dd

കളക്ടർക്ക് പരാതി നൽകി

കല്ലമ്പലം: നാവായിക്കുളം പള്ളിക്കൽ മേഖലകളിൽ കാട്ടു പന്നി ശല്യത്താൽ പൊറുതിമുട്ടി കർഷകർ. വേനൽ കടുത്തതോടെയാണ് പന്നികളുടെ ശല്യം രൂക്ഷമായത്. ഒറ്റയായും കൂട്ടമായും എത്തുന്ന പന്നികൾ വലിയ തോതിലാണ് കാർഷിക വിളകൾ നശിപ്പിക്കുന്നത്. കഴിഞ്ഞദിവസം പള്ളിക്കൽ കദളിപച്ച ശില്പയിൽ വിക്രമൻപിള്ള ഉൾപ്പെടെ 11 പേരുടെ കൃഷിയിടത്തിലാണ് പന്നിക്കൂട്ടം നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. നിത്യവും പന്നിശല്യം നേരിടുന്ന വിക്രമൻനായർ ഇതു സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകി. മൂതല, കല്ലടത്തണ്ണി പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്.

2 ആഴ്ച മുൻപാണ് രാത്രി പാരിപ്പള്ളിയിൽ പോവുകയായിരുന്ന പരവൂർ സ്വദേശി വിജകുമാറിന് പന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റത്. കൂട്ടമായി വന്ന പന്നികൾ ബൈക്ക് ആക്രമിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡിലൂടെ നിരങ്ങി ഇറങ്ങി. കാലിനും കൈയ്ക്കും പരിക്കേറ്റ വിജയകുമാർ പാരിപ്പള്ളി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. മുൻപ് നാവായിക്കുളം ഭാഗത്തും സമാനരീതിയിൽ പന്നികളുടെ ആക്രമണം ഉണ്ടായി. അതിൽ യുവാവിന്റെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. നാവായിക്കുളം പ്രദേശങ്ങളിലും പന്നികളുടെ ശല്യം രൂക്ഷമാണ്. ഇത് മൂലം പ്രദേശവാസികൾക്ക് പുറത്തിറങ്ങാനും പേടിയാണ്. കൊയ്യാൻ പാകമായ നിലങ്ങളിലും ഇവ രാത്രി വലിയ നാശം വിതയ്ക്കുന്നു. ശക്തമായ നടപടി വേണമെന്ന് പാടശേഖര സമിതികളും നാട്ടുകാരും ആവശ്യപ്പെട്ടു.

കൃഷിക്ക് രക്ഷയില്ല

ഇടവിളയായി കൃഷി ചെയ്തിരുന്ന മരച്ചീനി, ചേമ്പ് തുടങ്ങിയവയാണ് കൂടുതലായും പന്നികൾ നശിപ്പിക്കുന്നത്. കൂട്ടമായി എത്തുന്ന ഇവ മരച്ചീനിയുടെ മൂട് കുഴിച്ച് കിഴങ്ങ് തിന്ന് നശിപ്പിക്കും.

സൂചനാ ബോർഡുകൾ വേണം

അപകടങ്ങൾ ഒഴിവാക്കുന്നതിന് ഇളബ്രക്കോട് മുതൽ പോരേടം പള്ളി വരെ സൂചനാ ബോർഡുകൾ സ്ഥാപിക്കണം. വർഷങ്ങളായുള്ള ഈ ആവശ്യം പോലും ഇനിയും പരിഗണച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.