
തിരുവനന്തപുരം: 'മുഖ്യമന്ത്രിയുടെ യാത്ര ഇതു വഴിയാണ്. റൂട്ട് ക്ളിയർ ചെയ്യണം, സി.പി.ഒ, എസ്.ഐ,എ.എസ്.ഐമാർ അടിയന്തരമായി സ്റ്റേഷനിലെത്തണം. വനിതാ ദിനത്തിൽ വലിയതുറ സ്റ്റേഷന്റെ ചുമതലയേറ്റ എസ്.ഐ ശിഖയ്ക്ക് ആദ്യം ഏറ്റെടുക്കേണ്ടിവന്ന ദൗത്യം മുഖ്യമന്ത്രിയുടെ സുരക്ഷ. കണ്ണൂരിലേക്ക് പോകാൻ മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് വരികയാണ്. ഗതാതഗതക്കുരുക്ക് ഉണ്ടാകുന്ന റോഡാണ് വലിയതുറ വിമാനത്താവളം റോഡ്. മുഖ്യമന്ത്രിയുടെ വാഹനം സുരക്ഷിതമായി കടന്നുപോകുന്നതിന് സൗകര്യമൊരുക്കണം.
സി.ഐയും മറ്റു സഹപ്രവർത്തകരും പിന്തുണയുമായി കൂടെനിന്നു. ശിഖ സ്വന്തമായി സുരക്ഷാപ്ളാൻ തയ്യാറാക്കി. രാവിലെ 11ന് തന്നെ പൊലീസുകാരെ ഓരോ ജംഗ്ഷൻ കേന്ദ്രീകരിച്ച് വിന്യസിച്ചു. പ്രധാന പോയിന്റുകളിൽ നേരിട്ടെത്തി സുരക്ഷ വിലയിരുത്തി.1.10ന് മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയി.
മുഖ്യമന്ത്രിക്ക് സല്യൂട്ട് നൽകി തിരികെ സ്റ്റേഷനിലെത്തിയപ്പോഴേക്കും കാത്തുനിൽക്കുകയായിരുന്നു പല പരാതികളുമായി പലരും. അതെല്ലാം കേട്ട് പരിഹരിച്ച് ആ ദിവസം കടന്നുപോയതിൽ അദ്ഭുതവും സന്തോഷവുമുണ്ടെന്ന് എസ്.ഐ ശിഖ. തിരുവനന്തപുരം കൻന്റോമെന്റ് സ്റ്റേഷനിൽ ചുമതലയുണ്ടായിരുന്ന എസ്.ഐ ആശ വി. രേഖയും ഇന്നലെ ജീവിതത്തിൽ പുതുതായി നേരിട്ട് പരാതികൾ കേട്ടു. ക്രൈം കേസുകളും കുടുംബ തർക്കമുൾപ്പെടെയുള്ള കേസുകളും ഇന്നലെ കൈകാര്യം ചെയ്തു. പലതും കാണുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത് കൈകാര്യം ചെയ്തതെന്ന് എസ്.ഐ ആശ പറഞ്ഞു. ഇങ്ങനെ പല അനുഭവങ്ങളായിരുന്നു വനിതാ ദിനമായ ഇന്നലെ സ്റ്റേഷന്റെ ചുമതല വഹിച്ച വനിതാ പൊലീസ് ഓഫീസർക്ക് പറയാനുണ്ടായിരുന്നത്. വനിതാ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ചുമതല വഹിക്കുന്നത് വനിതകളായിരിക്കണമെന്ന് ഡി.ജി.പി നിർദ്ദേശം നൽകിയിരുന്നു.
19 പൊലീസ് ജില്ലകളിലെ 123 പൊലീസ് സ്റ്റേഷനുകളിലും വനിതകൾക്കായിരുന്നു ചുമതല.
റിസപ്ഷൻ,ഹെൽപ്പ് ഡെസ്ക്,ജി.ഡി തുടങ്ങിയവയും വനിതകൾ കൈകാര്യം ചെയ്തു.
വനിതാ ഓഫീസർമാർ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളിൽ വനിതകളായ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരും സിവിൽ പൊലീസ് ഓഫീസർമാരും ചുമതലകൾ വഹിച്ചു.
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിലും ഇന്നലെ വനിതാ കമാൻഡോകൾ ഉണ്ടായിരുന്നു.
ക്ലിഫ് ഹൗസിലും രാജ്ഭവനിലും വനിതാ കമാൻഡോകളെ നിയോഗിച്ചിരുന്നു. ഹൈവേ പട്രോൾ വാഹനങ്ങൾ, സി.സി.റ്റി.എൻ.എസ്, കുറ്റാന്വേഷണം, ഗതാഗത നിയന്ത്രണം, ബീറ്റ് പട്രോളിംഗ്, പിങ്ക് പട്രോളിംഗ് തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച അഞ്ച് വനിതാ ഉദ്യോഗസ്ഥരെ കണ്ടെത്തി ജില്ലാ അടിസ്ഥാനത്തിൽ പുരസ്‌കാരം നൽകും.