
സിനിമാ പ്രവർത്തകർ ഏറെക്കാലമായി ആവശ്യപ്പെടുന്ന തിയേറ്ററുകളിലെ സെക്കൻഡ് ഷോയുടെ കാര്യത്തിൽ അനുകൂല നിലപാടെടുത്ത് സംസ്ഥാന സർക്കാർ ഇന്നലെ ഇത് സംബന്ധിച്ച ഒൗദ്യോഗിക ഉത്തരവിറക്കി.ഇതിൻപ്രകാരം തിയേറ്ററുകളുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയെന്ന് പുനക്രമീകരിച്ചു.നിലവിൽ ഇത് രാവിലെ ഒമ്പതു മണിമുതൽ രാത്രി ഒമ്പതുമണിവരെയായിരുന്നു.കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിബന്ധനയോടെയാണ് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്.സെക്കൻഡ് ഷോ കൂടി അനുവദിക്കുന്നതോടുകൂടി തിയേറ്ററുകളിലേക്ക് വരാൻ മടിച്ചുനിൽക്കുന്ന കുടുംബ പ്രേക്ഷകർ വീണ്ടുമെത്തിത്തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
തിയേറ്ററുകൾ വീണ്ടും തുറന്നശേഷം റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒാപ്പറേഷൻ ജാവ മാത്രമാണ് വിജയം നേടിയത്. അമ്പത് ശതമാനം ഒക്യുപെൻസിയിൽ സെക്കൻഡ് ഷോ ഇല്ലാതെ ഇതിനകം 2 കോടി 10 ലക്ഷം രൂപ ചിത്രം ഫെയറിനത്തിൽ നേടിക്കഴിഞ്ഞു. ഫുൾ ഒക്യുപൻസി യിൽ നാല് ഷോയും കളിച്ചിരുന്നെങ്കിൽ ഇതിന്റെ ഇരട്ടിയിലധികം ചിത്രം കളക്ട് ചെയ്തേനെയെന്നാണ് സിനിമാവൃത്തങ്ങളിലുള്ളവർ പറയുന്നത്.
ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ സൂപ്പർതാര ചിത്രം മമ്മൂട്ടിയുടെ ദി പ്രിസ്റ്റാണ്.
മാർച്ച് 11 വ്യാഴാഴ്ച കേരളത്തിലെ മുന്നൂറിലധികം തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ദ പ്രീസ്റ്റ് ഒരേസമയം റിലീസ് ചെയ്യും.
നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധനാം ചെയ്യുന്ന ദി പ്രീസ്റ്റിൽ മഞ്ജു വാര്യർ, നിഖിലാ വിമൽ, സാനിയ അയ്യപ്പൻ എന്നിവരാണ് മറ്റ് താരങ്ങൾ.
മറ്റൊരു മമ്മൂട്ടിച്ചിത്രമായ വൺ മാർച്ച് 26ന് തിയേറ്ററുകളിലെത്തും. ബോബി സഞ്ജയുടെ രചനയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിൽ മുഖ്യമന്ത്രിയുടെ വേഷമാണ് മമ്മൂട്ടിക്ക്. ഒരു വൻ താരനിരതന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്.
മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ് ക്കാർ അറബിക്കടലിന്റെ സിംഹം മേയ് 13ന് ലോക വ്യാപകമായി റിലീസ് ചെയ്യും. നൂറുകോടി മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രത്തിൽ പ്രഭു കിച്ച സുദീപ്, സുനിൽ ഷെട്ടി, അർജുൻ, മഞ്ജുവാര്യർ, കീർത്തി സുരേഷ്, സുഹാസിനി, മുകേഷ്, നെടുമുടിവേണു തുടങ്ങിയ വൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്.
ഉദയകൃഷ്ണയുടെ രചനയിൽ മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് ആഗസ്റ്റ് 12ന് റിലീസ് ചെയ്യും. ഒാണത്തിന് ഒരാഴ്ച മുൻപ് തിയേറ്ററുകളിലെത്തുന്നത് ഇൗ മാസ് ചിത്രത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ആർ.ഡി. ഇലുമിനേഷൻസാണ് ആറാട്ട് തിയേറ്ററുകളിലെത്തിക്കുന്നത്.ലാലും മകൻ ലാൽ ജൂനിയറും ചേർന്നൊരുക്കുന്ന T സുനാമി മാർച്ച് 11ന് തിയേറ്ററുകളിലെത്തും. ബാലുവർഗീസ്, അജുവർഗീസ്, മുകേഷ്, ആരാധ്യ ആൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
പാർവതി തിരുവോത്തൂം റോഷൻ മാത്യുവും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന വർത്തമാനം മാർച്ച് 12ന് തിയേറ്ററുകളിലെത്തും. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ആര്യാടൻ ഷൗക്കത്താണ്.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ജോജു ജോർജ് ചിത്രമായ നായാട്ട് മാർച്ച് 19ന് റിലീസ് ചെയ്യാനാണ് തീരുമാനം. ജോസഫിനുശേഷം ഷാഹി കബീർ രചന നിർവഹിക്കുന്ന നായാട്ടിലെ നായിക നിമിഷാ സജയനാണ്.ആന്റണി വർഗീസ് നായകനാകുന്ന അജഗജാന്തരം ഏപ്രിലിൽ റിലീസ് ചെയ്യും.ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന കള മാർച്ച് 26ന് പ്രദർശനത്തിനെത്തും. ഇൗ ചിത്രത്തിന്റെ സഹനിർമ്മാതാവും ടൊവിനോയാണ്.
ജോജു ജോർജും പൃഥ്വിരാജും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന സ്റ്റാർ ഏപ്രിൽ 9ന് റിലീസ് ചെയ്യാനാണ് തീരുമാനം. ഡോമിൻ ഡിസിൽവയാണ് സംവിധായകൻ.ടൊവിനോ തോമസിനെയും അന്ന ബെന്നിനെയും നായകനും നായികയുമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന നാരദൻ ജൂണിൽ റിലീസ് ചെയ്യാനാണ് തീരുമാനം. ഉണ്ണി ആർ. രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്.
സൂപ്പർ ഹിറ്റായ കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി. എഫ്. ചാപ്റ്റർ 2 ലോകവ്യാപകമായി ജൂലായ് 16ന് റിലീസ് ചെയ്യും. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഇൗ ചിത്രത്തിൽ യഷ്, സഞ്ജയ് ദത്ത്, രവീണാ ടണ്ടൻ എന്നിവരാണ് പ്രധാന താരങ്ങൾ.
രാജീവ് രവി അവതരിപ്പിക്കുന്ന ആന്തോളജി ചിത്രമായ ആണും പെണ്ണും മാർച്ച് 26ന് തിയേറ്ററുകളിലെത്തും. വേണു, ആഷിക് അബു ജെയ്ക് എന്നിവരാണ് സംവിധായർ. ആസിഫ് അലി, ഇന്ദ്രജിത്ത്, ജോജു ജോർജ്, പാർവതി തിരുവോത്ത്, സംയുക്താ മേനോൻ, ദർശനാ രാജേന്ദ്രൻ എന്നിവരാണ് താരങ്ങൾ.മലയാളം, തമിഴ് , തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി അല്ലു അർജ്ജുന്റെ പുഷ്പ ആഗസ്റ്റ് 13ന് റിലീസ് ചെയ്യും. സുകുമാറാണ് സംവിധായകൻ.