
27 പേരിൽ നിന്ന് തട്ടിയെടുത്തത് 1.3 കോടി
കട്ടപ്പന: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 1.3 കോടി രൂപ തട്ടിയ സംഘത്തിലെ യുവതിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പനയ്ക്കൽ വിദ്യ പയസ്(32) ആണ് ബംഗളുരു വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. വിദ്യയുടെ സഹോദരി സോണി ജോസഫ്(34), ബന്ധുവായ ആലപ്പുഴ പുതിയകാവ് തെക്കേ അറയ്ക്കൽ തോമസ്(27), കണ്ണൂർ തലശേരി സ്വദേശികളായ മാനന്തവിട അംനാസ് അബ്ദുള്ള(33), പുതിയമാളിയേക്കൽ മുഹമ്മദ് ഓനാസീസ്(43), എം.എ. മൻസിലിൽ അഫ്സീർ(24) എന്നിവരും കേസിൽ പ്രതികളാണ്. ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 27 പേരിൽ നിന്ന് 1.30 കോടി രൂപ തട്ടിയതായി 2019 ജൂൺ 8 നാണ് കട്ടപ്പന പൊലീസിൽ പരാതി ലഭിച്ചത്. പരാതിക്കാരിയായ കട്ടപ്പന സ്വദേശിനിയാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം സമാഹരിച്ച് വിദ്യയുടെ നിർദേശപ്രകാരം സോണി, തോമസ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 56 ലക്ഷം രൂപ വരെ കബളിപ്പിച്ചതായി കണ്ടെത്തി. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വിദ്യ അബുദാബിയിലേക്ക് കടന്നു. തുടർന്ന് കട്ടപ്പന പൊലീസ് വിവിധ വിമാനത്താവളങ്ങളിലേക്ക് ലുക്കൗട്ട് സർക്കുലർ നൽകിയിരുന്നു.
അബുദാബിയിൽ നിന്ന് വെള്ളിയാഴ്ച ബംഗളുരു വിമാനത്താവളത്തിൽ എത്തിയ വിദ്യയെ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച ശേഷം കട്ടപ്പന പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്ത് കട്ടപ്പനയിലെത്തിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇതിനിടെ സോണി, തോമസ് എന്നിവർ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്. കട്ടപ്പന ഡിവൈ.എസ്.പി. ജി. സന്തോഷ്കുമാർ, സി. ഐ വി. ജയൻ എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ. സാബു തോമസ്, സി.പി.ഒ. എബിൻ ജോസ്, സി.പി.ഒ. പ്രീതി കെ.പി എന്നിവരാണ് അന്വേഷണം നടത്തുന്നത്.