
കൊച്ചി: സാമുദായിക വോട്ടുകൾ വിധി നിർണയിക്കുന്ന മണ്ഡലമാണ് കൊച്ചി. തീരപ്രദേശവും പൈതൃക ഇടങ്ങളും ചേരി പ്രദേശങ്ങളും അടങ്ങിയ കൊച്ചിയിൽ മുൻ വർഷങ്ങളിലെ വിധിയെഴുത്ത് മണ്ഡലത്തിന്റെ പൊതുസ്വഭാവത്തെ അടിവരയിടുന്നു. കൊച്ചി താലൂക്കിലെ കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും കൊച്ചി നഗരസഭയിലെ ഒന്നു മുതൽ 10 വരെയും 19 മുതൽ 25 വരെയുമുള്ള ഡിവിഷനുകളുമാണ് മണ്ഡലത്തിന്റെ ഭാഗം. ലാറ്റിൻ സമുദായാംഗങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുമ്പോൾ മുന്നോട്ടുവയ്ക്കുന്ന സമവാക്യവും അതു തന്നെയാണ്. സാമുദായികമായും വൈകാരികമായും തിരഞ്ഞെടുപ്പുകളെ സമീപിക്കുന്നവരാണ് ഇവിടത്തെ വോട്ടർമാർ.
യു.ഡി.എഫിനോട്
ചായ്‌വുള്ള മണ്ഡലം
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം നിന്നെങ്കിലും യു.ഡി.എഫിന് മേൽക്കോയ്മയുള്ള മണ്ഡലമാണിത്. ഏറെക്കുറെ യു.ഡി.എഫിന് അനുകൂലമായ മണ്ഡലമായിരുന്നിട്ടും കഴിഞ്ഞ വർഷം വിമത ശബ്ദങ്ങൾ ചെവിക്കൊള്ളാതിരുന്നത് കോൺഗ്രസിന് വെല്ലുവിളിയായി. മണ്ഡല രൂപീകരണത്തിന് ശേഷവും മുമ്പും വലത്-ഇടത് മുന്നണികളെ തിരഞ്ഞെടുത്ത് വിട്ട് ചരിത്രം കൊച്ചിക്കുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനോടൊപ്പമാണിവിടം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വി ഫോർ കൊച്ചി, ചെല്ലാനം 20-20 തുടങ്ങിയ രാഷ്ട്രീയേതര പാർട്ടികൾ സ്ഥാനാർത്ഥിയായെത്തിയത് യു.ഡി.എഫിന്റെ തളർച്ചയ്ക്ക് വഴിയൊരുക്കി.
ഒരു മുഴം മുന്നേ എൽ.ഡി.എഫ്
സിറ്റിംഗ് എം.എൽ.എ കെ.ജെ. മാക്‌സിയെ തന്നെ സ്ഥാനാർത്ഥിയാക്കി ഇടതുപക്ഷം ഒരു മുഴം മുന്നേ പ്രയാണം ആരംഭിച്ചു കഴിഞ്ഞു. ചുവരെഴുത്തു തുടങ്ങിക്കഴിഞ്ഞു.സംസ്ഥാനത്ത് നിലനിൽക്കുന്ന ഇടതുപക്ഷ അനുകൂല ഘടകങ്ങളും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷ പാളയം. കഴിഞ്ഞ തവണ സാമുദായിക എതിർപ്പും വോട്ടർമാർക്കിടയിലെ അതൃപ്തിയും ഡൊമിനിക് പ്രസന്റേഷന് എതിരെയിറങ്ങിയ കെ.ജെ. മാക്‌സിക്ക് അനുകൂലമായിരുന്നു. 1086 വോട്ടിന്റെ ഭൂരിപക്ഷമാണ് മാക്‌സിക്ക് ലഭിച്ചത്. വിമതൻ കെ.ജെ. ലീനസ് 7,588 വോട്ട് നേടി ഡോമിനിക്കിനെ തോൽപ്പിച്ചുവെന്ന് പറയുന്നതാണ് കൂടുതൽ ശരി.
കോൺഗ്രസിൽ പതിവ് തർക്കം
സ്ഥാനാർത്ഥി നിർണയത്തിൽ പതിവ് അടി തന്നെയാണ് മണ്ഡലത്തിൽ കൊഴുക്കുന്നത്. മുൻ മേയറും കെ.പി.സി.സി ഭാരവാഹിയുമായ ടോണി ചമ്മിണിയുടെ പേരാണ് യു.ഡി.എഫിൽ ഉയർന്നു കേൾക്കുന്നത്. എന്നാൽ, സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിനു മുമ്പ് തന്നെ ചമ്മിണിയ്ക്കെതിരെ പോസ്റ്ററുകൾ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മത്സരിക്കാനില്ലെന്ന് ഡൊമിനിക് നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തിൽ കാര്യങ്ങൾ ടോണിക്ക് അനുകൂലമാണ്.
മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റായ ലാലി വിൻസെന്റിന്റെയും കഴിഞ്ഞ കൗൺസിലിൽ സ്ഥിരം സമിതി അദ്ധ്യക്ഷയായ ഷൈനി മാത്യുവിന്റെയും പേരും കടൽക്കാറ്റിലുണ്ട്.
വിജയികളും ഭൂരിപക്ഷവും
2011 ഡൊമിനിക് പ്രസന്റേഷൻ (കോൺ) 16,863
2016 കെ.ജെ. മാക്‌സി (സി.പി.എം) 1086