1

തിരുവനന്തപുരം: ജാതിയും മതവും നോക്കി ഇടതു,വലതുമുന്നണികൾ നടപ്പാക്കുന്ന വികസന പ്രഹസനത്തിന് അന്ത്യം കുറിക്കുമെന്നും, ബി.ജെ.പി അധികാരത്തിലേറിയാൽ എല്ലാവർക്കും വികസനമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയം നടപ്പാക്കുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു കാസർകോട് നിന്നാരംഭിച്ച വിജയയാത്രയുടെ സമാപനത്തോടനുബന്ധിച്ച് ശംഖുമുഖത്ത് നടന്ന ബഹുജനറാലിയിൽ സംസാരിക്കുകയായിരുന്നു

അദ്ദേഹം.റാലി ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻ.ഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു. 'പുതിയ കേരളം മോദിക്കൊപ്പം' എന്നതാണ് മുദ്രാവാക്യം.

. എന്തിലാണ് കേരളം ഒന്നാമതെന്ന് സുരേന്ദ്രൻ ചോദിച്ചു..കൊവിഡിലോ,തൊഴിലില്ലായ്മയിലോ, ദാരിദ്രത്തിലോ,ദളിത്,ആദിവാസി , സ്ത്രീപീഡനങ്ങളിലോ, ലൗജിഹാദിലോ, മതഭീകരവാദത്തിലോ, ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുന്നതിലോ?.. നവോത്ഥാന നേതാക്കളായ ശ്രീനാരായണഗുരുവും മന്നത്ത് പത്മനാഭനും അയ്യാ സ്വാമിയും അയ്യങ്കാളിയും സ്വപ്നം കണ്ടത് ഇന്നത്തെ അഴിമതിയും വികസനമുരടിപ്പുമുള്ള കേരളമുണ്ടാക്കാനല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.മെട്രോമാൻ ഇ.ശ്രീധരനെ അമിത്ഷാ ആദരിച്ചു.നടൻ ദേവന്റെ കേരള പീപ്പിൾ പാർട്ടി ചടങ്ങിൽ ബി.ജെ.പി.യിൽ ലയിച്ചു. കോൺഗ്രസ് നേതാവും പന്തളം സുധാകരന്റെ സഹോദരനുമായ പന്തളം പ്രതാപൻ, മുൻ ജോയിന്റ് ലേബർ കമ്മിഷണർ കെ. വി. ബാലകൃഷ്ണൻ, സംവിധായകൻ വിനുകിരിയത്ത്, നടി രാധ, ഉദയസമുദ്ര രാജശേഖരൻ നായർ തുടങ്ങിയവർ അമിത് ഷായിൽ നിന്ന് ബി.ജെ.പി. അംഗത്വം ഏറ്റുവാങ്ങി.

ബി.ആർ. അംബേദ്കർ രചിച്ച പാകിസ്ഥാൻ അല്ലെങ്കിൽ ഇന്ത്യാവിഭജനം എന്ന പുസ്തകത്തിന് കെ.ജി.ബാബുവിന്റെ പരിഭാഷ അമിത്ഷാ ഇ.ശ്രീധരന് നൽകി പ്രകാശനം ചെയ്തു.ബി.ജെ.പി. കോർ കമ്മിറ്റി അംഗങ്ങൾ പടുക്കൂറ്റൻ ഹാരവും തലപ്പാവും അണിയിച്ച് അമിത്ഷായെ സ്വീകരിച്ചു. ഇ.ശ്രീധരൻ,പി. കെ.കൃഷ്ണദാസ്, ദേവൻ, ടി.പി.സിന്ധുമോൾ, തുടങ്ങിയവർ സംസാരിച്ചു. ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് സ്വാഗതവും .,ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് നന്ദിയും പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, വി.മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ്നാരായണൻ,സി.പി.രാധാകൃഷ്ണൻ, കർണാടകനിയമസഭയിലെ ചീഫ് വിപ്പ് സുനിൽകുമാർ ,ബി.ഡി.ജെ.എസ്. അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, കേരളകോൺഗ്രസ് നേതാവ് പി.സി.തോമസ്, എൽ.ജെ.പി.നേതാവ്എം. മെഹ്ബൂബ്,ജെ.ആർ.പി. നേതാവ് സി.കെ.ജാനു, പാർട്ടി നേതാക്കളായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ,അഖിലേന്ത്യാവക്താവ് ഗോപാൽകൃഷ്ണ അഗർവാൾ, എ.പി.അബ്ദുള്ളക്കുട്ടി, എം.ടി.രമേശ്,സി.കെ.പത്മനാഭൻ, ഡോ.കെ.എസ്.രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ, ബി.ഗോപാലകൃഷ്ണൻ,ജോർജ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.

