കടയ്ക്കാവൂ‍ർ : കടയ്ക്കാവൂ‍രിൽ സന്ധ്യയായാൽ ടോർച്ച് ലൈറ്റ് ഉണ്ടെങ്കിലേ റോഡിലിറങ്ങാനാകൂ എന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ചു വർഷമായി ഈ പഞ്ചായത്തിൽ തെരുവുവിളക്കുകൾ ശരിയായി പ്രകാശിക്കാതെയായിട്ട്. തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് കോൺട്രാക്ട് കൊടുത്തിട്ടുണ്ടെങ്കിലും സ്ഥാപിക്കുന്ന തെരുവുവിളക്കുകളുടെ ആയുസ് നാലോ അഞ്ചോ ദിവസമായിരിക്കും, പിന്നെ കത്താതെയാകും. പരാതി ലഭിക്കുമ്പോൾ ഉടൻ ശരിപ്പെടുത്തുമെന്ന മറുപടിയാണ് അന്നത്തെ പഞ്ചായത്ത്‌ പ്രസിഡന്റിൽ നിന്ന് പരാതിക്കാർക്ക് ലഭിച്ചിരുന്നത്. എന്നാൽ​ തെരുവ് വിളക്കുകൾ കത്തുകയില്ലെന്നുള്ളതാണ് സത്യം.

നിലവാരം കുറഞ്ഞ തെരുവ് വിളക്കുകളാണ് സ്ഥാപിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ചില പഞ്ചായത്ത്‌ മെമ്പർമാർ പോലും കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തെരുവുവിളക്കുകൾ കത്താത്തതിനെപ്പറ്റി പരാതികൾ പറഞ്ഞിട്ടുണ്ടെന്നാണറിയുന്നത്. പുതിയ ഭരണസമിതി വന്നപ്പോൾ ഇതിനൊരു പരിഹാരം ഉണ്ടാകുമെന്നാണ് നാട്ടുകാർ പ്രതീക്ഷിച്ചത്. പക്ഷെ ഫലം ഉണ്ടായില്ല.

രാത്രിയിൽ തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം വളരെ കൂടുതലാണ്. ബസുകളിലും മറ്റു വാഹനങ്ങളിലും രാത്രി വന്നിറങ്ങുന്ന യാത്രക്കാർ വീടുകളിലെത്താൻ പ്രയാസപ്പെടുകയാണ്. തെരുവുവിളക്കുകൾ കത്താത്തത് സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാക്കിയിട്ടുണ്ട്. പുതിയ പഞ്ചായത്ത്‌ ഭരണസമിതി തെരുവ് വിളക്കുകൾ കത്താത്തതിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.