football

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ദിവസങ്ങളിൽ ആൺകുട്ടികളുടെ സംസ്ഥാന സബ് ജൂനിയർ, ജൂനിയർ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പ് നടത്താനൊരുങ്ങി കേരള ഫുട്‌ബാൾ അസോസിയേഷൻ വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കി. ഈ മാസം 22 മുതൽ 27 വരെ ചാമ്പ്യൻഷിപ്പ് നടക്കുമെന്നാണ് ജില്ലാ അസോസിയിയേഷനുകൾക്ക് നൽകിയ അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. വേദി തീരുമാനിച്ചിട്ടില്ല. മാർച്ച് 17 മുതൽ 30 വരെയാണ് പത്താം ക്ലാസ് പൊതുപരീക്ഷ.

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതാണ് കെ.എഫ്.എയുടെ നടപടിയെന്ന് കുട്ടികളും രക്ഷാകർത്താക്കളും ആരോപിക്കുന്നു. ചാമ്പ്യൻഷിപ്പ് നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിൽ പത്താം ക്ലാസിന് നാല് പരീക്ഷകളുണ്ട്. ജൂനിയർ വിഭാഗത്തിൽ മത്സരിക്കേണ്ട 70 ശതമാനം വിദ്യാർത്ഥികളും പത്താം ക്ലാസുകാരാണ്.

മാത്രമല്ല, സംസ്ഥാന ചാമ്പ്യൻഷിപ്പിന് മുമ്പ് ജില്ലാതലത്തിൽ സെലക്‌ഷൻ ട്രയൽസ് നടക്കണം. ഇതിൽ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചയോളം ക്യാമ്പ് നടത്തിയാണ് ജില്ലാ ടീമിനെ തിരഞ്ഞെടുക്കേണ്ടത്. ഇത്തവണ കൊവിഡിന്റെ സാഹചര്യത്തിൽ ഒരു ജില്ലകളിലും ട്രയൽസ് നടത്തിയിട്ടില്ല. സെലക്‌ഷൻ ട്രയൽസ് നടത്താതെ എന്ത് മാനദണ്ഡപ്രകാരമാണ് ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതെന്നും കുട്ടികൾ ചോദിക്കുന്നു.

പരീക്ഷയ്ക്ക് തടസം വരുന്നതിനാൽ ചാമ്പ്യൻഷിപ്പ് മാറ്റിവയ്ക്കണമെന്ന് രക്ഷിതാക്കൾ ഫുട്‌ബാൾ അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടും നിരുത്തരവാദപരമായാണ് ഭാരവാഹികൾ ഇടപെട്ടതെന്നും ആരോപണമുണ്ട്. ചാമ്പ്യൻഷിപ്പ് പരീക്ഷ കഴിഞ്ഞതിന് ശേഷം നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ ബാലാവകാശ കമ്മിഷനും സ്‌പോർട്‌സ് കൗൺസിലിനും പരാതി നൽകിയിട്ടുണ്ട്.

- വിജയികൾക്ക് ഗ്രേസ് മാർക്കിന് അർഹതയുള്ളതിനാലാണ് പരീക്ഷാ കാലം തീരുന്നതിന് മുൻപായി മത്സരം നടത്താൻ തീരുമാനിച്ചത്. ആരുടെയും അവസരം നഷ്ടപ്പെടരുതെന്നാണ് അസോസിയേഷനും ആഗ്രഹിക്കുന്നത്. പരാതികൾ ലഭിച്ചാൽ പരിഗണിക്കും.

- പി. അനിൽകുമാർ,​ ജനറൽ സെക്രട്ടറി,​ കെ.എഫ്.എ