kk-

പതിവിലും നേരത്തെ തന്നെ സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം അനുഭവപ്പെട്ടു തുടങ്ങി. താപനില ഉയരുന്നതിനൊപ്പം പലേടത്തും കുടിവെള്ളത്തിനും ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്നു. കുംഭച്ചൂട് പണ്ടേതന്നെ ദുഷ്‌പ്പേര് സമ്പാദിച്ചിട്ടുണ്ട്. ചെറിയൊരു ചാറ്റൽമഴ പോലും കിട്ടിയില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കുംഭത്തിൽ മഴ പെയ്താൽ കുപ്പയും കായ്ക്കുമെന്ന പഴമൊഴി അർത്ഥവത്താകട്ടെ എന്നു പ്രാർത്ഥിച്ച് കൊടിയ ഉഷ്ണത്തിൽ എരിപൊരികൊള്ളുകയാണ് ഭൂമി മലയാളം. വേനൽച്ചൂടിനെയും വെല്ലുന്ന തരത്തിലാണ് സംസ്ഥാനം തിരഞ്ഞെടുപ്പു ചൂടിലേക്ക് ആണ്ടിറങ്ങാൻ പോകുന്നത്. ഈയാഴ്ചതന്നെ തിരഞ്ഞെടുപ്പു ചിത്രം തെളിയുമെന്നാണ് സൂചന. പിന്നീടുള്ള മൂന്നാഴ്ച പ്രചാരണ കാലമാണ്. സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും അക്ഷരാർത്ഥത്തിൽ അഗ്നിപരീക്ഷണം തന്നെയാകുമത്. സമീപത്ത് എവിടെയോ ഇപ്പോഴും പതുങ്ങിനിൽക്കുന്ന കൊവിഡ് എന്ന ഭീകരനെക്കൂടി ഭയപ്പെടേണ്ടതിനാൽ അതീവ കരുതലോടെ വേണം പ്രചാരണം മുന്നോട്ടു കൊണ്ടുപോകാൻ. ഒപ്പം തന്നെ കൊടിയ വേനലിന്റെ പ്രതികൂല സാഹചര്യങ്ങളും നേരിടേണ്ടതുണ്ട്.

വേനൽക്കാലത്ത് അനുഭവപ്പെടാറുള്ള ജലക്ഷാമമാണ് സംസ്ഥാനം നേരിടാൻ പോകുന്ന വലിയ പ്രശ്നം. ഇപ്പോൾത്തന്നെ അതിന്റെ സൂചനകൾ പല സ്ഥലങ്ങളിലും കണ്ടുതുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക സംവിധാനങ്ങളെല്ലാം ഇനിയുള്ള കുറച്ചു ദിവസങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളിൽ വ്യാപരിക്കുമെന്നതിനാൽ ജലക്ഷാമപ്രശ്നത്തിന് വേണ്ട പരിഗണന ലഭിച്ചെന്നുവരില്ല. തിരഞ്ഞെടുപ്പ് ഒരു ഭാഗത്ത് മുറപോലെ നടക്കും. ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിനും മുന്തിയ പരിഗണന ലഭിക്കേണ്ടതുണ്ട്. പെരുമാറ്റച്ചട്ടമൊന്നും പ്രതിബന്ധമാകേണ്ടതില്ല. ജലക്ഷാമത്തെക്കുറിച്ച് പരാതി ഉയർന്നാൽ പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പുകൾ ഓടിയെത്തുക തന്നെ വേണം. ഇക്കാര്യം ഉറപ്പുവരുത്താൻ സർക്കാരും ജാഗ്രത കാണിക്കണം.

