
ആര്യനാട്: നിർഭയനായ രാഷ്ട്രീയക്കാരനായിരുന്നു ജി. കാർത്തികേയനെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. ജി. കാർത്തികേയൻ മെമ്മോറിയൽ ട്രസ്റ്റും കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയും ആര്യനാട്ട് നടത്തിയ അനുസ്‌മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയ നേതാവും കാണിക്കാത്ത ആർജ്ജവവും ധൈര്യവും കൈമുതലാക്കിയ ജി. കാർത്തികേയൻ വരും തലമുറയിലെ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പാഠപുസ്‌തകമാണെന്നും അദ്ദേഹം പറഞ്ഞു. മുൻ വിവരാവകാശ കമ്മിഷണർ വിതുര ശശി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ, ജി. കാർത്തികേയൻ മെമ്മോറിയൽ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.എം.ടി. സുലേഖ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ. ജയമോഹൻ, സി.എസ്. വിദ്യാസാഗർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ മലയടി പുഷ്‌പാംഗദൻ, സി.ആർ. ഉദയകുമാർ, ട്രസ്റ്റ് മെമ്പർ നിർമ്മലാനന്ദൻ, കോൺഗ്രസ് ആര്യനാട് മണ്ഡലം പ്രസിഡന്റ് ഷിജി കേശവൻ തുടങ്ങിയവർ സംസാരിച്ചു.