
തൃക്കാക്കര: നിയമവിരുദ്ധ വായ്പ ആപ്പുകളുടെ വലയിൽ വീണ് ലക്ഷങ്ങൾ നഷ്ടപ്പെട്ടവരുടെ നിരവധി കഥകളാണ് ഓരോ ദിവസം കഴിയുന്തോറും പുറത്തുവരുന്നത്. കൂടാതെ ടെലിമാർക്കറ്റിംഗിന്റെ ഭാഗമായുള്ള നിരന്തരം ഫോൺവിളികളും ജനങ്ങൾക്ക് ശല്യമാകുന്നുണ്ട്. ഇവർ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കൂടുതൽ വിവരങ്ങൾ ഓരോ ദിവസം കഴിയുന്തോറും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് സർക്കാർ ഒരുങ്ങുകയാണ്.
സൈബർ മാർഗങ്ങൾ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകൾ തടയുന്നതിന് ഡിജിറ്റൽ ഇന്റലിജൻസ് യൂണിറ്റിന് രൂപം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.വ്യാജ വായ്പ ആപ്പുകൾക്കെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. നിരവധിപ്പേരാണ് ഈ വലയിൽ കുടുങ്ങിയത്. ഇത്തരം തട്ടിപ്പ് സംഘങ്ങളെ കുടുക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി. നേരത്തെ ഫോണിലൂടെ വിളിച്ച് ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിക്കുന്നവരുടെ ശല്യം കുറയ്ക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കാൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇത് ഫലപ്രദമായില്ല. തൊഴിലില്ലാത്ത ചെറുപ്പക്കാരെ ജോലിക്കെടുത്താണ് ഇത്തരം ടെലിമാർക്കറ്റിംഗ് ജോലികൾ ചെയ്യുന്നത്. ടെലിമാർക്കറ്റിംഗ് ജീവനക്കാരുടെ നിരന്തരമായുള്ള ഫോൺ വിളി ശല്യമാകുന്നതായും നിരവധി പരാതികളുണ്ട്. ഇത്തരം കാര്യങ്ങളിലും നിയന്ത്റണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കുന്നത്.ടെലിമാർക്കറ്റിംഗ് സ്ഥാപനങ്ങളും വായ്പ ആപ്പുകളും സംബന്ധിച്ചാണ് മുഖ്യമായി ഡിജിറ്റൽ ഇന്റലിജൻസ് യൂണിറ്റ് അന്വേഷിക്കുക. കോൾ സെന്ററുകളുടെ സഹായത്തോടെയാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ ആപ്പുകൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വായ്പ തിരിച്ചടവിന് കളക്ഷൻ ഏജന്റുമാർ എന്ന നിലയിലാണ് കോൾ സെന്ററുകളെ ഉപയോഗിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
നിലവിൽ വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ചോരുന്നത് വർദ്ധിക്കുകയാണ്. ഇത് ഉപയോഗിച്ച് ടെലിമാർക്കറ്റിംഗ് കമ്പനികൾ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നുണ്ട്. ഇത് അറിയാതെ നിരവധിപ്പേരാണ് ഇതിൽ വന്നുവീഴുന്നത്. അതിനാൽ ടെലികോം, ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സ്വകാര്യ വിവരങ്ങൾ ചോരുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പിഴ ചുമത്തിയും ടെലികോം വിവരങ്ങൾ ചോരുന്നില്ല എന്ന് ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിച്ചും ഡിജിറ്റൽ തട്ടിപ്പുകൾ തടയാനാണ് സർക്കാർ നോക്കുന്നത്.