
ചേർത്തല: വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുകൃഷ്ണ വെട്ടേറ്റ് മരിച്ച സംഭത്തിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇവർക്ക് സംരക്ഷണമൊരുക്കിയ 3 പേർ അറസ്റ്റിലായി. കേസിലെ 13-ാം പ്രതി വയലാർ പയത്തിക്കാട്ട് സിറാജുദ്ദീൻ (സിറാജ്-36), കണ്ടാലറിയാവുന്ന പ്രതി അരൂർ ചന്തിരൂർ ഇളയപാടം ഒടിയിൽ ഷമ്മാസ് (39) എന്നിവരേയും സിറാജിന് ഒളിത്താവളമൊരുക്കിയ താമരക്കുളം റഹിം മൻസിലിൽ റിയാസ് (25), കൃഷ്ണപുരം കിഴക്കേതിൽ മുല്ലശേരി ഷാബുദ്ദീൻകുഞ്ഞ് (49), തൃക്കുന്നപുഴ വടച്ചിറയിൽ ഷിയാദ് (34) എന്നിവരെയുമാണ് ഡിവൈ എസ്.പി വിനോദ്പിള്ള, സി.ഐ പി.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് രാത്രിയാണ് വയലാർ നാഗംകുളങ്ങര കലവയിൽ നന്ദുകൃഷ്ണ വെട്ടേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കെ.എസ്. നന്ദുവിന് കൈയ്ക്ക് വെട്ടേറ്റിരുന്നു. 25 പേരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.