photo

നെടുമങ്ങാട്: എതിർപ്പുകളെ മറികടന്ന് നഗരസഭ നടപ്പിലാക്കാൻ ശ്രമിച്ച 'ടേക്ക് എ ബ്രേക്ക്" പദ്ധതി ബ്രേക്ക് ഡൗണിലായി. പ്രധാന കേന്ദ്രങ്ങളിൽ വഴിയോര പൊതു ടോയ്ലെറ്റുകൾ നിർമ്മിക്കാനുള്ള തീരുമാനമാണ് അനിശ്ചിതത്വത്തിലായത്. നഗരസഭ കണ്ടെത്തിയ ഇടങ്ങളിൽ സ്വകാര്യ വ്യക്തികൾ അവകാശത്തർക്കം ഉന്നയിക്കുകയും നിയമനടപടികളിലേക്ക് നീങ്ങുകയുമായിരുന്നു. ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ 'ടേക്ക് എ ബ്രേക്ക്" പദ്ധതിക്ക് സ്ഥലം വിട്ടു കൊടുക്കാനുള്ള കേരള സർക്കാരിന്റെ 12 ഇന പരിപാടി നഗരസഭയ്ക്ക് തുണയാവുമെങ്കിലും, ചുവപ്പ് നാടകളഴിച്ച് നിർമ്മാണം എപ്പോൾ ആരംഭിക്കാനാവുമെന്നതിൽ ഉറപ്പില്ല. യോജിച്ച സ്ഥലം റവന്യൂ, സ്വകാര്യ ഉടമകളിൽ നിന്ന് ഏറ്റെടുക്കാൻ അനുവാദം നൽകുമെന്നാണ് 12 ഇന പരിപാടിയിലെ ഉറപ്പ്. ഇതനുസരിച്ച് കച്ചേരി-പാളയം റോഡിൽ ടൗൺ എൽ.പി.എസ് ചുറ്റുമതിലിന് താഴെ, പഴകുറ്റി ബെവ്കോ ഗോഡൗണിന് മുൻവശം, വാളിക്കോട് ജംഗ്ഷൻ, ആര്യനാട് റോഡിൽ കുളവിക്കോണം എന്നിവിടങ്ങളിലാണ് വഴിയിടങ്ങൾക്ക് രൂപരേഖ തയ്യാറാക്കിയിരുന്നത്. കുളവിക്കോണത്ത് കുട്ടികളുടെ കൊട്ടാരത്തിന് മുൻ വശത്ത് മാത്രമേ വഴിയിടം യാഥാർത്ഥ്യമായുള്ളു. ടൗൺ എൽ.പി.എസ് ചുറ്റുമതിലിനു താഴെ ഫുട്പാത്തിനോടു ചേർന്ന് പ്രാരംഭ ഘട്ടങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇവിടം കൈയേറിയെന്ന പരാതിയിൽ തുടർപ്രവർത്തനങ്ങൾക്ക് നിർവാഹമില്ലാത്ത അവസ്ഥയിലാണ് നഗരസഭ. പഴകുറ്റിയിലും സ്ഥിതി വ്യത്യസ്തമല്ല. വാളിക്കോട് ജംഗ്‌ഷനിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഇനിയുമായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഫണ്ട് വിനിയോഗിച്ചു നിർമ്മിക്കുന്ന വഴിയിടങ്ങൾക്ക് സ്ഥലം ലഭ്യമാക്കേണ്ടത് നഗരസഭയാണ്.

ചുറ്റുമതിലിൽ കുടുക്കിയ നിയമക്കുരുക്ക്

15 കൊല്ലം മുൻപ് ടൗൺ എൽ.പി.എസിന്റെ മതിലിടിഞ്ഞ് വീണ് തട്ടുകടക്കാരൻ മരിച്ച സംഭവത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാകാത്തതാണ് ഇവിടെ വഴിയിടം നിർമ്മാണത്തിന് തടസമായി ഉയർന്നു വന്നിട്ടുള്ളത്. ഉത്തരവ് നടപ്പായാലേ ഇവിടെ സർക്കാരിന്റ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കാവൂ എന്നാവശ്യപ്പെട്ട് ലഭിച്ച പരാതി നിയമക്കുരുക്കിലാണ്. റിവ്യൂ പെറ്റിഷനുമായി നഗരസഭ രംഗത്തുണ്ടെങ്കിലും നഷ്ടപരിഹാര തുക അനുവദിക്കാതെ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാവില്ല എന്നതാണ് വസ്തുത.

പഴികേട്ടു നഗരസഭ

വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്നവർ താലൂക്കാസ്ഥാനത്ത് പ്രാഥമികകൃത്യ നിർവഹണത്തിന് ഇടം കാണാതെ നെട്ടോട്ടമോടുന്ന ദുരിതകാഴ്ചയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1978 ഏപ്രിലിലാണ് നെടുമങ്ങാട് നഗരസഭ നിലവിൽ വരുന്നത്. ഈ കാലയളവിൽ സത്രംമുക്കിലും കച്ചേരിനടയിലും നിർമ്മിച്ച ടോയ്‌ലെറ്റുകൾ യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്നു. പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിന്റെ ഭാഗമായി സത്രംമുക്കിലും, റവന്യൂ ടവർ നിമ്മിതിയുമായി ബന്ധപ്പെട്ട് കച്ചേരിനടയിലും ടോയ്‌ലെറ്റുകൾ പൊളിച്ചു നീക്കിയതാണ് തിരിച്ചടിയായത്. കെ.എസ്.ആർ.ടി.സി ടെർമിനലിൽ ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയെങ്കിലും മേൽനോട്ടം ഇല്ലാതെ നാശത്തിന്റെ വക്കിലാണ്. പശ്ചാത്തല വികസന മുന്നേറ്റത്തിന് അവാർഡുകൾ വാരിക്കൂട്ടിയ നഗരസഭ, തിരഞ്ഞെടുപ്പ് ഗോദകളിൽ ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരുന്നത് ടോയ്‌ലെറ്റുകളുടെ അഭാവത്തെ ചൊല്ലിയാണ്.

കുളവിക്കോണമാണ് മാതൃക

വിശ്രമമുറി, കഫ്‌റ്റേരിയ, സ്വാപ് ആൻഡ് ഷോപ്പ് സൗകര്യങ്ങളാണ് 'വഴിയിട"ങ്ങളിൽ ക്രമീകരിക്കുന്നത്. കുളവിക്കോണത്ത് സ്ത്രീ-പുരുഷന്മാർക്ക് വെവേറെ നിർമ്മിച്ചിട്ടുള്ള ടോയ്‌‌ലെറ്റുകളും കോഫി ഷോപ്പും മാതൃകാപരമാണ്. ബസ് ടെർമിനലിലെ ടോയ്‌ലെറ്റുകൾ നഗരസഭ ഏറ്റെടുത്ത് നടത്താനുള്ള നഗരസഭയുടെ നീക്കങ്ങളും ഫലം കണ്ടിട്ടില്ല.

നിയമതടസങ്ങൾ നീക്കുന്നതിനുള്ള പരിശ്രമത്തിലാണ് നഗരസഭ.

നഗരത്തിലെ അടിസ്ഥാന പ്രശ്‌നത്തിന് പരിഹാരം കാണാൻ എല്ലാവരും സഹകരിക്കണം.

പി. ഹരികേശൻ നായർ, ചെയർമാൻ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി