തിരുവനന്തപുരം: തലസ്ഥാനത്ത് സി.പി.ഐ മത്സരിക്കുന്ന നെടുമങ്ങാട്ടേക്ക് ജില്ലാ സെക്രട്ടറി അഡ്വ. ജി.ആർ. അനിലിനെയും ചിറയിൻകീഴിലേക്ക് ഡെപ്യൂട്ടി സ്പീക്കർ വി. ശശിയെയും നിർദ്ദേശിക്കാൻ അതത് മണ്ഡലം കമ്മിറ്റി യോഗങ്ങളുടെ പച്ചക്കൊടി.

ഇന്നലെ രാവിലെ ചിറയിൻകീഴിലും ഉച്ചയ്‌ക്ക് ശേഷം നെടുമങ്ങാട്ടുമായിരുന്നു യോഗങ്ങൾ. ചിറയിൻകീഴിലേക്ക് ശശിക്ക് പുറമേ മനോജ് ബി. ഇടമനയുടെ പേര് കൂടി ഉൾപ്പെടുത്തിയുള്ള ജില്ലാ എക്സിക്യൂട്ടീവിന്റെ പാനൽ അതേരീതിയിൽ തന്നെ അംഗീകരിച്ച് മടക്കി. ശശിക്ക് മുൻതൂക്കം കിട്ടുമെന്നുറപ്പായിട്ടുണ്ട്.

ഇന്ന് രാവിലെ ജില്ലാ എക്സിക്യൂട്ടീവും തുടർന്ന് കൗൺസിലും ചേർന്ന് പട്ടിക അന്തിമമായി അംഗീകരിച്ച ശേഷം ചർച്ചയുടെ മിനിട്സ് സഹിതം സംസ്ഥാന സെന്ററിന് നാളെ കൈമാറും. ഒമ്പതിന് സംസ്ഥാന എക്സിക്യൂട്ടീവും കൗൺസിലും യോഗം ചേരും.