shibu

തിരുവനന്തപുരം:ബിഷപ്പ് ഹൗസിലെ വികാരി എന്ന വ്യാജേന എത്തി കഴക്കൂട്ടം പുളിയംകോടുളള യുവതിയുടെ സ്വർണ ബ്രേസ്‌‌ ലെറ്റ് പിടിച്ചുപറിച്ച പ്രതിയെ പിടികൂടി. കാഞ്ഞിരംകുളം ചാണി പണ്ടാരവിള കനാൽ കോട്ടേജിൽ ഷിബു.എസ്.നായരെയാണ് (42)കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിൽ 20ഓളം കേസുകളുണ്ട്.

കഴിഞ്ഞ നാലിനായിരുന്നു സംഭവം. പുളിയംകോട് പ്രിയദർശിനി നഗറിലെ പല വീടുകളിലും കയറിയിറങ്ങിയ പ്രതി ബിഷപ്പ് ഹൗസിലെ വികാരിയാണെന്നും പാവപ്പെട്ടവർക്കായി വീട് വയ്ക്കുന്നതിന് ബിഷപ്പ് ഹൗസിൽ നിന്ന് ധനസഹായം ഏർപ്പാടാക്കാമെന്നും അതിനായി 7500 രൂപയും ഐ.ഡി കാർഡും നൽകണമെന്ന് പറഞ്ഞ് രാവിലെ 11ന് യുവതിയുടെ വീട്ടിലെത്തി. യുവതിയുടെ ഭർത്താവിന്റെ സഹോദരിയ്ക്കും ധനസഹായം നൽകാമെന്ന് വിശ്വസിപ്പിച്ചു. സഹോദരി തൊട്ടടുത്ത ബന്ധു വീട്ടിലേയ്ക്ക്‌പോയ തക്കംനോക്കി യുവതിയുടെ കൈയിൽ കിടന്ന ബ്രേസ് ലെറ്റ് പൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നു കളയുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സമാനരീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായി കണ്ടെത്തിയത്. ഒളിവിലായിരുന്ന പ്രതിയെ കഴക്കൂട്ടം സി.ഐ ബിജു, എസ്.ഐമാരായ വിപിൻ കുമാർ,ഗോപകുമാർ,ഷാഡോ ടീം എസ്.ഐ അരുൺ കുമാർ,സി.പി.ഒമാരായ ബൈജു, അൻസിൽ,അരുൺ,സുജിത്,ഷിബിൻ,ബിനു എന്നിവരും ഷാഡോ ടീം അംഗങ്ങളും ചേർന്നാണ് പിടികൂടിയത്. റിമാൻഡ് ചെയ്തു.