amith-shah

തിരുവനന്തപുരം: ഡോളർ കടത്ത് കേസിലെ പ്രതി താങ്കളുടെ ഓഫീസിലായിരുന്നില്ലേ ജോലി ചെയ്തത് എന്ന് മുഖ്യമന്ത്രിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചോദ്യം. ശംഖുമുഖം കടപ്പുറത്ത് തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ സാക്ഷി നിറുത്തിയാണ് താൻ ഈ ചോദ്യങ്ങൾ ചോദിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് മറുപടി പറയണമെന്നും കെ.സുരേന്ദ്രന്റെ വിജയ് യാത്രയുടെ സമാപന റാലിയിൽ അമിത് ഷാ പറഞ്ഞു.

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലക്ഷ്യത്തോടെ ഉപയോഗിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡോളർ കടത്ത് കേസിലെ പ്രതിക്ക് മാസം മൂന്നു ലക്ഷം രൂപ ശമ്പളം നൽകിയത് ഈ സർക്കാരല്ലേ. നിങ്ങളുടെ പ്രിൻസിപ്പൽ സെക്രട്ടറിയല്ലേ വ്യാജബിരുദത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ നിയമിച്ചത്. നിങ്ങളും പ്രിൻസിപ്പൽ സെക്രട്ടറിയും വിദേശയാത്ര നടത്തുമ്പോൾ പ്രതിയായ സ്ത്രീ അനുഗമിച്ചിരുന്നോ ഇല്ലയോ. ഈ സ്ത്രീ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ നിത്യസന്ദർശകയായിരുന്നോ എന്നാണ് ജനങ്ങൾക്കറിയേണ്ടത്. കള്ളക്കടത്തു സ്വർണം കസ്റ്രംസ് പിടിച്ചപ്പോൾ വിട്ടയയ്ക്കാൻ താങ്കളുടെ ഓഫീസ് സമ്മർദ്ദം ചെലുത്തിയിരുന്നുവോ ഇല്ലയോ. സുതാര്യമായി പ്രവർത്തിക്കേണ്ട മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് തുറന്നുപറയണം.

സി.പി.എമ്മും കോൺഗ്രസും വർഗീയ പാർട്ടിയായ എസ്.ഡി.പി.ഐയുമായി സഖ്യത്തിലാണ്. ബംഗാളിൽ കോൺഗ്രസും സി.പി.എമ്മും സഖ്യത്തിലാണ് . കോൺഗ്രസിന് കേരളത്തിൽ മുസ്ലിംലീഗുമായും ബംഗാളിൽ ഷെരിഫിന്റെ പാർട്ടിയുമായും മഹാരാഷ്ട്രയിൽ ശിവസേനയുമായാണ് സഖ്യം.

മോദിയുടെ നേട്ടങ്ങൾ

അതിർത്തിയിലെ പ്രശ്നങ്ങൾ ബി.ജെ.പി സർക്കാർ ഫലപ്രദമായി കൈകാര്യ ചെയ്തു. സാമ്പത്തിക അച്ചടക്കമുണ്ടാക്കി. 13 കോടി പാവങ്ങൾക്ക് സൗജന്യമായി പാചക വാതകം നൽകി. രണ്ടര കോടി പാവങ്ങൾക്ക് വീടും വൈദ്യുതിയും നൽകി.