
തിരുവനന്തപുരം:മന്ത്രിമാരെയും സ്‌പീക്കറെയും അപകീർത്തിപ്പെടുത്തുക എന്ന തിരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ കസ്റ്റംസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ ബി. ജെ. പിക്കും കോൺഗ്രസിനും വേണ്ടി വിടുവേല ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. കേരളത്തിൽ കസ്റ്റംസാണ് 'പ്രചാരണപദ്ധതി' നയിക്കുന്നതെന്നും കസ്റ്റംസ് കമ്മിഷണർ ഹൈക്കോടതിയിൽ നൽകിയ പ്രസ്താവന ഇതിന്റെ തെളിവാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വപ്‌ന സുരേഷ് 164 പ്രകാരം കോടതിയിൽ നൽകിയ രഹസ്യമൊഴി പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
2020 നവംബറിൽ ഈ രഹസ്യമൊഴിയിൽ എന്തുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും അത് ഏറ്റുപിടിച്ച് പ്രതിപക്ഷ നേതാവും പ്രസ്താവന ഇറക്കി. അവർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വന്നിരിക്കയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ആരോപണം വാരിവിതറി പുകപടലമുയർത്തി പൂഴിക്കടകൻ ഇഫക്ട് ഉണ്ടാക്കാനാണ് ഭാവം. കേന്ദ്രത്തിലെ ഭരണകക്ഷിയുടെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ കസ്റ്റഡിയിലുള്ള പ്രതിയുടെ മാനസിക ചാഞ്ചല്യം അന്വേഷണ ഏജൻസികൾ മുതലെടുക്കുന്നു. സമ്മർദ്ദം ചെലുത്തി എന്തെങ്കിലും പറയിച്ചാൽ തെളിവുകളുടെ പിൻബലമില്ലാത്തതിനാൽ മുന്നോട്ടു നീങ്ങാനാവാതെ വരും. അതെല്ലാം മറന്ന് തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രസ്താവന നൽകുകയും അത് മാദ്ധ്യമങ്ങളിൽ എത്തിക്കുകയും ചെയ്യുന്നത് ബി.ജെ.പിക്കും കോൺഗ്രസിനും വേണ്ടിയുള്ള വിടുവേലയാണ്.
ഹൈക്കോടതിയിലെ കേസിൽ കസ്റ്റംസ് കമ്മിഷണർ എതിർകക്ഷിയല്ല. സ്വപ്ന സുരേഷും കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ടുമാണ് എതിർകക്ഷികൾ. എതിർകക്ഷിയല്ലാത്ത ഒരാൾ കോടതിയിൽ ഇത്തരം പ്രസ്താവന നൽകുന്നത് കേട്ടുകേൾവിയില്ല. ജൂലൈ മുതൽ വിവിധ ഏജൻസികളുടെ കസ്റ്റഡിയിലാണ് സ്വപ്ന സുരേഷ്. മറ്റൊരു ഏജൻസിയോടും പറയാത്ത കാര്യങ്ങൾ കസ്റ്റംസിന്റെ കസ്റ്റഡിയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അതിനു കാരണമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.
@കൃത്യമായ കളികൾ
കസ്റ്റംസിലെ ചില ഉദ്യോഗസ്ഥർ പറയുന്നതാണ് ഒരുകൂട്ടർക്ക് ആയുധമെന്നും ഇതിൽ ചില കളികൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണടച്ച് പാലുകുടിച്ചാൽ ആർക്കും മനസിലാവില്ല എന്ന ചിന്ത പൂച്ചകൾക്കേ ചേരൂ. കസ്റ്റംസിന്റെ രീതികൾ കണ്ടതാണ്. കോൺഗ്രസ്, ബി. ജെ. പി 'കേരളതല സഖ്യം' സ്വർണ്ണക്കടത്ത് ആഘോഷിച്ചപ്പോൾ ആദ്യം വന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയാണ്. ഓഫീസിൽ നിന്ന് കസ്റ്റംസിനെ വിളിച്ചു എന്നായിരുന്നു ആരോപണം. അന്നത്തെ കസ്റ്റംസ് ജോയിന്റ് കമ്മിഷണറോട് മാദ്ധ്യമങ്ങൾ തിരക്കിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്നാണ് പറഞ്ഞത്. സത്യം പറഞ്ഞ ആ ഉദ്യോഗസ്ഥനെ നാഗ്പൂരിലേക്കാണ് നാടുകടത്തിയത്. പത്ത് അന്വേഷണ ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സ്ഥലംമാറ്റിയതും ഒരു അസിസ്റ്റന്റ് കമ്മിഷണറെ പൊടുന്നനെ മാറ്റിയതും എന്തിനായിരുന്നെന്നും മുഖ്യമന്ത്രി ചോദിച്ചു.