vivadavela

ഇത്തവണ കേരളം അന്താരാഷ്ട്ര വനിതാദിനം ആചരിച്ചത്, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മൂർദ്ധന്യത്തിലാണ്. കേരള സംസ്ഥാനം രൂപീകൃതമായിട്ട് 64 വർഷം പിന്നിട്ടിരിക്കുന്നു. ഇന്ത്യയിൽ ജനാധിപത്യം അതിന്റെ ഉയർച്ചതാഴ്ചകളിലൂടെ കടന്നുപോയി മറ്റൊരു രൂപം കൈവരിച്ചിക്കുന്നു. ആ ജനാധിപത്യത്തിന്റെ നിലനില്പ് പലവിധ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഇന്ത്യൻ ജനാധിപത്യം മദ്ധ്യവയസ് പിന്നിട്ടിരിക്കുന്ന വേളയിൽ ഉയരുന്ന ചോദ്യങ്ങൾ അത്ര ആശാവഹമല്ല. ഇന്ത്യൻ ഗ്രാമങ്ങളുടെ ആത്മാവായ കർഷകൻ തന്റെ നിലനില്പിന് തടസമായി നിൽക്കുന്ന നിയമനിർമ്മാണങ്ങളെ ചോദ്യം ചെയ്യുമ്പോൾ, ആ ചോദ്യങ്ങൾ രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന 'ജനാധിപത്യ പരിസരം' എങ്ങനെയാണ് ആശാവഹമായിത്തീരുക?

അതൊരു ചോദ്യമായി നിലനിറുത്തിക്കൊണ്ട് വനിതാദിനത്തിലേക്ക് വരാം. ഇത്തവണത്തെ വനിതാദിനത്തിലും സമീപദിവസങ്ങളിലും കേരളത്തിലെ മുന്നണി രാഷ്ട്രീയം ചർച്ച ചെയ്‌തത് വനിതകളുടെ സ്ഥാനാർത്ഥിത്വമായിരുന്നു!.

നിയമസഭാ തിരഞ്ഞെടുപ്പിലെ ശുഷ്‌കമായ വനിതാ പ്രാതിനിദ്ധ്യം വിമർശനപരമായി ചൂണ്ടിക്കാണിക്കപ്പെട്ടത് സമീപദിവസം ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയിലായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച കരട് സാദ്ധ്യതാപട്ടികയിൽ ഇടംപിടിച്ചത് 11 വനിതകൾ. എൺപത്തിയഞ്ചോളം നിയോജകമണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ നിശ്ചയിച്ചപ്പോഴാണിത്. 2016ൽ 92 സീറ്റുകളിലേക്ക് മത്സരിച്ച സി.പി.എം അക്കുറി പരിഗണിച്ചത് 12 വനിതകളെയായിരുന്നു. ആ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണത്തെ ശതമാനത്തോത് ഉയർന്നത് തന്നെയെങ്കിലും കാര്യങ്ങൾ ശുഭകരമല്ല.

തിരഞ്ഞെടുപ്പ് രാഷ്ട്രീയചർച്ചകളിൽ ഇടംനേടിയ വനിതകളെ ചുറ്റിപ്പറ്റിയുയർന്ന തർക്കങ്ങളാണ് മറ്റൊരു കൗതുകം . സി.പി.എമ്മിൽ ചർച്ചചെയ്യപ്പെട്ട വനിതാ സ്ഥാനാർത്ഥി പട്ടികയിൽപ്പെട്ട ചില പേരുകൾ ചൂടേറിയ ചർച്ചകൾക്ക് വിത്തുപാകി. പാലക്കാട് ജില്ലയിലെ പട്ടികജാതി സംവരണമണ്ഡലമായ തരൂരിലേക്ക്, സിറ്റിംഗ് എം.എൽ.എയായ മന്ത്രി എ.കെ. ബാലൻ ഒഴിയുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും ആരോഗ്യവകുപ്പ് മുൻ ഡയറക്ടറുമായ ഡോ.പി.കെ. ജമീലയുടെ പേര് ഉയർന്നുവന്നതാണ് അതിലേറ്റവും പ്രധാനം.

