
നാഗർകോവിൽ: തമിഴ്നാട്ടിൽ എ.ഐ.ഡി.എം.കെ - ബി.ജെ.പി സഖ്യം തിരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കന്യാകുമാരിയിൽ എത്തിയതായിരുന്നു അമിത് ഷാ.
തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ ഇന്നലെ രാവിലെ 10 മണിക്ക് മറവൻകുടി പൊലീസ് ക്യാമ്പിൽ എത്തിയ അദ്ദേഹം, റോഡുമാർഗം ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. തുടർന്ന് ശുചീന്ദ്രത്തിലെ വീടുകൾ സന്ദർശിച്ച് പൊൻ രാധാകൃഷ്ണന് വേണ്ടി വോട്ടുകൾ ചോദിച്ചു. കാറിൽ ചെട്ടികുളം മുതൽ വേപ്പമൂട് ജംഗ്ഷൻ വരെ റോഡ് ഷോ നടത്തി ജനങ്ങളെ അഭിസംബോധന ചെയ്തു. വെപ്പമൂട് ജംഗ്ഷനിലെ കാമരാജിന്റെ ശിൽപത്തിൽ മാല അണിയിച്ചശേഷം 12.30ന് വടശ്ശേരി ഉടുപ്പി ഇന്റർനാഷണൽ ഹോട്ടലിൽ ബി.ജെ.പിയുടെ കാര്യകർത്ത സഭയിൽ പങ്കെടുത്തു. പൊലീസ് ക്യാമ്പ് ഓഫീസിൽ എത്തി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് മടങ്ങി.