
തിരുവനന്തപുരം: കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 1957 മുതലിങ്ങോട്ട് വനിതകളോട് നിയമസഭ കാര്യമായ പരിഗണന കാട്ടാഞ്ഞത് 1967 മുതൽ 79 വരെയുള്ള പന്ത്രണ്ടു വർഷത്തിനിടയിൽ. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ കേരള നിയമസഭയ്ക്ക് കാലാവധി കഴിഞ്ഞും രണ്ടു വർഷം നീട്ടിക്കിട്ടിയപ്പോൾ ആ ഏഴ് വർഷക്കാലവും സഭയിലുണ്ടായിരുന്നത് രണ്ടേ രണ്ട് വനിതാ സാമാജികർ! അരൂരിൽ കമ്മ്യൂണിസ്റ്റ് കരുത്തിന്റെ പ്രതീകമായ കെ.ആർ. ഗൗരി സി.പി.എം പ്രതിനിധിയായും മൂവാറ്റുപുഴയിൽ പെണ്ണമ്മ ജേക്കബ് സ്വതന്ത്രയായും ആ നിയമസഭയിലുണ്ടായി.
67- 70 ൽ ഗൗരി അമ്മയും 77- 79 ൽ സി.പി.ഐയിലെ ഭാർഗവി തങ്കപ്പനും മാത്രം! അതായത്, മൂന്നും നാലും അഞ്ചും നിയമസഭകളിൽ വനിതാപ്രാതിനിദ്ധ്യം നാമമാത്രമായി. എന്നാൽ പത്താം കേരള നിയമസഭയിൽ 1996-2001 കാലത്ത് 13 വനിതകളെ സഭയിലെത്തിച്ചു, കേരള ജനത. അതിനു മുമ്പും ശേഷവുമെടുത്താൽ ശരാശരി എട്ട് ആണ് കേരള നിയമസഭയിലെ വനിതാ പ്രാതിനിദ്ധ്യം.
സി.പി.ഐയിലെ സി. അച്യുതമേനോൻ മുഖ്യമന്ത്രി. സി.പി.ഐയും മുസ്ലിംലീഗും ആർ.എസ്.പിയും ചേർന്ന ഐക്യമുന്നണിക്ക് കോൺഗ്രസ് ആദ്യം പുറത്തു നിന്ന് പിന്തുണ നൽകി. പിന്നീട് മന്ത്രിസഭയുടെ ഭാഗമായപ്പോൾ കെ. കരുണാകരൻ ആഭ്യന്തരമന്ത്രിയുമായി. 1957 മുതൽ 2006 വരെ നടന്ന തിരഞ്ഞെടുപ്പുകളെടുത്താൽ കമ്മ്യൂണിസ്റ്റ് നായിക കെ.ആർ. ഗൗരി അമ്മ 2006 വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്. 1977ലും 2006ലും അരൂരിൽ പരാജയമറിഞ്ഞു. അതിനും ശേഷം മത്സരിച്ചിട്ടില്ല.
1957ലെ ഒന്നാം നിയമസഭയിലേക്ക് ജയിച്ചുവന്നത് അഞ്ചു വനിതകളാണ്. മൂന്ന് പേർ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും രണ്ട് പേർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും പ്രതിനിധികൾ. ഐഷ ബായി (കായംകുളം), കെ.ആർ. ഗൗരി (ചേർത്തല), റോസമ്മ പുന്നൂസ് (ദേവികുളം) എന്നിവർ സി.പി.ഐയുടെയും കുസുമം ജോസഫ് (കരിക്കോട്), ലീല ദാമോദരമേനോൻ (കുന്ദമംഗലം) എന്നിവർ കോൺഗ്രസിന്റെയും. 1960ൽ ഐഷ ബായി (കായംകുളം), കെ.ആർ. ഗൗരി (ചേർത്തല), എന്നിവർ സി.പി.ഐയുടെയും കെ.ആർ. സരസ്വതി അമ്മ (ചെങ്ങന്നൂർ), നബീസത്ത് ബീവി (ആലപ്പുഴ), ലീല ദാമോദരമേനോൻ (കുന്ദമംഗലം), കുസുമം ജോസഫ് (കരികോട്), ഒ.ടി. ശാരദ കൃഷ്ണൻ (കോഴിക്കോട്1) എന്നിവർ കോൺഗ്രസിന്റെയും പ്രതിനിധികളായി.
ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ ചേരാനാവാതെ പോയ 1965ലെ തിരഞ്ഞെടുപ്പിൽ അരൂരിൽ നിന്ന് കെ.ആർ. ഗൗരി അമ്മയും മാരാരിക്കുളത്ത് നിന്ന് സുശീല ഗോപാലനും സി.പി.എമ്മിന്റെയും ചെങ്ങന്നൂരിൽ നിന്ന് കെ.ആർ. സരസ്വതി അമ്മ കേരള കോൺഗ്രസിന്റെയും പ്രതിനിധികളായി ജയിച്ചു. മണ്ഡലപുനർവിഭജനം നടന്ന ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു അത്. 1967ൽ വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോൾ ജയിച്ചത് സി.പി.എം പ്രതിനിധിയായി അരൂരിൽ നിന്നുള്ള കെ.ആർ. ഗൗരി അമ്മ മാത്രം. 1977ൽ ഭാർഗവി തങ്കപ്പൻ നെടുവത്തൂർ സംവരണ മണ്ഡലത്തിൽ നിന്ന് സി.പി.ഐ പ്രതിനിധിയായെത്തിയപ്പോൾ അരൂരിൽ ഗൗരി അമ്മ അടക്കം നാല് വനിതാ പ്രമുഖർ പരാജയം രുചിച്ചു. ജെ. ശാരദാമ്മ (തിരുവനന്തപുരം ഈസ്റ്റ്), കെ.ആർ. സരസ്വതി അമ്മ (ചെങ്ങന്നൂർ), ദേവകി വാര്യർ (പട്ടാമ്പി) എന്നിവരാണ് മറ്റുള്ളവർ. സരസ്വതി അമ്മ സ്വതന്ത്രയും മറ്റുള്ളവർ സി.പി.എമ്മിന്റെയും പ്രതിനിധികൾ.
1980ൽ പി. ദേവൂട്ടി (അഴീക്കോട്), കെ.ആർ. ഗൗരി അമ്മ (അരൂർ)- സി.പി.എം, ഭാർഗവി തങ്കപ്പൻ (കിളിമാനൂർ)- സി.പി.ഐ, എം. കമലം (കല്പറ്റ)- ജനത, കെ.ആർ. സരസ്വതി അമ്മ (ചെങ്ങന്നൂർ)- സ്വതന്ത്ര എന്നിവർ ജയിച്ചു. 1982ൽ അഴീക്കോട്- പി. ദേവൂട്ടി (സി.പി.എം), കല്പറ്ര- എം. കമലം (ജനത), അരൂർ- കെ.ആർ. ഗൗരി അമ്മ- സി.പി.എം, ചെങ്ങന്നൂർ- കെ.ആർ. സരസ്വതി അമ്മ (സ്വതന്ത്ര), കിളിമാനൂർ - ഭാർഗവി തങ്കപ്പൻ (സി.പി.ഐ) എന്നിവരാണ് ജയിച്ചത്.