df

വർക്കല: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ വീർപ്പ് മുട്ടുകയാണ് വർക്കല മൃഗാശുപത്രി. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും പരാതികൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പിനും നഗരസഭ അധികൃതർക്കും കഴിയുന്നില്ല. ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് നഗരസഭയുടെ ബഡ്ജറ്റുകളിൽ തുക വകയിരുത്തുന്നതല്ലാതെ വികസനമൊന്നും നടക്കുന്നില്ലെന്നാണ് പരാതി.

വർക്കല നഗരസഭയുടെ മുനിസിപ്പൽ മിനി ടൗൺ ഹാളിന്റെ താഴത്തെ നിലയിലാണ് മൃഗാശുപത്രി പ്രവർത്തിക്കുന്നത്. 30 വർഷങ്ങൾക്ക് മുൻപാണ് വർക്കലയിൽ മൃഗാശുപത്രി നിലവിൽ വന്നത്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മതിയായ ജീവനക്കാരുടെ കുറവും ഈ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.

കെട്ടിടത്തിലെ റൂഫിംഗ് പൊട്ടിപ്പൊളിഞ്ഞ് അവസ്ഥയാണ്. കെട്ടിടത്തിന്റെ ഭിത്തികൾ വിള്ളൽ വീണ് അപകടഭീഷണിയിലാണ്.

മഴപെയ്താൽ മൃഗാശുപത്രിക്കുള്ളിൽ വെള്ളം കെട്ടി നിൽക്കും. പഴയകാലത്തെ വയറിംഗ് സംവിധാനം താറുമാറായ നിലയിലാണ്.

5 ഫാനുകൾ ഉളളതിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മരുന്ന് സൂക്ഷിക്കാനുളള ഫ്രിഡ്ജ് വൈദ്യുതി ഷോർട്ട് സർക്യൂട്ടിൽ പലപ്പോഴും തകരാറിലാവുന്നുണ്ട്. മൃഗാശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.