ambika

തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ ബി.സത്യനു പിൻഗാമിയായി മത്സരിക്കാനുള്ള സി.പി.എം നിർദ്ദേശം ഒ.എസ് അംബികയെ ശരിക്കും ഞെട്ടിച്ചു. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചോദിച്ചാൽ, അച്ചടക്കമുള്ള പാർട്ടി പ്രവർത്തനത്തിനും ചിട്ടയായ പൊതുപ്രവർത്തനത്തിനും പാർട്ടി നൽകിയ അംഗീകരമായി കാണുന്നുവെന്ന് വിനീതമായ മറുപടി. വനിതാ പ്രാതിനിദ്ധ്യം ഉറപ്പാക്കുക എന്ന സി.പി.എം നിലപാടും ഗുണം ചെയ്‌തു.

ചർച്ചകളുടെ ആദ്യഘട്ടത്തിൽ അംബികയുടെ മകനും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായ വി.എ. വിനേഷിന്റെ പേരാണ് മണ്ഡലത്തിൽ കേട്ടത്. പിന്നീടാണ് നിയോഗം അംബികയിലേക്ക് എത്തുന്നത്. ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗമായ അംബിക നിലവിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‌ന്റാണ്. ഇടയ്‌ക്കോട് വാ‌‌ർഡിൽ നിന്ന് 1548 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. മുദാക്കൽ ഗ്രാമപഞ്ചായത്തിൽ രണ്ടു തവണ പ്രസിഡന്റ്.

ചെമ്പഴന്തി എസ്.എൻ കോളേജിൽ പ്രീഡിഗ്രി വിദ്യാഭ്യാസം പൂ‌ർത്തിയാക്കിയ അംബിക യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തേക്ക് ചുവടുവച്ചത്. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രവർത്തക സമിതി അംഗം. സർക്കാർ ജീവനക്കാരായിരുന്ന സുകുമാരന്റെയും ഓമനയുടെയും രണ്ടാമത്തെ മകളായി 1966 ൽ വിഴിഞ്ഞത്തായിരുന്നു ജനനം.1989 ൽ വിവാഹം കഴിഞ്ഞതോടെ ആറ്റിങ്ങൽ കോരാണിയിലെ ചായക്കോട്ടേക്ക് മാറി. ഭർത്താവ് റിട്ട. കെ.എസ്.ആർ.ടി,സി ഉദ്യോഗസ്ഥൻ കെ.വാരിജാക്ഷൻ പി.കെ.എസ് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. മൂത്തമകൻ വി.എ. വിനീത് ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറിയും ഇളയ മകൻ വി.എ വിനേഷ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും.

വലിയ വെല്ലുവിളി

കഴിഞ്ഞ തവണ ബി.സത്യൻ 40,383 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും നൽകുന്ന സൂചനകൾ ഇടതു ക്യാമ്പിന് അത്ര ആശ്വാസം പകരുന്നതല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഹാട്രിക് വിജയം പ്രതീക്ഷിച്ച എ.സമ്പത്തിന് കനത്ത തിരിച്ചടി നേരിട്ടു. ആ ക്ഷീണം തദ്ദേശത്തിലും കണ്ടു. ഇൗ സാഹചര്യത്തിൽ പാർട്ടി അംബികയെ എല്പിക്കുന്നത് വലിയ ഉത്തരവാദിത്വം.