
കൊച്ചി: പൊലീസ്, എക്സൈസ്, ആർ.പി.എഫ്, റെയിൽവേ പൊലീസ്, ഡാൻസാഫ്, സ്നിഫർ ഡോഗ് ബ്രാവോ എന്നിവയുടെ സംയുക്തപരിശോധനയിൽ സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പിടികൂടി.ഫോർട്ടുകൊച്ചി സ്വദേശി ഷിജാസ് (29), കുമ്പളങ്ങി സ്വദേശി റോമൽ ആന്റണി (28) എന്നിവരെയാണ് 10 ഗ്രാം എം.ഡി.എം.എ എന്ന മയക്കുമരുന്നുമായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് 4 ന് ബംഗളൂരു എറണാകുളം എക്പ്രസിൽ സൗത്ത് സ്റ്റേഷനിൽ വന്നിറങ്ങിയ രണ്ടുപേരെയും പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് വ്യാപനം തടയുന്നതിന് വേണ്ടി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു, ഡെപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോംഗ്റേ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് പൊലീസ്, എക്സൈസ്, ആർ.പി.എഫ്, റെയിൽവേ പൊലീസ്, ഡാൻസാഫ്, സ്നിഫർ ഡോഗ് ബ്രാവോ വിഭാഗങ്ങൾ പ്രത്യേക പരിശോധന ആരംഭിച്ചത്. പിടിയിലായ സംഘം ബംഗളൂരുവിൽ നിന്ന് ആഴ്ചയിൽ ഒരിക്കൽ എന്നതോതിൽ മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ച് സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കും വിതരണം ചെയ്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലുകളിൽ നടത്തുന്ന നിശാ പാർട്ടികളുമായി പ്രതികൾക്കുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. കൊച്ചി പൊലീസ് കമ്മിഷണേറ്റ് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ കെ.എ. തോമസ്, എക്സൈസ് ഇൻസ്പെക്ടർ ജി. വിനോദ്, റെയിൽവെ പൊലീസ് സബ് ഇൻസ്പെക്ടർ അബൂബക്കർ എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.