ഡോ.ജമീല, സതീദേവി , ലതിക സുഭാഷ് , ശോഭാ സുരേന്ദ്രൻ

കമ്മ്യൂണിസ്റ്റ്- കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ നായകരിലൊരാളും അധസ്ഥിത ജനവിഭാഗത്തിൽ നിന്നുയർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിൽ വരെ എത്തിച്ചേർന്ന നേതാവുമായിരുന്ന പി.കെ. കുഞ്ഞച്ചന്റെ മകളാണ് ഡോ.ജമീല. കുഞ്ഞച്ചൻ സാംബവസമുദായത്തിൽ നിന്നുള്ളയാളാണ്. കമ്മ്യൂണിസ്റ്റ് കുടുംബപാരമ്പര്യം, മെഡിക്കൽ വിദ്യാർത്ഥിനിയായിരിക്കെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവർത്തിച്ച പരിചയം എന്നിവ ജമീലയ്‌ക്ക് തുണയാണ്. ആരോഗ്യവകുപ്പ് ഡയറക്ടർ വരെയായി ഈ മേഖലയിൽ ശോഭിച്ച കറകളഞ്ഞ ഉദ്യോഗസ്ഥ വ്യക്തിത്വമാണ് അവരുടേതെന്നതും നിസ്തർക്കമാണ്. പാർലമെന്ററി രാഷ്ട്രീയത്തിൽ അതൊരു മുതൽക്കൂട്ടുമാകാം.

സർക്കാർ ആരോഗ്യമേഖലയിലെ പ്രവർത്തനത്തിന്റെ ഔദ്യോഗിക പരിമിതി, സജീവരാഷ്ട്രീയ,സംഘടനാ സംവിധാനങ്ങളിൽ നിന്ന് ഡോ.ജമീലയെ അകറ്റിനിറുത്തിയിരുന്നു. എന്നാൽ ആ കാലയളവിൽ, സി.പി.എമ്മിന്റെ സംഘടനാസംവിധാനത്തിനകത്ത് പാലക്കാട് ജില്ലയിൽ തന്നെ സജീവമായി പ്രവർത്തിച്ചുപോരുന്ന പട്ടികവിഭാഗത്തിൽ നിന്നുള്ള അവരെ ബാലന്റെ പിൻഗാമിയായി ഉയർത്തിക്കൊണ്ടുവരാൻ പാർട്ടിയുടെ സംഘടനാസംവിധാനത്തിന് കഴിയേണ്ടതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെപ്പോലെ, ഒരു സമരപ്രസ്ഥാനത്തിന് അതാകും കൂടുതൽ ഉചിതം. അതുകൊണ്ടാണ് ഡോ.ജമീലയുടെ സ്ഥാനാർത്ഥിത്വം പലനിലയിൽ ചോദ്യം ചെയ്യപ്പെട്ടത്. അത് തിരിച്ചറിയപ്പെടുന്നതും ഒരു രാഷ്ട്രീയ സൗന്ദര്യമാണ്.

സി.പി.എമ്മിന്റെ വർഗ-ബഹുജന പ്രസ്ഥാനമാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ. അതിന്റെ സംസ്ഥാന ജനറൽസെക്രട്ടറിയായ പി. സതീദേവിയുടെ പേര് കൊയിലാണ്ടി മണ്ഡലത്തിലേക്ക് ജില്ലാനേതൃത്വം നിർദ്ദേശിച്ചപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ, ആ പേരിലെ ജയസാദ്ധ്യത ചില കേന്ദ്രങ്ങൾ ചോദ്യം ചെയ്തു. ആ പേര് നീങ്ങി മറ്റൊരു പേര് ഉയർന്നുവന്നു. അവിടെ ചോദ്യം ചെയ്യപ്പെട്ടത്, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്ന പ്രസ്ഥാനത്തിന്റെ ജനപ്രിയത തന്നെയല്ലേ. വടകരയിൽ നിന്ന് നേരത്തേ എം.പി ആയിരുന്നു പി. സതീദേവി,. അതുകൊണ്ടാണ് ജനപ്രിയതയുടെ അളവുകോലിൽ അവർ പിന്തള്ളപ്പെടുന്നതിലെ യുക്തി ചില കേന്ദ്രങ്ങളിൽ ചർച്ചയായത്.

സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ പത്നി, കോളേജ് അദ്ധ്യാപിക പ്രൊഫ. ബിന്ദു ഇരിങ്ങാലക്കുടയിലേക്ക് പരിഗണിക്കപ്പെട്ടതും ഇക്കൂട്ടത്തിൽ ചർച്ചയായെങ്കിലും വലിയ കോലാഹലങ്ങളിലേക്ക് നീങ്ങാതിരുന്നത് മഹിളാ അസോസിയേഷനുമായി ബന്ധപ്പെട്ടും കോളേജദ്ധ്യാപക സംഘടനയിലും മറ്റുമുള്ള അവരുടെ പ്രവൃത്തിപരിചയം കൊണ്ടാകാം. തൃശൂരിൽ മുൻ മേയറായിരുന്നു ബിന്ദു.

ലീഗിന്റെ മാറ്റം ചർച്ചയാകുമ്പോൾ

മുസ്ലിംലീഗ് സ്ഥാനാർത്ഥിപട്ടികയിലേക്ക് ഇത്തവണ വനിതയെ പരിഗണിക്കുമെന്ന വാർത്തകൾ വലിയ ചർച്ചയാകുന്നത്, ലീഗിന്റെ പരമ്പരാഗതരീതി തിരിച്ചറിയുന്നതിനാലാണ്. സ്ത്രീകളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പരിഗണിക്കണമെന്ന ചിന്താഗതിക്കാരല്ല യാഥാസ്ഥിതിക മുസ്ലിം സമുദായനേതൃത്വം. പക്ഷേ, ഒരു പരിഷ്കൃതസമൂഹത്തിൽ സ്വാധീനശക്തിയായി നില്‌ക്കുന്ന മുഖ്യധാരാ രാഷ്ട്രീയകക്ഷിയെന്ന നിലയിൽ ലീഗ് നേതൃത്വം അതിൽനിന്ന് കുതറിമാറി നടക്കേണ്ടവരാണ്. അതുണ്ടാകുന്നില്ല. ഇത്തവണ അതുണ്ടാകുമെന്ന് പറയുമ്പോൾ സ്വാഭാവികമായും അതിലേക്ക് ആകാംക്ഷയോടെ എല്ലാവരും ഉറ്റുനോക്കും.

ലതികയുടെ വേദന

മലമ്പുഴയിൽ 2011ൽ വി.എസ്. അച്യുതാനന്ദനെ നേരിടാൻ കോൺഗ്രസ് നിയോഗിച്ച വനിതയായിരുന്നു ലതിക സുഭാഷ്. അവരിന്ന് മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷയാണ്. കോട്ടയം ജില്ലയിൽ, ഏറ്റുമാനൂർ നിയോജകമണ്ഡലത്തിനകത്ത് താമസക്കാരിയായ അവരുടെ വേദനയാണ് കഴിഞ്ഞ ദിവസം ദൃശ്യമാദ്ധ്യമങ്ങളിലൂടെ പലരും കണ്ടത്. ഏറ്റുമാനൂരിൽ അവർ മത്സരിക്കാനായി മാനസികമായി തയാറെടുത്ത് നിന്നിരുന്നു. സീറ്റ് വിഭജനത്തിൽ കേരള കോൺഗ്രസ്- ജോസഫ് വിഭാഗം കാട്ടിയ പിടിവാശിയിൽ ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കൈവിട്ടു. ഫലത്തിൽ കൈവിട്ടത് ലതിക സുഭാഷിനെ തന്നെയായിരുന്നു. മറ്റേതെങ്കിലും മുതിർന്ന നേതാവിനായി കരുതിവച്ച മണ്ഡലം കോൺഗ്രസ് ഇങ്ങനെ വിട്ടുനൽകുമോയെന്ന് ചോദിക്കുമ്പോഴാണ്, ലതികയുടെ വേദനയുടെ ആഴം നമുക്ക് തിരിച്ചറിയാനാവുക.

