
തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പെടുക്കാൻ സൗജന്യ യാത്രയൊരുക്കി ഊബർ. 60വയസ് കഴിഞ്ഞവർക്കും മറ്റുരോഗങ്ങളുള്ള 45നും 59നും ഇടയിൽ പ്രായമുള്ളവർക്കും ഏറ്റവും അടുത്തുള്ള കുത്തിവയ്‌പ്പ് കേന്ദ്രത്തിലേക്ക് പോകാനും മടങ്ങാനുമുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സൗജന്യ യാത്രയ്ക്കായി ഊബർ ആപ്പിന്റെ ഇടതു വശത്ത് മുകളിൽ ടാപ്പ് ചെയ്ത് വാലറ്റ് തിരഞ്ഞെടുക്കണം. താഴെ ആഡ് പ്രമോ കോഡ് സെലക്ട് ചെയ്യണം. ഊബർ ആപ്പിൽ വാക്‌സിനേഷൻ പ്രമോ കോഡായ 10M21V ആഡ് ചെയ്ത് ഏറ്റവും അടുത്ത വാക്‌സിനേഷൻ സെന്ററിലേക്കും തിരിച്ചുമുള്ള ട്രിപ്പ് ബുക്ക് ചെയ്യാം. 35 ഇന്ത്യൻ നഗരങ്ങളിൽ ഈ സൗകര്യം ഉപയോഗിക്കാം.
2100 പേർക്ക്
കൂടി കൊവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 2100 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1771 പേർ സമ്പർക്കരോഗികളാണ്. 253 പേരുടെ ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 51,948 സാമ്പിളുകളാണ് പരിശോധിച്ചത്. 4.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 13 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 4039 പേർ രോഗമുക്തരായി. 1,71,616 പേരാണ് നിരീക്ഷണത്തിലുള്ളത്.