്നത്തടിയിൽ നാല് പേർ പിടിയിലായിരുന്നു. ഫെബ്രുവരി ഏഴിന് വണ്ടന്മേടിന് സമീപം ആമയാറിൽ 16.5 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിലായി. ഫെബ്രുവരി 26ന് കുമളിയിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലുമടക്കം ഒന്നരക്കോടി രൂപയുടെ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. ഈ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് മാസത്തിനിടെ നടന്ന വൻലഹരി വേട്ടകൾ മാത്രമാണിത്. എന്നാൽൻ മിക്ക കേസുകളിലും അന്വേഷണം നടന്നുവരുന്നതായാണ് പൊലീസും എക്സൈസും വെളിപ്പെടുത്തുന്നത്.
ഹാഷിഷും എം.ഡി.എം.എയും വട്ടവടയിൽ എത്തിച്ചത് ഓൺലൈനായി ബുക്ക് ചെയ്ത് ആയിരുന്നുവെന്ന് പിടിയിലായവർ എക്സൈസിനോട് വ്യക്തമാക്കിയിരുന്നു. വാഗമൺ നിശാക്യാമ്പിൽ മാരക മയക്കുമരുന്ന് എത്തിച്ചത് ആഡംബര കാറുകളിലായിരുന്നു. ബംഗളൂരുവിൽ പഠിക്കുന്ന കുട്ടികളെ ഉപയോഗിച്ചും മാരക മയക്കുമരുന്നുകൾ എത്തിച്ചിരുന്നു.
പരിശോധന ഒഴിവാക്കാൻ ആഡംബരകാറുകൾ
ആഡംബര കാറുകളിൽ ലഹരി എത്തിക്കുന്നതിനാൽ മിക്കപ്പോഴും പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനയിൽ നിന്ന് ഒഴിവാകും. മാരക മയക്കുമരുന്ന് കടത്തുന്ന വാഹനത്തോടൊപ്പം ഒന്നിൽ കൂടുതൽ വാഹനങ്ങളും അകമ്പടി സേവിക്കും. സംശയം തോന്നിയാലുടൻ വാഹനത്തിൽ നിന്ന് സാധനം മാറ്റി കൂടെയുള്ള വാഹനത്തിലേക്ക് മാറ്റി രക്ഷപെടുകയാണ് പതിവ്.
നിശാക്യാമ്പുകളിൽ ആളുകളെ കൂട്ടിയിരുന്നത് വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് വഴി ബന്ധപ്പെട്ടായിരുന്നു. സ്ത്രീകളെ ഉപയോഗിച്ചാണ് കൂടുതലും ബുക്കിംഗ് നടന്നിരുന്നതെന്ന് കണ്ടെത്തിയിരുന്നു. അതീവ രഹസ്യമായാണ് പാർട്ടിക്ക് ആളുകളെ വിളിക്കുക.
കഞ്ചാവ് പോലുള്ള നാച്ചുറൽ ലഹരികളിൽ നിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗം കൂടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.
എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പും പോലുള്ളവയാണ് സിന്തറ്റിക് ലഹരികൾ. ഇവയ്ക്ക് വില കൂടുതലാണെങ്കിലും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണെന്നതും മണിക്കൂറുകളോളം ഇതിന്റെ ലഹരി നിൽക്കുമെന്നതുമാണ് ലഹരി ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്.
ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം
പരിശോധനകൾ കുറഞ്ഞു
പുതുവൽസരാഘോഷമുൾപ്പെടെയുള്ള ആഘോഷപരിപാടികൾക്ക് പതിവായി നിശാപാർട്ടികളും ലഹരി നുരയുന്ന സുഹൃദ് സംഗമങ്ങളും പതിവാക്കിയ ഇടുക്കി ജില്ലയിൽ ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊലീസും എക്സൈസും പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിരുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് - എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയോടെ നിരീക്ഷണവും പരിശോധനയുമെല്ലാം പതിവിൻ പടിയായി. തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതലയ്ക്കായി നിയുക്തരായെത്തിയ പുതിയ ഉദ്യോഗസ്ഥർക്കാകട്ടെ മയക്കുമരുന്ന് മാഫിയയുടെ പിന്നാലെ നടക്കാൻ സമയമില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മീറ്റിംഗുകളും പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട ക്രമസമാധാന ചുമതലകളും സ്റ്റേഷനിലെ പതിവ് ജോലികൾക്കും തിരക്കുകൾക്കുമിടെ ലഹരി മാഫിയയെ നിരീക്ഷിക്കാനോ അവരെ പിടികൂടാനോ സാധിക്കാറില്ല. ഇക്കാര്യങ്ങൾ മനസിലാക്കിയാണ് ലഹരി മാഫിയ സംഘങ്ങൾ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിശാപാർട്ടികൾ നടത്താൻ തയ്യാറായെത്തുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വരുംദിവസങ്ങളിൽ വാഹന പരിശോധനയും നിരീക്ഷണവും ശക്തമാകുമെന്നിരിക്കെ ലഹരി വസ്തുക്കൾ മുൻകൂട്ടി സംഭരിച്ച് വച്ചശേഷം നാടാകെ തിരഞ്ഞെടുപ്പിന്റെ ഞെരിപിരിയിലാകുമ്പോൾ വിജനമായ സ്ഥലങ്ങളിലും മലമടക്കുകളിലും നിശാപാർട്ടികൾ സംഘടിപ്പിക്കാൻ മാഫിയാ സംഘങ്ങൾ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്റലിജൻസ് ഇക്കാര്യം മുൻകൂട്ടി സർക്കാരിനെ അറിയിച്ചതോടെ വരും ദിവസങ്ങളിൽ സംശയകരമായുള്ള സ്ഥലങ്ങളിൽ പരിശോധനകളും നിരീക്ഷണവും ശക്തമാക്കാൻ എക്സൈസ് നടപടി സ്വീകരിച്ചിട്ടുണ്ട്.