ബി.ജെ.പിയിലേക്ക് നോക്കൂ

സംസ്ഥാന ബി.ജെ.പിയിലേക്ക് നോക്കൂ. ശോഭ സുരേന്ദ്രനാണ് അവിടെ നിരന്തരം വാർത്തകൾ സൃഷ്ടിക്കുന്നത്. തിരുവനന്തപുരത്ത് ഉദ്യോഗാർത്ഥികളുടെ സമരപ്പന്തലിൽ അവർ ഐക്യദാർഢ്യമർപ്പിച്ച് സമരമിരുന്നപ്പോൾ ബി.ജെ.പിയുടെ മുഖ്യധാരാ നേതാക്കളാരും തിരിഞ്ഞുനോക്കിയില്ല! ബി.ജെ.പിയിലെ ജനപ്രിയതയുടെ അളവുകോൽ പരിശോധിച്ചാൽ, ശോഭ മുൻനിരയിലുള്ള നേതാവാണ്. പക്ഷേ പാർട്ടി ഭാരവാഹിത്വത്തിൽ അവർ തഴയപ്പെട്ടു. അതിലുള്ള അവരുടെ പരിഭവം ബധിരകർണങ്ങളിലാണ് പതിച്ചത്. നിവൃത്തിയില്ലാതെയാവണം, ക്രമേണ പാർട്ടിവേദികളിൽ പിണക്കം മാറ്റിവച്ച് അവർ വന്ന് തുടങ്ങിയപ്പോഴും അവഗണനയുടെ കയ്പുനീരാണ് കുടിക്കേണ്ടി വന്നത്. ഇനി സ്ഥാനാർത്ഥിത്വത്തിലേക്ക് അവർ പരിഗണിക്കപ്പെടുമോ എന്ന് ബി.ജെ.പിക്കാർ പലരും ഉറ്രുനോക്കുന്നു.

വനിതകൾക്ക് കയ്‌ക്കുന്നു

രാഷ്ട്രീയമുഖ്യധാരയിലും പലപ്പോഴും പുരുഷമേധാവിത്വത്തിന്റെ ഇരകളാണ് സ്ത്രീകൾ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്ന് മത്സരിച്ച കോൺഗ്രസ് പ്രതിനിധി രമ്യഹരിദാസിനെതിരെ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ നടത്തിയ ദ്വയാർത്ഥപ്രയോഗം വലിയ ആക്ഷേപങ്ങൾ ക്ഷണിച്ചുവരുത്തി. മലമ്പുഴയിൽ 2011ൽ തനിക്കെതിരെ മത്സരിച്ച ലതിക സുഭാഷിനെക്കുറിച്ച് വി.എസ്. അച്യുതാനന്ദൻ നടത്തിയ പ്രയോഗവും ചില്ലറ കോളിളക്കമല്ല സൃഷ്ടിച്ചത്. കുളത്തൂപ്പുഴയിൽ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ,​ വാർത്താലേഖകരുടെ ഒരു പ്രകോപന ചോദ്യത്തിന്,​ ഡി.വൈ.എഫ്.ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്നുണ്ടോയെന്ന് ചോദിച്ചുപോയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പിടിച്ചത് പുലിവാലിലായിരുന്നു. ഇവരെല്ലാവരും പിന്നീട്,​ സ്ത്രീത്വത്തെ മാനിക്കുന്നവരാണ് തങ്ങളെന്ന് സ്വയം വിശേഷിപ്പിച്ച് വിശദീകരണവുമായെത്തുകയുണ്ടായി. ആ വിശേഷണം മറ്റുള്ളവർ നല്‌കേണ്ടതാണെന്ന് ഇവർ തിരിച്ചറിയാതെ പോകുന്നതാണ് ദുര്യോഗം.

നിയമസഭയിലെ നാമമാത്ര പ്രാതിനിദ്ധ്യം

1957 മുതലിങ്ങോട്ടുള്ള 14 കേരളനിയമസഭകളുടെയും ചരിത്രമെടുത്താൽ, പാർശ്വവത്കൃത സമൂഹമാണിപ്പോഴും സ്ത്രീകളെന്ന പ്രതീതിയാണുണ്ടാവുക. അറുപത്തിനാല് കൊല്ലക്കാലത്തിനിടയിൽ കേരള നിയമസഭയിലെത്തിപ്പെട്ട വനിതകൾ 88 പേർ മാത്രമാണ്. അതിൽ 57 പേർ സ്വാഭാവികമായും ഇടതുപക്ഷക്കാർ തന്നെ. ഇപ്പോൾ ഒഴിയാനിരിക്കുന്ന പതിന്നാലാം നിയമസഭയിൽ ഒൻപത് പേരാണ് വനിതകൾ. എട്ടുപേരും ഇടതുപക്ഷത്ത്. ഒരാൾ മാത്രമാണ് യു.ഡി.എഫിൽ. അതും 2019ലെ ഉപതിരഞ്ഞെടുപ്പിൽ അരൂരിൽ നിന്ന് ജയിച്ചുവന്ന ഷാനിമോൾ ഉസ്മാൻ. 2016ലെ മത്സരചിത്രം നോക്കുക. യു.ഡി.എഫിൽ നിന്ന് വനിതകളെ മത്സരിപ്പിച്ചത് കോൺഗ്രസ് മാത്രം. ഒമ്പത് വനിതകൾക്ക് അവർ സീറ്റുകൾ നൽകി. ആരും വിജയിച്ചില്ല. എൽ.ഡി.എഫ് 17 വനിതകളെ പരിഗണിച്ചു. 12 പേരെ സി.പി.എമ്മും നാലുപേരെ സി.പി.ഐയും ഒരാളെ ജനതാദൾ-എസും. വിജയിച്ച എട്ടുപേരിൽ അഞ്ചുപേർ സി.പി.എമ്മിന്റെയും മൂന്നുപേർ സി.പി.ഐയുടെയും പ്രതിനിധികൾ.

