
തൃക്കാക്കര: തൃക്കാക്കര വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഇലക്ഷൻ ക്യാമ്പിൽ കൈയാങ്കളി. മൂന്നു പേർക്ക് പരിക്കേറ്റു. ഇടപ്പള്ളി സെന്റ് ജോർജ് പാരിഷ് ഹാളിൽ പി.ടി.തോമസ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിലാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
തൃക്കാക്കര വെസ്റ്റ് കമ്മറ്റിയിലെ രണ്ടു ബൂത്തുകൾ പുന:സംഘടിപ്പിച്ച തർക്കമാണ് കാരണം. പുന:സംഘടന കെ.പി.സി.സി മരവിപ്പിച്ചിരുന്നു. ഇലക്ഷൻ ക്യാമ്പിൽ രണ്ടു ബൂത്ത് പ്രസിഡന്റുമാരെ ഐ ഗ്രൂപ്പ് നേതാക്കൾ പങ്കെടുപ്പിച്ചതിനെ എ ഗ്രൂപ്പ് നേതാക്കൾ എതിർത്തതാണ് സംഘർഷത്തിൽ കലാശിച്ചത്.
തൃക്കക്കര നഗരസഭ മുൻ ചെയർമാനും ഐ ഗ്രൂപ്പ് നേതാവുമായ ഷാജി വാഴക്കാല യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മൻസൂറിനെ കസേരകൊണ്ട് തലക്ക് അടിച്ചതായി പരാതിയിൽ പറയുന്നു. മൻസൂറിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് നവാസിന് കൈക്കും പരിക്കുണ്ട്. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പന്റെ ഭർത്താവ് തങ്കപ്പൻ, മുഹമ്മദ് റസൽ, സുനിൽകുമാർ, സിജിത്ത്, ബിനോയ് ഡിക്രൂസ് എന്നിവർക്കും കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
പരിക്കേറ്റ് ചികിത്സ തേടിയ ഐ ഗ്രൂപ്പ് പ്രാദേശിക നേതാവും യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ റസലിനെ തൃക്കാക്കര സഹകരണ ആശുപത്രി പരിസരത്തുവച്ച് ഒരു വിഭാഗം വീണ്ടും ആക്രമിച്ചു. ഈ സംഭവത്തിൽ 15 പേർക്കെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തു.