
തിരുവനന്തപുരം: നാമനിർദ്ദേശ പത്രികാ സമർപ്പണ തീയതി അടുത്തടുത്തു വരുമ്പോഴും സീറ്റ് വിഭജന ചർച്ചകളിൽ ധാരണയിലെത്താനാകാതെ എൽ.ഡി.എഫും യു.ഡി.എഫും. സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ച ഇന്നലെ ഇടതുമുന്നണി യോഗത്തിന് മുമ്പും ശേഷവും നടന്നിട്ടും തർക്കത്തിൽ തീർപ്പായില്ല. കാഞ്ഞിരപ്പള്ളിക്കു പകരം കോട്ടയം ജില്ലയിൽ സീറ്റ് കിട്ടിയേ തീരൂവെന്നാണ് സി.പി.ഐ നിലപാട്. ചങ്ങനാശ്ശേരിക്കായി സി.പി.ഐ കടുപ്പിക്കുകയാണ്. ചങ്ങനാശ്ശേരി കേരള കോൺഗ്രസ്- എമ്മിനു നൽകാനാണ് സി.പി.എമ്മിന് താത്പര്യം. പരിഹാരമായില്ലെങ്കിൽ കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും വിട്ടുനൽകുന്നത് ഒന്നുകൂടി ചർച്ച ചെയ്യേണ്ടിവരുമെന്ന് സി.പി.ഐ നേതൃത്വം സി.പി.എമ്മിനെ അറിയിച്ചു. മലപ്പുറത്തെ ഏറനാട്, തിരൂരങ്ങാടി സീറ്റുകൾ മാത്രം വിട്ടുനൽകും. വിഷയം നാളെ സംസ്ഥാന എക്സിക്യുട്ടീവിൽ ചർച്ച ചെയ്യാനാണ് തീരുമാനം. അതേസമയം, ഇന്നു തന്നെ പ്രശ്നപരിഹാരത്തിനാണ് സി.പി.എം ശ്രമം.
ലോക് താന്ത്രിക് ദളിന് മൂന്ന് പോരാ
മൂന്നു സീറ്റുകൾ മാത്രം ലഭിച്ചതിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് ജനതാദളിന്റെ മുൻനിര നേതാക്കൾ ഇന്നലെ ഇടതുമുന്നണി യോഗത്തിൽ പങ്കെടുത്തില്ല. പകരം പങ്കെടുത്ത പാർട്ടി ദേശീയ സെക്രട്ടറി ജനറൽ വറുഗീസ് ജോർജ്, തിരു- കൊച്ചി മേഖലയിൽ ഒരു സീറ്റ് ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയിലെ അരൂരോ കായംകുളമോ ആണ് ആഗ്രഹിക്കുന്നത്. സി.പി.എമ്മിന്റെ രണ്ടും ജെ.ഡി.എസിന്റെ ഒന്നുമടക്കം മൂന്ന് സിറ്റിംഗ് സീറ്റുകളാണ് എൽ.ജെ.ഡിക്ക് നൽകിയത്- കൂത്തുപറമ്പും കല്പറ്റയും വടകരയും.
ജോസ് കെ.മാണിക്ക് 13
കേരള കോൺഗ്രസ്-എമ്മിന് വലിയ പരിഗണന നൽകുന്നതിൽ ചെറുകക്ഷികൾക്ക് മുറുമുറുപ്പുണ്ട്. 13 സീറ്റുകൾ നൽകാമെന്നാണ് സി.പി.എം ഏറ്റിരിക്കുന്നത്. റാന്നി, പാലാ, കടുത്തുരുത്തി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഇടുക്കി, തൊടുപുഴ, പിറവം, പെരുമ്പാവൂർ, ചാലക്കുടി, കുറ്റ്യാടി, ഇരിക്കൂർ സീറ്റുകൾ അവർക്ക് ഉറപ്പായിട്ടുണ്ട്.
എൽ. ഡി. എഫിലെ മറ്റു കക്ഷികൾക്ക്
കോവളം, തിരുവല്ല, അങ്കമാലി,ചിറ്റൂർ- ജെ.ഡി.എസ്
കുട്ടനാട്, എലത്തൂർ, കോട്ടയ്ക്കൽ - എൻ.സി.പി
കാസർകോട്, വള്ളിക്കുന്ന്, കോഴിക്കോട് സൗത്ത് - ഐ.എൻ.എൽ
പത്തനാപുരം - കേരള കോൺഗ്രസ്- ബി
കണ്ണൂർ - കോൺഗ്രസ്-എസ്
യു.ഡി. എഫിൽ ഇങ്ങനെ
മുസ്ലിംലീഗിന് കൂത്തുപറമ്പിനു പുറമേ നൽകുന്ന രണ്ട് സീറ്റുകളിലും കേരള കോൺഗ്രസ്- ജോസഫ് വിഭാഗത്തിന്റെ പത്താമത് സീറ്റിലുമാണ് ധാരണയാവേണ്ടത്.
പേരാമ്പ്ര ലീഗിന് നൽകിയേക്കും. ജോസഫിന് പേരാമ്പ്രയ്ക്കു പകരം സീറ്റ് കണ്ടെത്തണം. പട്ടാമ്പി ലീഗ് ചോദിച്ചെങ്കിലും കോൺഗ്രസിൽ വിയോജിപ്പുണ്ട്.
സാദ്ധ്യതാ പട്ടികയുമായി നേതാക്കൾ ഇന്നലെ ഡൽഹിക്കു പോയിട്ടുണ്ട്. അവിടത്തെ ചർച്ചകൾക്കു ശേഷം അന്തിമതീരുമാനം അറിയിക്കാമെന്നാണ് ഘടകകക്ഷികളോട് പറഞ്ഞിരിക്കുന്നത്.
ആർ.എസ്.പിക്ക് അഞ്ച് സീറ്റ്
മാണി സി.കാപ്പന്റെ എൻ.സി.കെയ്‌ക്ക് ഒരു സീറ്റ് കൂടി നൽകണോയെന്ന് തീരുമാനിക്കണം.
ജേക്കബ് ഗ്രൂപ്പടക്കം മറ്റ് കക്ഷികൾക്ക് ഒന്ന് വീതം.