
തിരുവനന്തപുരം: ആർ.സി.സിയിൽ ചികിത്സയ്ക്കെത്തുന്ന കാൻസർ രോഗികൾക്ക് സൗജന്യമായി താമസവും ഭക്ഷണവുമൊരുക്കുന്ന ക്രാബ് ഹൗസിന്റെ ഉദ്ഘാടനം മിസോറം മുൻ ഗവർണർ വക്കം പുരുഷോത്തമൻ നിർവഹിച്ചു.
ഏറ്റവുമധികം സഹായം ആവശ്യമുള്ള കാൻസർ രോഗികൾക്കായി ഇത്തരമൊരു സംരംഭം ഒരുക്കിയ കാൻസർ റെമഡി അസിസ്റ്റൻസ് ബ്യൂറോയുടേയും (ക്രാബ്)സെക്രട്ടറി സജി കരുണാകരന്റെയും പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണ്. പ്രതീക്ഷിച്ചതിലും വേഗത്തിൽ അതിഗംഭീരമായി ഈ വീടുയർന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും വക്കം പറഞ്ഞു.
ക്രാബ് പ്രസിഡന്റ് ഡോ.ആർ. രാജേന്ദ്രൻ നായർ അദ്ധ്യക്ഷനായി. ശശി തരൂർ എം.പിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. ട്രഷറർ ജി.ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദൈനംദിന ചെലവുകൾക്കായുള്ള ധനസംഭരണം ആനടിയിൽ ആശുപത്രി എം.ഡി ഡോ. എസ്. അരുൺകുമാറിൽ നിന്ന് ധനസഹായം ഏറ്റുവാങ്ങി റിട്ട. ജസ്റ്റിസ് ആർ. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. റിട്ട. ജസ്റ്റിസ് എസ്. സിരിജഗൻ, ന്യൂ അൽ അയിൻ ക്ലിനിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. സുധാകരൻ, ഡോ.ഷാജി പ്രഭാകരൻ, ഡോ.എസ്.എസ്. ലാൽ, കൗൺസിലർ എസ്.സുരേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ആർ.സുഗതൻ സ്വാഗതവും ക്രാബ് സെക്രട്ടറി സജി കരുണാകരൻ നന്ദിയും പറഞ്ഞു.കേരളകൗമുദി ഡയറക്ടർമാരായ ഷൈലജാരവി, ലൈസ ശ്രീനിവാസൻ എന്നിവർ സന്നിഹിതരായിരുന്നു.ആർ.സി.സിയിൽ നിന്നു മുക്കാൽ കിലോ മീറ്റർമാത്രം അകലെ കുഞ്ചുവീട് ക്ഷേത്രത്തിനു സമീപമാണ് ക്രാബ് ഹൗസ്. 10 സെന്റ് സ്ഥലത്ത് മൂന്ന് നിലകളിലായി ഒരുക്കിയ കെട്ടിടത്തിൽ 40 രോഗികൾക്കും 40 കൂട്ടിരിപ്പുകാർക്കും താമസിക്കാനുള്ള സൗകര്യമുണ്ട്. പത്ത് ബെഡ് കുട്ടികൾക്കായി മാറ്റിവച്ചിരിക്കുകയാണ്.
രോഗികൾക്കുള്ള ഭക്ഷണവും ഇവിടെനിന്ന് നൽകും. ആർ.സി.സിയിൽ നിന്ന് ലഭിക്കുന്ന ചികിത്സാരേഖകളനുസരിച്ചാണ് പ്രവേശനം. ഒന്നാംനില കേരളകൗമുദി മാനേജിംഗ് ഡയറക്ടറായിരുന്ന എം.എസ്. ശ്രീനിവാസന്റെയും ചീഫ് എഡിറ്ററായിരുന്ന എം.എസ്. രവിയുടെയും സ്മരണയ്ക്കായി കേരളകൗമുദി സമർപ്പിച്ചിട്ടുള്ളതാണ്. വർഷങ്ങൾക്കു മുൻപേ ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ നേതൃത്വത്തിൽ ആരംഭിച്ച ക്രാബ് ഹൗസ് മെഡിക്കൽ കോളേജിനു സമീപം വാടകകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്വന്തമായി ഒരു കെട്ടിടം വേണമെന്ന സംഘടനയുടെ ദീർഘകാലത്തെ ആഗ്രഹമാണ് സഫലമായിരിക്കുന്നത്. ആർ.സി.സി - മെഡിക്കൽ കോളേജ് റോഡിലൂടെയും ആക്കുളം ഐറ്റിക്കോണം വഴിയും ഇവിടെയെത്താം. വിവരങ്ങൾക്ക്: സജി കരുണാകരൻ 9747548686, 9447028686.