
വെമ്പായം: നാടിനെ ഞെട്ടിച്ച പത്താം ക്ലാസുകാരിയുടെ ദാരുണ കൊലപാതകം നടന്നിട്ട് ഒരു ദശാബ്ദത്തോടടുമ്പോൾ ജയിൽ ചാടിയ പ്രതി ഒളിവിൽ തന്നെ. ആര്യ വി.ജെ എന്ന വിദ്യാർത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രാജേഷാണ് ജയിൽ ചാടി ഒളിവിലാണ്.
2012 മാർച്ച് ആറിനായിരുന്നു വട്ടപ്പാറ വേറ്റിനാട് ചിറക്കോണം വിളയിൽ വീട്ടിൽ വിജയകുമാരൻ നായരുടെ മകളായ ആര്യ കൊല്ലപ്പെട്ടത്. പൊലീസ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിൽ ഒന്നായിരുന്നു ഇത്. കേരള പൊലീസിന്റെ അന്വേഷണ ചരിത്രത്തിലെ നാഴിക കല്ലുകളിലൊന്ന് ആര്യാ കൊലക്കേസ് അന്വേഷണവുമായിരുന്നു.
മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം നടന്ന് ഒരാഴ്ചക്കകം പ്രതിയായ ഓട്ടോ ഡ്രൈവർ രാജേഷിനെ പൊലീസ് പിടികൂടി. നീണ്ട അന്വേഷണത്തിലൂടെയായിരുന്നു പൊലീസ് പ്രതിയെ പിടികൂടിയത്. ചുരുങ്ങിയ ദിവസങ്ങൾക്കകം ആയിരക്കണക്കിന് ഓട്ടോ ഡ്രൈവർമാരെയടക്കം ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.
സഹായിക്കാൻ എത്തി ജീവൻ നഷ്ടമായി
2012 മാർച്ച് 6ന് ഉച്ചയ്ക്ക് 2.30നാണ് വട്ടപ്പാറ ചിറക്കോണം വിളയിൽ വീട്ടിൽ വിജയകുമാരൻ നായരുടെയും ജയകുമാരിയുടെയും മകൾ കുക്കു എന്ന് വിളിക്കുന്ന ആര്യ കൊല്ലപ്പെട്ടത്.
കാട്ടാക്കട വീരണകാവിൽ താമസിച്ചിരുന്ന ഓട്ടോ ഡ്രൈവറായ രാജേഷ് സഹോദരിയിൽ നിന്ന് കടം വാങ്ങിയ രൂപ തിരികെ കൊടുക്കുന്നതിന് വേണ്ടി കൂലിക്ക് ഓടുന്ന ഓട്ടോറിക്ഷയുമായി തിരുവനന്തപുരത്ത് നിന്ന് വേറ്റിനാട് ഭാഗത്തേക്ക് പോവുകയായിരുന്നു. വഴി മദ്ധ്യേ യാത്രക്കാരെ ഓട്ടോയിൽ കയറ്റുകയും ലക്ഷ്യ സ്ഥാനത്ത് ഇറക്കി തിരികെ വരികെയാണ് ചിറക്കോണത്ത് ആര്യയുടെ വീടിന് മുന്നിൽ വച്ച് ഓട്ടോറിക്ഷ റോഡരികിലെ കുഴിയിൽ വീണത്. തുടർന്ന് സഹായത്തിനായി എത്തിയ ആര്യയെയാണ് വീടിനകത്ത് കയറി പ്രതി പീഡിപ്പിച്ചു കൊന്നത്. തുടർന്ന് കൂട്ടിയുടെ ആഭരണങ്ങൾ കവർന്ന് രാജേഷ് കടക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല ഊരിയെടുത്തശേഷം അടുത്തുള്ള സ്വകാര്യ ബാങ്കിൽ വ്യാജപേരിൽ പണയം വച്ച് കാശ് കൈക്കലാക്കി.
തലപുകഞ്ഞ് പൊലീസ്
കൊലപാതകിയെ തേടി ഇതുവരെ കാണാത്ത വിധമുള്ള അന്വേഷണമായിരുന്നു പൊലീസ് നടത്തിയത്. പ്രത്യക്ഷത്തിൽ തെളിവുകളൊന്നും ഇല്ലായിരുന്ന കൊലപാതകത്തിൽ സമീപവാസിയായ കുട്ടി രാജേഷിന്റെ ഓട്ടോയെ കുറിച്ച് നൽകിയ ചില വിവരങ്ങളാണ് കേസിൽ നിർണായകമായതും പ്രതിയെ പിടികൂടാൻ കാരണമായതും. 89-ാം ദിവസം അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് കോടതി രാജേഷിന് വധ ശിക്ഷ വിധിച്ചു. ആര്യ വധക്കേസിലെ ഈ വിധി അത്യപൂർവ വിധിയായി നിയമവിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. 2013ൽ വധശിക്ഷ വിധിക്കപ്പെട്ട രാജേഷിന് പിന്നീട് വധശിക്ഷ ജീവപര്യന്തമായി മാറി. (വിചാരണക്കോടതിയാണ് വധശിക്ഷ വിധിച്ചത്. ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഇളവുചെയ്തു.) ശിക്ഷ അനുഭവിച്ച് വരവേയാണ് ഇക്കഴിഞ്ഞ ഡിസംബർ 23ന് മറ്റൊരു പ്രതിക്കൊപ്പം രാജേഷ് ജയിൽ ചാടിയത്. ഇനിയും രാജേഷിനെ കണ്ടെത്താനായിട്ടില്ല..