palakkad

പാലക്കാട്: വീണ്ടുമൊരു വിധിയെഴുത്തിനായുള്ള തയ്യാറെടുപ്പിലാണ് കേരളം. സീറ്റുവീതം വയ്പ്പും സ്ഥാനാർത്ഥി നിർണയവും ഉൾപ്പെടെയുള്ള തിരക്കിട്ട നീക്കവുമായി ഇടതു വലതു മുന്നണികളും ബി.ജെ.പിയും തിരഞ്ഞെടുപ്പ് കളത്തിൽ സജീവമാണ്. സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതിനിടെ തന്നെ പാലക്കാട് സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമാകുകയാണ്. തൃത്താലയിലെ എം.ബി. രാജേഷ്-വി.ടി. ബൽറാം പോരാട്ടം, കോൺഗ്രസിൽ വിമതസ്വരമുയർത്തി ഗോപിനാഥ്, വി.എസ്. ഇല്ലാത്ത മലമ്പുഴ, തരൂരിലെ ജമീലയുടെ സ്ഥാനാർത്ഥിത്വവും പ്രതിഷേധവും തുടങ്ങി പാലക്കാടൻ രാഷ്ട്രീയം കലങ്ങിമറിയുകയാണ്.

2016ന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിൽ തികച്ചും വ്യത്യസ്തമായ ജനവിധിയായിരുന്നു പാലക്കാട്ടേത്. അതിനാൽ, കരുതലോടെയാണ് മുന്നണികളുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ.

ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉറച്ചകോട്ടയായ ആലത്തൂർ കടപുഴകി വീണതിന്റെ ക്ഷീണം ഇടതുക്യാമ്പിനെ ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. പക്ഷേ, പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വലിയ വിജയം എൽ.ഡി.എഫിന് വലിയ ആത്മവിശ്വാസം പകരുന്നുണ്ട്. 12 നിയോജക മണ്ഡലങ്ങളിൽ പത്തിടത്തും മേൽക്കൈ തിരിച്ചുപിടിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം, പാലക്കാട്, മലമ്പുഴ, നെന്മാറ, ഷൊർണൂർ മണ്ഡലങ്ങളിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ വോട്ടുവിഹിതം വർദ്ധിപ്പിച്ചിട്ടുമുണ്ട് എന്നത് ഇത്തവണ പോരാട്ടം കനക്കുമെന്നതിന്റെ സൂചനയാണ്. തദ്ദേശഫലം പൊതുവിൽ നിരാശയായിരുന്നെങ്കിലും വരുന്ന തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ജില്ലയിലെ ആകെയുള്ള 12 നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതും ഇടതുപക്ഷത്തിനൊപ്പമാണ്. പാലക്കാട്, തൃത്താല, മണ്ണാർക്കാട് മണ്ഡലങ്ങളാണ് യു.ഡി.എഫിന്റെ കൈയ്യിലുള്ളത്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളായ പാലക്കാട് ഷാഫി പറമ്പിലും തൃത്താലയിൽ വി.ടി.ബൽറാമും വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായി. ലീഗിന്റെ സിറ്റിംഗ് സീറ്റായ മണ്ണാർക്കാട്ട് എൻ .ഷംസുദ്ദീന് വീണ്ടുമൊരു അവസരമുണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. ഷംസുദ്ദീൻ മലപ്പുറം ജില്ലയിൽ കളംമാറ്റി ചവിട്ടാൻ തയ്യാറായാൽ ലീഗ് നേതൃത്വം പുതിയമുഖത്തെ ഇവിടെ പരീക്ഷിച്ചേക്കും. യൂത്ത് ലീഗ് നേതാക്കൾക്കാവും അവസരം.

കേരളം ഉറ്റുനോക്കുന്ന തൃത്താല

സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും സാദ്ധ്യതാ പട്ടിക പുറത്തുവന്നപ്പോൾ തന്നെ സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് തൃത്താല. കഴിഞ്ഞ രണ്ടു തവണ തൃത്താല കൈയ്യടക്കിയ ബൽറാമിനെ വീഴ്ത്താൻ ഇത്തവണ കരുത്തനായ സ്ഥാനാർത്ഥി വേണമെന്നായിരുന്നു സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. അത് ചെന്നെത്തിയത് മുൻ എം.പി എം.ബി. രാജേഷിലേക്കും. തൃത്താലയിൽ ഡി.വൈ.എഫ്.ഐ നേതാവ് രാജേഷ് പട്ടത്തിന്റെ പേരും ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നെങ്കിലും സി.പി.എം സംസ്ഥാന-ജില്ലാ നേതൃത്വത്തിന് എം.ബി.രാജേഷിനെ മത്സരിപ്പിക്കാനാണ് താത്പര്യം. ഇതോടെ തൃത്താലയിൽ പോരാട്ടം കനക്കുമെന്ന് ഉറപ്പായി. എ.കെ.ജിക്കെതിരായ വിവാദ പരാമർശത്തെ തുടർന്ന് ദീർഘകാലമായി സി.പി.എമ്മിന്റെ ബഹിഷ്‌കരണം ഉൾപ്പെടെ നേരിടുന്ന വ്യക്തിയാണ് വി.ടി. ബൽറാം എം.എൽ.എ. ഇടതു വലതു മുന്നണികളെ ഒരുപോലെ വിജയിപ്പിച്ചിട്ടുള്ള ചരിത്രമാണ് തൃത്താലയ്ക്ക്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും വോട്ടു വിഹിതവും ഇരുമുന്നണികൾക്കും ബലാബലം നൽകുന്നുണ്ട്. അതിനാൽ ആഞ്ഞുവലിച്ചാൽ തൃത്താല ആർക്കൊപ്പം വേണമെങ്കിലും പോകുമെന്ന് ചുരുക്കം.