എല്ലാ കുടുംബങ്ങൾക്കും പൈപ്പ് വെള്ളം എത്തിക്കാനുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ബൃഹദ് പദ്ധതി നിർമ്മാണഘട്ടത്തിലാണ്. ലക്ഷ്യപ്രാപ്തിയിലെത്താൻ ഇനിയും വർഷങ്ങൾ വേണ്ടിവരും. അതുവരെയുള്ള കാലത്തും ജനങ്ങൾക്ക് പാനയോഗ്യമായ കുടിനീർ മുടങ്ങരുതല്ലോ. വേനലിൽ അനുഭവപ്പെടാറുള്ള കടുത്ത ജലക്ഷാമം വലിയൊരു വിഭാഗം കുടുംബങ്ങൾ എല്ലാ വർഷവും നേരിടേണ്ടിവരുന്ന ദുരവസ്ഥയാണ്. ജലസ്രോതസുകൾ വറ്റിവരളാൻ തുടങ്ങുന്നതോടെ ജലക്ഷാമവും രൂക്ഷമാകും. ജലസംരക്ഷണ വിഷയത്തിൽ ജനങ്ങൾ അലസരും ഉത്തരവാദിത്തമില്ലാത്തവരുമായതാണ് ജലസ്രോതസുകളുടെ നാശത്തിനു പ്രധാന കാരണം. നശിപ്പിക്കാനല്ലാതെ അവ സംരക്ഷിക്കാൻ ചെറുവിരലനക്കാൻ ആരും ഒരുക്കമല്ല. കേരളം ജലസമൃദ്ധമാണെന്നായിരുന്നു പണ്ടുകാലം തൊട്ടേയുള്ള ധാരണ. വിഷയത്തിൽ വിവരവും പ്രാവീണ്യവുമുള്ള ശാസ്ത്രജ്ഞർ ഈ ധാരണ തിരുത്താറുണ്ട്. ഭൂഗർഭജലം പോലും അതിവേഗം ശോഷിച്ചുകൊണ്ടിരിക്കുന്നതിന്റെ അപകടം അവർ കൂടക്കൂടെ ചൂണ്ടിക്കാണിക്കാറുമുണ്ട്. കേരളത്തിന്റെ ഭാഗമായി കരുതിപ്പോന്ന ശുദ്ധജല തടാകങ്ങൾ, പുഴകൾ, നദികൾ, എണ്ണമറ്റ നീർച്ചാലുകൾ, കുളങ്ങൾ, കിണറുകൾ എന്നിവ ശോഷിച്ചു വരികയാണ്. വൻതോതിലുള്ള കൈയേറ്റങ്ങളും പല തരത്തിലുള്ള നശീകരണ പ്രവൃത്തികളും വൻജലാശയങ്ങൾക്ക് ഏല്പിക്കുന്ന ആഘാതം ചെറുതല്ല. മഴക്കാലത്ത് അളവിൽക്കവിഞ്ഞ് ലഭിക്കാറുള്ള ജലം ശേഖരിക്കാൻ കഴിയാത്തതുകൊണ്ടുള്ള കോട്ടം വിടാതെ പിന്തുടരുന്നു. തടയണകളാണ് ജലസംരക്ഷണ രംഗത്ത് മുഖ്യപരിഹാരമായി കരുതപ്പെടുന്നത്. ഇവിടെ ഇപ്പോഴും അതു വേണ്ടത്ര പ്രായോഗികമായിട്ടില്ല. തടയണകളുടെ കുറവു കാരണം കാലവർഷത്തിൽ ലഭിക്കുന്ന അധിക ജലമത്രയും പാഴാവുകയാണ്. അണക്കെട്ടുകളുടെ സംരക്ഷണത്തിന് നടപടികളില്ലാത്തതിനാൽ ഒട്ടുമിക്ക അണക്കെട്ടുകളിലും സംഭരണശേഷി പകുതിപോലുമില്ല. മുടങ്ങാതെ രണ്ടുവട്ടം എത്താറുള്ള മഴക്കാലമാണ് സംസ്ഥാനത്തെ എന്നും രക്ഷിച്ചുനിറുത്തുന്നത്. എന്നാൽ ഇതിനു കുറവുണ്ടായാൽ എല്ലാം തകിടം മറിയും. ഇക്കഴിഞ്ഞ തുലാവർഷം സംസ്ഥാനത്തെ അനുഗ്രഹിക്കാതെ കടന്നുപോവുകയാണുണ്ടായത്. കാലവർഷത്തിൽ മഴയുടെ അളവ് കണക്കിലേറെ ഉണ്ടായതാണ് ഒരു പരിധിവരെ ഈ വേനലിലും പിടിച്ചുനിൽക്കാൻ സഹായിച്ചത്. എന്നാൽ ഇനിയുള്ള രണ്ടുമാസം ജലലഭ്യതയുടെ കാര്യത്തിൽ വലിയ വെല്ലുവിളി തന്നെ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. അഞ്ചുവർഷം മുൻപ് അനുഭവപ്പെട്ട കഠിന വരൾച്ചയിലേക്കും ജലക്ഷാമത്തിലേക്കും സംസ്ഥാനം പോവുകയാണോ എന്ന് ആശങ്ക ജനിപ്പിക്കും വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും കരുതലെടുത്താലേ ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാനാവൂ. ജലസംരക്ഷണ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവരും കൂടുതൽ ബോധവാന്മാരാകേണ്ട സന്ദർഭമാണിത്. കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഉള്ള ജലസ്രോതസുകൾ നശിപ്പിക്കാതിരിക്കാനുള്ള വിവേകമുണ്ടായാൽ മതി. മാലിന്യനിക്ഷേപമാണ് നദികൾക്കും കുളങ്ങൾക്കും ജലസ്രോതസുകൾക്കുമെല്ലാം വിനയാകുന്നത്. ജലസ്രോതസുകൾ മലിനമാക്കുന്നവരെ നേരിടാൻ ശക്തമായ നിയമം പ്രാബല്യത്തിലുള്ള നാടാണിത്. എന്നാൽ എന്തു ഫലം. വേണ്ടാത്തതെന്തും എളുപ്പം കൊണ്ടുചെന്ന് നിക്ഷേപിക്കാനുള്ള ഇടങ്ങളാണ് ഇവിടത്തെ ഓരോ ജലസ്രോതസും. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള അറവുശാലകളിൽ നിന്നുള്ള മാലിന്യമത്രയും എത്തുന്നത് നദികളിലും തോടുകളിലും ഓടകളിലുമൊക്കെയാണ്. ചിലരെയൊക്കെ വല്ലപ്പോഴുമൊരിക്കൽ പിടികൂടി പിഴ ചുമത്തുന്നതിനപ്പുറം കേസ് കോടതികളിൽ എത്താറില്ല. നിയമലംഘനം അനിയന്ത്രിതമായി തുടരുന്നതിന്റെ കാരണവും ഇതാണ്. ഈ രീതി മാറണം. നിയമലംഘകരെ മാതൃകാപരമായി ശിക്ഷിക്കുമ്പോഴേ ഈ ദുഷ്‌പ്രവണത ഒരു പരിധി വരെയെങ്കിലും നിയന്ത്രിതമാവൂ. ജലാശയങ്ങളും പുഴകളും കിണറുകളും പൊതുകുളങ്ങളും മറ്റും പരമാവധി സംരക്ഷിച്ചു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ടാണ് ഓരോ വേനലും എത്തുന്നത്. യാതനാപൂർണമായ വേനൽ കഴിഞ്ഞ് മഴക്കാലം എത്തുന്നതോടെ കഴിഞ്ഞകാല കഷ്ടതകൾ എല്ലാവരും മറക്കും. ജലസംരക്ഷണത്തെക്കുറിച്ച് ഓർക്കാൻ വീണ്ടും കഠിനവേനൽ എത്തണം. ഈ പ്രവണത മാറ്റിയെടുക്കണം. മുടങ്ങാതെ ലഭിക്കുന്ന കുടിനീരും കൃഷിക്കാവശ്യമായ ജലവുമാണ് നിലനില്പിനാധാരമെന്ന് തിരിച്ചറിയാനുള്ള വിവേകം എന്നുണ്ടാകുന്നോ അന്നേ സംസ്ഥാനത്തിനു രക്ഷയുള്ളൂ.