കേരള വികസനത്തിന് എന്ത് ചുമതലയുമേൽക്കും:ഇ.ശ്രീധരൻ

തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പി. അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച വിജയയാത്രയുടെ സമാപന ചടങ്ങിൽ താരമായി മെട്രോമാൻ ഇ.ശ്രീധരൻ.. രാജ്യം മുഴുവൻ അടിസ്ഥാന സൗകര്യവികസനത്തിൽ പുതിയ വഴിത്താര വെട്ടിതെളിച്ച ശ്രീധരൻ സ്വന്തംനാടിനെ പുനർനിർമ്മിക്കാൻ ബി.ജെ.പിയെ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. തന്നെ ഷാളണിയിക്കാനെത്തിയ ശ്രീധരനെ അതിനനുവദിക്കാതെ, തിരിച്ച് പൊന്നാടയണിയിച്ചാണ് അമിത്ഷാ ആദരിച്ചത്.56 വയസായപ്പോൾ പണിനിറുത്തിയാലോ എന്നാലോചിച്ചയാളാണ്താനെന്നും, ഇൗ പ്രായത്തിലും സ്വന്തം നാടിനെ സേവിക്കാൻ ഇ..ശ്രീധരൻ ഇറങ്ങിത്തിരിച്ചത് പ്രചോദനമാണെന്നും ഷാ പറഞ്ഞു.67 വർഷം രാജ്യത്തെ സേവിച്ചു. ഇപ്പോഴും ആത്മബലവും ദേഹബലവുമുണ്ട്. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിലാണ് ബി.ജെ.പി.യിൽ ചേർന്നത്.

ഇ. ശ്രീധരന് അമിത് ഷായുടെ സല്യൂട്ട്

തിരുവനന്തപുരം: 56 വയസായ താൻ പലപ്പോഴും ഇതൊക്കെ മതിയാക്കിയാലോ എന്നാലോചിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രായത്തിലും ചുറുചുറുക്ക് കാണിക്കുന്ന ഇ. ശ്രീധരനെ സല്യൂട്ട് ചെയ്യുന്നതായി അമിത് ഷാ പറഞ്ഞു. മെട്രോ മാൻ എന്നറിയപ്പെടുന്ന ശ്രീധരൻ നിർമ്മിച്ച മെട്രോയോളം പ്രാധാന്യമുളളതാണ് എൻജിനിയറിംഗ് സാഹസികതയായ കൊങ്കൺ റെയിൽവേയും. ഇതോടെ അവികസിതമായിരുന്നു ദക്ഷിണേന്ത്യയിലെ പലഭാഗങ്ങളും വികസിതമായി. അനേകം പശ്ചാത്തല വികസന പദ്ധതികൾ ഏറ്രെടുത്ത ഇ. ശ്രീധരൻ നാടിന്റെ നിർമ്മാണത്തിനായി ബി.ജെ.പിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

