sasikala

ചെന്നൈ:കഴിഞ്ഞ മാസം എട്ടിനായിരുന്നു പട നയിച്ചുകൊണ്ടുള്ള 'ചിന്നമ്മ' ശശികലയുടെ തമിഴ്നാട്ടിലേക്കുള്ള തിരിച്ചുവരവ്. ആദ്യം അണ്ണാ ഡി.എം.കെ പിടിക്കുക, പിന്നെ ഭരണം പിടിക്കുക ഇതൊക്കെയായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ. നിരനിരയായി കാറുകളുടെ അകമ്പടിയോടെ തമിഴ്നാട്ടിലേക്കുള്ള എൻട്രി 'അമ്മ'യുടെ തോഴി സൂപ്പറാക്കി. വഴിയിൽ രണ്ട് കാറുകൾ കത്തിയാളുക കൂടി ചെയ്തതോടെ സിനിമാ സ്റ്റൈലിലേക്ക് കാര്യങ്ങൾ മാറുമെന്ന് ഉറപ്പായി. പക്ഷെ, പെട്ടെന്നൊരു ദിവസം ചിന്നമ്മ സഡൻ ബ്രേക്കിട്ടു!

എന്നിട്ടൊരു പ്രഖ്യാപനവും: 'ഞാൻ രാഷ്ട്രീയത്തിൽ നിന്നും പൊതുജീവിതത്തിൽ നിന്നും പിന്മാറുന്നു!' തമിഴക രാഷ്ട്രീയമാകെ കലങ്ങിമറിയുമെന്ന് കണക്കൂകൂട്ടി കണ്ണുംനട്ടിരുന്നവരുടെ കണ്ണുതള്ളിപ്പോയി.

ജയലളിതയെ വാഴ്ത്തിയും എ.ഐ.എ.ഡി.എം.കെയെ അധികാരത്തിലെത്തിക്കാൻ ആഹ്വാനം ചെയ്തുമായിരുന്നു ശശികലയുടെ പ്രസ്താവന. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിക്കസേരയും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനവും ഒറ്റയ്ക്ക് അനുഭവിക്കാനായി കാലെടുത്തു വച്ചപ്പോഴാണ് അനധികൃത സ്വത്തു സമ്പാദന കേസിൽപ്പെട്ട് ശശികല അകത്തായത്. ചെന്നൈ വിടുംമുമ്പ് ജയലളിതയുടെ ശവകുടീരത്തിൽ ചെന്ന് മൂന്നടി അടിച്ച് ശക്തയായി തിരിച്ചുവരുമെന്ന് ശപഥവും ചെയ്തു. അങ്ങനെയുള്ള ശശികലയുടെ ഇപ്പോഴത്തെ പിൻവാങ്ങൽ തന്ത്രപരമാണെന്ന് അവരെ അടുത്തറിയാവുന്നവർക്കെല്ലാം അറിയാം. തെക്കൻ തമിഴ്നാട്ടിൽ ഉണ്ടായേക്കാവുന്ന വോട്ട് ചോർച്ചയിൽ നിന്ന് അണ്ണാ ഡി.എം.കെ രക്ഷപ്പെടുകയും ചെയ്തു.

പതുങ്ങലിന് പിന്നിൽ 3ഘടകങ്ങൾ

1ബി.ജെ.പി വിരിച്ച വല

അണ്ണാ ഡി.എം.കെ നേതൃത്വവുമായി ശശികലയെ രമ്യതയിലാക്കാൻ ബി.ജെ.പി ശ്രമിച്ചിരുന്നു. എന്നാൽ ഇ.പി.എസും ഒ.പി.എസും അനുകൂലിച്ചില്ല. ശശികലയുടെ പേരിലുള്ള കേസുകൾ നിരവധി ബാക്കിയുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾ മനസുവച്ചാൽ പിന്നെയും അകത്താകും. അക്കാര്യം ബി.ജെ.പി നേതാക്കൾ തന്നെ ഓർമ്മപ്പെടുത്തിയിട്ടുണ്ടാകും. സാക്ഷാൽ അമിത്ഷാ തന്നെ ഇടപെട്ടുവെന്നും കേൾക്കുന്നു.

2. വേണം പുതിയ പ്രതിച്ഛായ

ഇപ്പോൾ അണ്ണാ ഡി.എം.കെയ്ക്കെതിരെ നിലയുറപ്പിച്ചാൽ പാർട്ടിയുടെ തോൽവി ശശികലയുടെ തലയിൽ വരും. പാർട്ടിയെ പുകഴ്ത്തിക്കൊണ്ട് മാറിനിന്നാൽ 'മഹത്വവത്കരണം' സാദ്ധ്യമാകും. എതിർക്കുന്നവർ മനസുകൊണ്ടെങ്കിലും അനുകൂല ഭാവത്തിലാകും. തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ തോറ്റാൽ രക്ഷകയുടെ വേഷത്തിൽ അവതരിക്കാനും കഴിയും. 2027 വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

3. തെറ്റിയ പ്രതീക്ഷകൾ

പ്രതീക്ഷിച്ചതുപോലെ അണ്ണാ ഡി.എം.കെയിൽ നിന്ന് നേതാക്കൾ ശശികലയ്ക്കൊപ്പം ചേർന്നില്ല. ബദൽ പാർട്ടിയുമായി തിരഞ്ഞെടുപ്പിനെ നേരിടാൻ സമയവുമില്ല. മാത്രമല്ല, ശശികല ചെന്നൈയിലേക്ക് പുറപ്പെട്ടപ്പോൾ ദിനംപ്രതിയെന്നോണം അവരുടെ സ്വത്ത് തമിഴ്നാട് സർക്കാർ കണ്ടുകെട്ടാൻ തുടങ്ങിയിരുന്നു. 200 കോടിയുടെ സ്വത്ത് അപ്പാടെ കണ്ടുകെട്ടി.