വി.എസ് ഇല്ലാത്ത മലമ്പുഴ

തുടർച്ചയായി നാല് തവണ വി.എസ്.അച്യുതാനന്ദൻ വിജയിച്ച മലമ്പുഴയിൽ അദ്ദേഹത്തിന് പകരമാര് എന്നതായിരുന്നു വലിയ രാഷ്ട്രീയ ചോദ്യം. സാദ്ധ്യതാ പട്ടിക പുറത്തുവരുമ്പോൾ എ. പ്രഭാകരന്റെ പേരാണ് ഉയർന്നുകേട്ടിരുന്നത്. ജില്ലയിലെ വി.എസ് പക്ഷക്കാരിൽ പ്രധാനിയായ പ്രഭാകരനുവേണ്ടി കഴിഞ്ഞ തവണയും ചുവരെഴുത്ത് നടന്നെങ്കിലും അവസാന നിമിഷം കാര്യങ്ങൾ മാറിമറിയുകയായിരുന്നു. ഇത്തവണയും സമാനമായ സ്ഥിതി ആവർത്തിക്കാനാണ് സാദ്ധ്യത. എ.രാമസ്വാമി, എ.കെ. അനന്തകൃഷ്ണൻ എന്നിവരുടെ പേരുകളാണ് കോൺഗ്രസിന്റെ സാദ്ധ്യതാ പട്ടികയിലുള്ളത്. കഴിഞ്ഞതവണ അഭിമാന പോരാട്ടത്തിൽ രണ്ടാമതെത്തിയ സി.കൃഷ്ണകുമാർ തന്നെ ഇത്തവണയും ബി.ജെ.പിക്കായി രംഗത്തിറങ്ങും. പാലക്കാടും മലമ്പുഴയുമാണ് ജില്ലയിലെ ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങൾ.

പാലക്കാട്ട് അനിശ്ചിതത്വം തുടരുന്നു

ഷാഫിയുടെ കോട്ട തകർക്കാൻ ആരെയിറക്കുമെന്നാണ് സി.പി.എമ്മിലെ ചർച്ച. കഴിഞ്ഞ തവണ സി.പി.എം സംസ്ഥാന സമിതി അംഗം എൻ.എൻ.കൃഷ്ണദാസ് ബി.ജെ.പിയിലെ ശോഭാ സുരേന്ദ്രനും പിന്നിൽ മൂന്നാമതായി പിന്തള്ളപ്പെട്ടതിന്റെ ചീത്തപ്പേര് ഇതുവരെ മാറിയിട്ടില്ല. അതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും പാർട്ടി ലക്ഷ്യം വയ്ക്കുന്നില്ല. പക്ഷേ, മുതിർന്ന നേതാക്കൾക്ക് പോലും പാലക്കാട് മത്സരിക്കാൻ താത്പര്യമില്ലെന്നാണ് അറിയുന്നത്. അതിനാൽ, കോൺഗ്രസിൽ വിമതസ്വരമുയർത്തിയ എ.വി. ഗോപിനാഥിനെ വച്ചൊരു അടവ് പയറ്റാനാണ് സി.പി.എം ആലോചിക്കുന്നത്. അതിനായി ഗോപിനാഥിന്റെ തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ്. സംസ്ഥാന കമ്മിറ്റി കഴിഞ്ഞദിവസം ജില്ലാ കമ്മിറ്റിക്ക് അയച്ച സാദ്ധ്യതാ പട്ടികയിൽ പാലക്കാട് മാത്രം ഒഴിച്ചിടുകയായിരുന്നു.

