
തിരുവനന്തപുരം:വിവാദങ്ങളിൽ മുങ്ങിയ ഇടതുമുന്നണിയിൽ നിന്ന് അധികാരം എങ്ങനെയും പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി കോൺഗ്രസ് പട്ടികയിൽ യുവാക്കളുടെയും പുതുമുഖങ്ങളുടെയും വൻ പടയെയും ജനറൽ സീറ്റുകളിൽ ദളിത് സ്ഥാനാർത്ഥികളെയും ഉൾപ്പെടുത്തുമെന്ന് സൂചന. സാദ്ധ്യതാ പട്ടികയുമായി നേതാക്കൾ ഇന്നലെ ഡൽഹിക്ക് പറന്നു. ഇന്ന് മുതൽ രണ്ട് ദിവസം ഡൽഹിയിലാണ് ചർച്ച.മത, സാമുദായിക സന്തുലനാവസ്ഥയും ജയസാദ്ധ്യതയും ഉറപ്പാക്കുന്ന പേരുകളാണ് പരിഗണിക്കുകയെന്നാണ് ഹൈക്കമാൻഡ് നൽകുന്ന സൂചന. പട്ടികജാതി വിഭാഗക്കാരെയടക്കം പൊതുസീറ്റുകളിലേക്ക് പരിഗണിക്കുന്ന വിപ്ലവകരമായ തീരുമാനങ്ങൾ പോലും പ്രതീക്ഷിക്കാമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നുണ്ട്. സംവരണ സീറ്റുകളിലല്ലാതെ പൊതു സീറ്റുകളിൽ പട്ടികവിഭാഗ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോലും ധൈര്യം കാണിക്കാത്തപ്പോഴാണ് അങ്ങനെയൊരു ആലോചന കോൺഗ്രസ് ബുദ്ധികേന്ദ്രങ്ങളിൽ ശക്തമാകുന്നത്. രാഹുൽ ഗാന്ധി അടക്കം അതിനെ അനുകൂലിക്കുന്നു എന്നാണ് സൂചനകൾ.92 മുതൽ 95 വരെ സീറ്റുകളിൽ മത്സരിക്കാമെന്ന് കണക്കുകൂട്ടുന്ന കോൺഗ്രസ് നേതൃത്വം, 50 മുതൽ 60 വരെ പുതുമുഖങ്ങളെ അണിനിരത്തുമെന്നാണ് അവകാശപ്പെടുന്നത്. സ്ഥാനാർത്ഥി മോഹികളിൽ ഇതോടെ ആകാംക്ഷയേറി. ആരും ഡൽഹിക്ക് വരേണ്ടെന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.പല സാദ്ധ്യതാപാനലുകൾ പ്രചരിച്ചതോടെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. തിരുവനന്തപുരത്ത് നേമം മണ്ഡലത്തിലേക്ക് പരിഗണിക്കുന്നില്ലെന്ന പരിഭവത്തിൽ കെ.പി.സി.സി ജനറൽസെക്രട്ടറി വിജയൻ തോമസ് സ്ഥാനം രാജി വച്ച് പ്രതിഷേധിച്ചു. നേമത്തേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.എസ്. നുസൂറിന്റേതുൾപ്പെടെയുള്ള പേരുകളാണ് പ്രചരിക്കുന്നത്.21 സിറ്റിംഗ് എം.എൽ.എമാരിൽ 20 പേരും സീറ്റുറപ്പിച്ചിട്ടുണ്ട്. ഇരിക്കൂറിൽ ഒഴിവാകുന്ന കെ.സി. ജോസഫ് കാഞ്ഞിരപ്പള്ളിയിൽ മത്സരിച്ചേക്കുമെന്ന സൂചനകൾ ശക്തം. മുൻ സ്പീക്കർ എൻ. ശക്തൻ, മുൻ എം.എൽ.എ ആർ. സെൽവരാജ് എന്നിവരുടെ പേരുകൾ തലസ്ഥാനജില്ലയിൽ പ്രചരിക്കുന്നു.
തോറ്റവരും വന്നേക്കും
തുടർച്ചയായി രണ്ട് തവണ തോറ്റവരെ പരിഗണിക്കില്ലെന്ന മാനദണ്ഡം കർശനമാക്കിയേക്കില്ല. ഇങ്ങനെ മൂന്ന് പേരാണുള്ളത്. ഇവരിൽ ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം. ലിജുവിന് ഇളവ് നൽകേണ്ടി വരും. മറ്റ് രണ്ട് പേർ മുൻമന്ത്രി പന്തളം സുധാകരനും പി.ടി. അജയമോഹനുമാണ്. പന്തളം താല്പര്യപ്പെട്ടാൽ ഇളവ് കിട്ടിയേക്കാം. അജയമോഹൻ മത്സരിക്കുന്നില്ല. നാല് ടേം ജയിച്ചവർക്ക് സീറ്റ് നൽകരുതെന്ന് ഹൈക്കമാൻഡും ചില നേതാക്കളും നിർദ്ദേശിച്ചെങ്കിലും നടപ്പാക്കേണ്ടെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചത്.