വിനോദിനിയെ വേട്ടയാടുന്നുവെന്ന് പറയാത്തതിൽ ആശ്വാസം : വി.മുരളീധരൻ

തിരുവനന്തപുരം: കസ്റ്റംസ് എന്ന ഏജൻസിയാണ് ഡോളർ കടത്ത് കേസിലെ കക്ഷിയെന്നും ,അതിലെ മുതിർന്ന ഉദ്യോഗസ്ഥൻ കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യുക സ്വാഭാവികമാണെന്നും കേരള മുഖ്യമന്ത്രിക്ക് അറിയില്ലേയെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ചോദിച്ചു.തനിക്കിത് അറിയില്ലെന്ന തോന്നലിൽ വാർത്താക്കുറിപ്പ് തയ്യാറാക്കി അപഹസിച്ചയാളെ മാറ്റി നിറുത്തുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച വിനോദിനി ബാലകൃഷ്ണനെ വി. മുരളീധരൻ വേട്ടയാടുന്നുവെന്ന് പറഞ്ഞില്ലല്ലോ എന്നതിൽ ആശ്വാസമുണ്ട്.. ഇക്കാര്യത്തിലെങ്കിലും സത്യസന്ധത പുലർത്തിയതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു..കസ്റ്റംസ് സൂപ്രണ്ട് കക്ഷിയായ കേസിൽ കസ്റ്റംസ് കമ്മിഷണർ എന്തിന് മറുപടി പറയണമെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. കമ്മിഷണർ മറുപടി നൽകിയത് എന്തുകൊണ്ടെന്ന് സാമാന്യ ബുദ്ധിയനുസരിച്ച് മുഖ്യമന്ത്രി തിരിച്ചറിയണം. വിദേശത്ത് നിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്. ഇതെല്ലാം ധനകാര്യ വകുപ്പിന്റെ കീഴിലുള്ള കസ്റ്റംസിന്റെ ജോലിയാണെന്ന് അദ്ദേഹത്തിന് അറിയില്ലെങ്കിൽ മാദ്ധ്യമ പ്രവർത്തകരെങ്കിലും പറഞ്ഞ് മനസിലാക്കണം.

കേരളം അഴിമതിയുടെ ഭൂമിയായി:അമിത് ഷാ

തിരുവന്തപുരം: സാമൂഹ്യ പരിഷ്കരണങ്ങളുടെയും നവോത്ഥാനത്തിന്റെയും നാടായ കേരളം അഴിമതിയുടെയും രാഷ്ട്രീയ അക്രമത്തിന്റെയും ഭൂമിയായി മാറിയെന്ന് അമിത് ഷാ പറഞ്ഞു. സി.പി.എം സർക്കാർ അയ്യപ്പഭക്തരോട് അതിക്രമം കാണിച്ചപ്പോൾ കോൺഗ്രസ് മൗനവ്രതത്തിലായിരുന്നു. കേന്ദ്രസർക്കാർ ലോകത്താകെ കൊവിഡ് വാക്സിൻ എത്തിക്കുമ്പോൾ കേരളത്തിൽ കൊവിഡ് വർദ്ധിക്കുന്നു. 500 പേർ പ്രളയത്തിൽ മരിച്ചപ്പോൾ ഡോളർ കടത്തിയ സുഹൃത്തുക്കളെ രക്ഷിക്കാനായിരുന്നു സർക്കാരിന് വ്യഗ്രത. കേരളത്തിന് കേന്ദ്രം തന്നത് തമിഴ് നാട്ടിലെ പുകലൂരിൽ നിന്ന് തൃശൂരിലേക്കുള്ള 2000 മെഗാവാട്ട് പദ്ധതി, കാസർകോട്ടെ 50 മെഗാവാട്ട് പദ്ധതി, രണ്ട് സ്മാർട്ട് സിറ്രികൾക്ക് 737 കോടി, അമൃത് പദ്ധതിക്ക് 110 ഉൾപ്പെടെ 1,56,000 കോടിയുടെ പദ്ധതികൾ കേരളത്തിന് നൽകി. എൽ.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ച കേരളത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഒരവസരം എൻ.ഡി.എയ്ക്ക് നൽകണമെന്നും അമിത് ഷാ അഭ്യർ‌ത്ഥിച്ചു.