bjp

നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും കേരളത്തിലും നടക്കാനിരിക്കുന്ന കടുത്ത പോരാട്ടത്തിലേക്കാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഇവയ്ക്കൊപ്പം തന്നെ ഏപ്രിൽ 6ന് ഒറ്റഘട്ടമായി കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും മറ്റുള്ളവയെ അപേക്ഷിച്ച് പുതുച്ചേരിയിലേക്കുള്ള ദേശീയ ശ്രദ്ധ താരതമ്യേന കുറവാണ്. പുതുച്ചേരി നിയമസഭയിലുള്ള ആകെ 33 അംഗങ്ങളിൽ 30 പേരെയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നത്.

കോൺഗ്രസ്, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ പാർട്ടികളുടെ കൈകളിലായിരുന്നു ഇത്രയും കാലം മാറി മാറി പുതുച്ചേരിയുടെ ഭരണത്തിന്റെ താക്കോൽ. അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾക്കനുസരിച്ച് കോൺഗ്രസും ദ്രാവിഡ പാർട്ടികളും തമ്മിൽ സഖ്യം ചേർന്നും പുതുച്ചേരിയെ നയിച്ചു.

എന്നാൽ, അടുത്തിടെ പുതുച്ചേരിയിൽ നടന്ന രാഷ്ട്രീയ നാടകങ്ങൾ കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചതാണ്. കാലാവധി തികയ്ക്കുന്നതിന് മുമ്പ് നാരായണ സ്വാമി സർക്കാർ വീണു. നാരായണ സ്വാമി സർക്കാരിന്റെ പതനത്തോടെ ദക്ഷിണേന്ത്യയിൽ ഒരിടത്തും ഒറ്റയ്ക്കോ സഖ്യമായോ കോൺഗ്രസ് ഭരണത്തിൽ ഇല്ലാതായി. കോൺഗ്രസിനേറ്റ ഗൗരവമേറിയ തിരിച്ചടി തന്നെയായിരുന്നു ഇത്. കാരണം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ മുഖ്യ എതിരാളിയായ ബി.ജെ.പിയിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വരുമ്പോൾ ദക്ഷിണേന്ത്യ കോൺഗ്രസിനെ തുണച്ചിരുന്നു.

എന്നാൽ, കോൺഗ്രസ് - ഡി.എം.കെ സഖ്യത്തെ അട്ടിമറിച്ച് പുതുച്ചേരിയിൽ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസിനെയും എ.ഐ.ഡി.എം.കെയും ഒപ്പം കൂട്ടി പുതുച്ചേരിയുടെ ഭരണം സ്വന്തമാക്കുക എന്നതായിരുന്നു ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം. ഒരു സഖ്യ കക്ഷിയോടുള്ള അനുബന്ധ പാർട്ടിയെന്നതല്ല മറിച്ച് സഖ്യത്തിലെ നിർണായക ശക്തിയാകാനാണ് ബി.ജെ.പിയുടെ നീക്കം. കർണാടകം ഒഴിച്ചാൽ തമിഴ്നാട്ടിലും കേരളത്തിലും തങ്ങളുടെ ശക്തി തെളിയിക്കാനും ബി.ജെ.പി പദ്ധതിയിടുന്നു.

കർണാടകയിലേതു പോലെ കോൺഗ്രസിലെ വിമതൻമാർ തന്നെയായിരുന്നു കോൺഗ്രസിനെ വീഴ്ത്താൻ ബി.ജെ.പിയ്ക്ക് ആയുധമായത്. എന്നാൽ, എൻ.ആർ കോൺഗ്രസിനെ കൂടെ നിറുത്തി ബി.ജെ.പിയെ തറപ്പറ്റിക്കാൻ കോൺഗ്രസ് മുതിർന്നെന്ന് വരാം.

എൻ. രംഗസ്വാമിയുടെ എൻ.ആർ.കോൺഗ്രസിനെ ഡി.എം.കെയും കോൺഗ്രസും കഴിഞ്ഞ ദിവസം സഖ്യത്തിലേക്ക് ക്ഷണിച്ചിരുന്നു. പണവും തന്ത്രവുമുപയോഗിച്ച് പുതുച്ചേരിയെ കൈയിലെടുക്കാനുള്ള ബി.ജെ.പിയുടെ ശ്രമം ഏതു വിധേനെയും തടയുമെന്നാണ് കോൺഗ്രസ് പക്ഷം. 2011ലെ നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ നിന്ന് പിളർന്നതോടെയാണ് മുൻ മുഖ്യമന്ത്രി കൂടിയായ എൻ. രംഗസ്വാമി എൻ.ആർ കോൺഗ്രസ് രൂപീകരിച്ചത്. ബി.ജെ.പിയ്ക്ക് ഒപ്പമാണെങ്കിലും എൻ.ആർ കോൺഗ്രസ് വിഷയത്തിൽ മൗനം പാലിക്കുന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിൽ എൻ.ആർ കോൺഗ്രസ് എൻ.ഡി.എ വിട്ടേക്കും. തിരഞ്ഞെടുപ്പിൽ എൻ.ആർ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കിൽ ബി.ജെ.പിയുടെ പുതുച്ചേരി മോഹം പൂവണിയുന്ന കാര്യം പ്രതിസന്ധിയിലാകും.

 ഫ്രഞ്ച് കോളനിയായിരുന്നു പുതുച്ചേരി. കേരളത്തിലെ മാഹി, തമിഴ്നാട്ടിലെ പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രാപ്രദേശിലെ യാനം എന്നിവ ചേർന്നതാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി. തമിഴ് കൂടാതെ മലയാളം, തെലുങ്കു ഭാഷകളും പുതുച്ചേരിയുടെ ഭാഗമാണ്. വി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെ വീണതിനാൽ ഫെബ്രുവരി 23 മുതൽ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണമാണ്.

ആകെ നിയമസഭാ സീറ്റുകൾ - 33. ഇതിൽ 3 അംഗങ്ങളെ നോമിനേറ്റ് ചെയ്താണ് തിരഞ്ഞെടുക്കുന്നത്. അതിനാൽ തിരഞ്ഞെടുപ്പ് നടക്കുന്നത് 30 മണ്ഡലങ്ങളിലേക്കാണ്.

കേവല ഭൂരിപക്ഷം - 16

 കഴിഞ്ഞ തിരഞ്ഞെടുപ്പ്

തീയതി - മേയ് 16, 2016

കോൺഗ്രസ് - 15

എൻ.ആർ കോൺഗ്രസ് - 8

എ.ഐ.ഡി.എം.കെ - 4

ഡി.എം.കെ - 2

ബി.ജെ.പി - 0