വനിതാദിനത്തിന്റെ പ്രസക്തി

ന്യൂയോർക്കിൽ, തുണിമില്ലുകളിൽ ജോലിയെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച് കുറഞ്ഞ ശമ്പളം, ദീർഘസമയ ജോലി എന്നിവയ്‌ക്കെതിരെയും മുതലാളിത്തത്തിനെതിരെ വോട്ട് ചെയ്യുക എന്ന അവകാശത്തിനായും ആദ്യമായി ശബ്ദമുയർത്തിയത് 1857 മാർച്ച് എട്ടിനാണ്. പിന്നീട് അത് ലോകമാകെ സമരാഗ്നിയായി പടർന്നു. ജർമ്മൻ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി വനിതാവിഭാഗം അദ്ധ്യക്ഷയും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ജർമ്മനിയുടെ നേതാവുമായി മാറിയ ക്ലാര സെട്കിനിന്റെ മുൻകൈയിൽ അന്താരാഷ്ട്ര വനിതാദിനാചരണത്തിന് വിത്തുപാകി.

ക്ലാരയുടേത് കൃത്യമായ തൊഴിലാളിപക്ഷ കാഴ്ചപ്പാടായിരുന്നു. ബൂർഷ്വാ ഫെമിനിസത്തെ അവർ എതിർത്തു. തൊഴിലെടുക്കുന്ന സ്ത്രീകൾ ആഗ്രഹിക്കുന്നത് ബൂർഷ്വാ ഫെമിനിസത്തിൽ നിന്നുള്ള വിമോചനമാണെന്നവർ പ്രഖ്യാപിച്ചു. സ്ത്രീവിമോചനം കേവലമായ ഒരു പ്രശ്നമല്ലെന്ന് ക്ലാര നിരീക്ഷിച്ചു. വർത്തമാന സമൂഹത്തിൽ ഒരിക്കലും പരിഹരിക്കപ്പെടാത്ത വലിയ സാമൂഹ്യസമസ്യയായി അവരതിനെ കണ്ടു. ആ സമസ്യ പരിഹരിക്കപ്പെടണമെങ്കിൽ സമ്പൂർണമായ സാമൂഹ്യപരിഷ്കരണത്തിലൂടെയേ സാധിക്കൂ എന്നാണ് ക്ലാര വിലയിരുത്തിയത്.

അത്തരമൊരു സാമൂഹ്യപരിഷ്കരണം കേരളമുൾപ്പെടെ, ഉപഭോഗസംസ്കാരത്തെ വാരിപ്പുണരുന്ന സമൂഹത്തിൽ അത്രയെളുപ്പം സാദ്ധ്യമാണെന്ന് കരുതുക വയ്യ. ആഗോളീകരണ- ഉദാരീകരണപ്രക്രിയയെ വാരിപ്പുണരുന്ന വർത്തമാനകാലത്ത്, കേരളത്തിൽ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന വികസനസങ്കല്പങ്ങൾ പോലും നവ ഉദാരീകരണ നയസമീപനത്തിന് അനുസൃതമായിക്കൊണ്ടിരിക്കുമ്പോൾ (കിഫ്ബിയിലൂന്നിയ വികസനസങ്കല്പങ്ങൾ ഉദാഹരണം) അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രസക്തി പോലും ചോദ്യം ചെയ്യപ്പെടുകയാണ്.