പാലക്കാട് നഗരസഭ, കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്ത് അടങ്ങുന്ന മണ്ഡലത്തിൽ രണ്ട് പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പമാണ്. ഒരു പഞ്ചായത്ത് ഇടതുപക്ഷവും ഭരിക്കുന്നു. നഗരസഭ ഭരണം കേവല ഭൂരിപക്ഷം നേടി ബി.ജെ.പി നിലനിറുത്തുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അത്ര ശുഭസൂചനയല്ല നൽകുന്നത്. അതിനാലാണ് എ.വി. ഗോപിനാഥിന്റെ വിഷയത്തിൽ തിരക്കിട്ട നീക്കങ്ങളും നടക്കുന്നത്. രണ്ടുദിവസത്തിനകം ഈ വിഷയത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ബി.ജെ.പി വിജയ പ്രതീക്ഷയിലുള്ള പാലക്കാട് ഇത്തവണ യുവനേതാവ് സന്ദീപ് വാര്യരെയാവും മുന്നണി രംഗത്തിറക്കുക.

തരൂരീൽ ജമീല പുറത്ത്

രണ്ടുതവണ എ.കെ.ബാലൻ വിജയിച്ച സംവരണ മണ്ഡലമാണ് തരൂർ. തുടർച്ചയായി രണ്ടുതവണ മത്സരിച്ചവർക്ക് അവസരം നൽകേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇത്തവണ എ.കെ.ബാലൻ മാറിനിൽക്കും. പകരം ഭാര്യ പി.കെ.ജമീലയെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി ആലോചിച്ചിരുന്നത്. ഇതിനെതിരെ ജില്ലാ സെക്രട്ടേറിയറ്റിൽ പ്രതിഷേധം ഉയർന്നു. കോൺഗ്രസിന് സമാനമായ രീതിയിലുള്ള കുടുംബ വാഴ്ച സി.പി.എം പിന്തുടരുന്നതിൽ അണികൾക്കിടയിൽ തന്നെ എതിരഭിപ്രായം ഉയർന്നു. ഇതോടെ കോങ്ങാട്ടേക്ക് പരിഗണിച്ചിരുന്ന പി.പി. സുമോദിനെ മത്സരിപ്പിക്കും. സംവരണ മണ്ഡലങ്ങളിൽ ഒന്നായ കോങ്ങാട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടു.

സി.പി.എമ്മിലെ രണ്ട് സിറ്റിംഗ് എം.എൽ.എമാർ വീണ്ടും മത്സരിക്കും

നെന്മാറയിൽ കെ.ബാബു, ആലത്തൂരിൽ കെ.ഡി.പ്രസേനൻ എന്നിവർക്ക് ഇത്തവണ വീണ്ടും അവസരം നൽകിയപ്പോൾ ഷൊർണൂരിൽ പി.കെ. ശശി, ഒറ്റപ്പാലത്ത് പി. ഉണ്ണി എന്നിവരെ ഒഴിവാക്കി. നിലവിലെ ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനെയാണ് ഷൊർണൂരിൽ ആലോചിച്ചിരുന്നത്. ഒടുവിൽ പി. മമ്മിക്കുട്ടിയ്ക്ക് നറുക്ക് വീഴാനാണ് സാദ്ധ്യത. ന്യൂനപക്ഷ പരിഗണന ഇല്ലെന്ന ആക്ഷേപമാണ് മമ്മിക്കുട്ടിയെ സഹായിച്ചത്. ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ചയായി. രാജേന്ദ്രന് പകരം മണ്ഡലമായി മലപ്പുഴ ലഭിച്ചേക്കും. അങ്ങനെയെങ്കിൽ പ്രഭാകരന്റെ സാദ്ധ്യത ഇല്ലാതാകും. ചിലപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് കെ.കെ. ശൈലജയെ തന്നെ മത്സരിപ്പിച്ചാലും അത്ഭുതപ്പെടാനില്ല. പി.കെ. ശശി എം.എൽ.എ സ്ഥാനം ഒഴിയുന്നതോടെ പാർട്ടി ജില്ലാ സെക്രട്ടറിയാകും. ഒറ്റപ്പാലത്ത് പി. ഉണ്ണിയ്ക്ക് പകരം അഡ്വ. പ്രേംകുമാറിന്റെ പേരും ഉയർന്നു.

കോൺഗ്രസിൽ മറ്റെല്ലായിടത്തും ഒന്നിലധികം പേരുണ്ടെങ്കിലും കോങ്ങാട്ട് കെ.എ.തുളസിയുടെ പേരുമാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. എൽ.ഡി.എഫിൽ ജനതാദൾ എസ് മത്സരിക്കുന്ന ചിറ്റൂരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി തന്നെയാവും മത്സര രംഗത്ത്. സി.പി.ഐ മത്സരിക്കുന്ന പട്ടാമ്പിയിൽ യുവനേതാവ് മുഹമ്മദ് മുഹ്സിൻ ഉറപ്പായി. ഇവിടെ കോൺഗ്രസിൽ നിന്ന് സി.പി. മുഹമ്മദിന്റെയും. കെ.എസ്.പി.എ.തങ്ങളുടെയും പേരുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മണ്ണാർക്കാടിന് പുറമേ ലീഗ് നേതൃത്വം പട്ടാമ്പി കൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടാമ്പിക്കായി യൂത്ത് കോൺഗ്രസും രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് മുന്നണികൾ.