
തിരുവനന്തപുരം: ഹിറ്റ്ലറുടെയും മുസോളിനിയുടെയും പാതയിലൂടെയാണ് മോദിയും അമിത് ഷായും സഞ്ചരിക്കുന്നതെന്നും മുസോളിനിയുടെ നിയമങ്ങൾ ഇന്ത്യയുടെ സാഹചര്യത്തിന് അനുയോജ്യമായ വിധത്തിൽ നടപ്പാക്കാനാണ് ആർ.എസ്. എസ് ശ്രമിക്കുന്നതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു.
ഇന്ത്യയെ രക്ഷിക്കൂ ഭരണഘടനയെ പരിരക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ നയിക്കുന്ന സേവ് ഇൻഡ്യാ റാലിയുടെ ഫ്ലാഗ് ഓഫ് ഗാന്ധി പാർക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിൽ ഇന്ത്യൻ പൗരത്വത്തിന് മതം ബാധകമല്ലെന്ന് എഴുതിയിട്ടുണ്ടെങ്കിലും അതിന് എതിരായാണ് സി.എ.എ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
റാലിയുടെ പതാക പ്രൊഫ . മുഹമ്മദ് സുലൈമാന് നൽകി എം.എ. ബേബി നിർവഹിച്ചു.
ഐ.എൻ.എൽ സംസ്ഥാന ഉപാധ്യക്ഷൻ എം.എം. മാഹീൻ അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ, എ.പി.അബ്ദുൽ വഹാബ്,ആന്റണി രാജു,കാസിം ഇരിക്കൂർ, ഡോ.എ.എ.അമീൻ, ബി.ഹംസ ഹാജി, അഡ്വ. ഉമ്മർ ഷരീഫ് ,ആസിഫ് അൻസാർ തുടങ്ങിയവർ പങ്കെടുത്തു.