kovzalam

കോവളം: വൻമയക്കുമരുന്ന് ശേഖരവുമായി കേരളതീരത്തെത്തിയ മൂന്ന് ശ്രീലങ്കൻ മത്സ്യബന്ധനബോട്ടുകളും അവയിലുണ്ടായിരുന്ന 19 പേരെയും തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്തു. ഒരു ബോട്ടിൽ 200 കിലോ ഹെറോയിനും, 60 കിലോ ഹാഷിഷും നിരോധിത സാറ്റലൈറ്റ് ഫോണും ഉണ്ടായിരുന്നെങ്കിലും പിടിയിലാകുംമുമ്പ് കടലിലെറിഞ്ഞു. ഉൾക്കടലിൽ വച്ച് പാകിസ്ഥാന്റെ ഒരു ബോട്ടാണ് മയക്കുമരുന്ന് കൈമാറിയതെന്ന് പിടിയിലായവർ പറഞ്ഞു. സാറ്റലൈറ്റ് ഫോണിന്റെ ചാർജ്ജർ ബോട്ടിൽ നിന്ന് കണ്ടെടുത്തതോടെയാണ് മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് സമ്മതിച്ചത്.അതിർത്തി കടന്ന് സംശയാസ്പദമായ നിലയിൽ സഞ്ചരിക്കുകയായിരുന്ന ബോട്ടുകൾ വെള്ളിയാഴ്ച രാവിലെ 8.45ന് മിനിക്കോയിക്ക് സമീപത്തുവച്ചാണ് തീരസംരക്ഷണ സേന പിടികൂടിയത്.

തീരസംരക്ഷണ സേനയുടെ ഡോണിയർ വിമാനവും വരഹ എന്ന പട്രോൾ ബോട്ടും നിരീക്ഷണം നടത്തവേയാണ് അതിർത്തി കടന്നെത്തിയ ബോട്ടുകൾ ശ്രദ്ധയിൽപ്പെട്ടത്. ഡോണിയർ വിമാനം കണ്ട് ബോട്ടിലെ ക്യാ്ര്രപൻ തുറയ്യ, വിദേശത്തിരുന്ന് മയക്കുമരുന്ന് കടത്തിന് ചുക്കാൻ പിടിക്കുന്ന സഞ്ജയ് അണ്ണയെ സാറ്റലൈറ്റ് ഫോണിലൂടെ വിവരം അറിയിച്ചു. ഈ സംഭാഷണം പിടിച്ചെടുത്ത രഹസ്യാന്വേഷണ ഏജൻസികൾ തീരസംരക്ഷണ സേനക്ക് വിവരം കൈമാറുകയായിരുന്നു. തുടർന്ന് ക്യാ്ര്രപൻ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള വരഹപട്രോൾ ബോട്ടാണ് ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടുകൾ പിടികൂടിയത്. ഇന്ത്യൻ അതിർത്തിയിൽ 417 നോട്ടിക്കൽ മൈൽ മാറി ഉൾക്കടലിൽവച്ച് പാകിസ്ഥാൻ ബോട്ടാണ് തങ്ങൾക്ക് മയക്കുമരുന്ന് കൈമാറിയതെന്ന് പിടിയിലായ ഷെനായദുവ ബോട്ടിന്റെ ക്യാ്ര്രപൻ വെളിപ്പെടുത്തി. മറ്റ് രണ്ട് ബോട്ടുകളിൽ 3500 കിലോ മത്സ്യം മാത്രമാണ് ഉണ്ടായിരുന്നത്. ബോട്ടുകളെയും ജീവനക്കാരെയും ഇന്നലെ രാവിലെ വിഴിഞ്ഞത്തെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. തീരസംരക്ഷണസേന, ഐ.ബി, നാർക്കോട്ടിക് കൺട്രോൾ ബോർഡ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ പരിശോധനയും ചോദ്യം ചെയ്യലും നടത്തുന്നു. ഇതിനായി കൊച്ചി, മധുര, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള നാർക്കോട്ടിക് സെൽ, ഐ.ബി ഉദ്യോഗസ്ഥർ വിഴിഞ്ഞത്തെത്തിയിട്ടുണ്ട്. ബോട്ടുകളുടെ അടിഭാഗത്തുൾപ്പെടെ രഹസ്യ അറകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ കൊച്ചിയിൽ നിന്ന് മുങ്ങൽ വിദഗ്ദ്ധരെയും വരുത്തി.