
അഞ്ചുതെങ്ങ്: ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ പ്രചാരണവുമായി എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ രംഗത്തെത്തി. മണ്ഡലത്തിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് വിദ്യാർത്ഥികൾ ഇടതുമുന്നണിയുടെ പ്രചാരണാർത്ഥം ചുവരെഴുത്തുകൾ ആരംഭിച്ചത്. ഇടതുമുന്നണിയിൽ സി.പി.ഐ സ്ഥാനാർത്ഥി മത്സരിക്കുന്ന മണ്ഡലമാണ് ചിറയിൻകീഴ്. സി.പി.ഐയുടെ ചിഹ്നമായ അരിവാൾ നെൽക്കതിർ വരച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ പ്രചാരണം ആരംഭിച്ചത്. കേരള സർവകലാശാല സ്റ്റുഡന്റ്സ് കൗൺസിൽ അംഗം വിജയ് വിമലിന്റെ നേതൃത്വത്തിലാണ് പ്രചാരണ പരിപാടികൾ ആരംഭിച്ചത്. വക്കം യു.ഐ.ടി വിദ്യാർത്ഥിനി നവ്യ എസ്. രാജ്, അഭിനവ്, അഭിജിത്. എസ്, ആദിത്യൻ. എം. മിത്രാബിനു എന്നിവർ പ്രചാരണത്തിന് നേതൃത്വം നൽകി.