
ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ദേശീയപാത വികസനം ഘട്ടംഘട്ടമായി നടപ്പിലാക്കി വരുന്നതിനോടൊപ്പം കാൽനടയാത്രക്കാരുടെ ദുരിതത്തിന് കൂടി ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാത വികസനത്തോടൊപ്പം റോഡിന് കുറുകേ ഫുട് ഓവർബ്രിഡ്ജ് വേണമെന്ന ആവശ്യം ശക്തമാവുകയാണ്.
നിലവിൽ ദിവസേന ആയിരക്കണക്കിനാളുകൾ ഏറെനേരം കാത്തുനിന്നാണ് ആറ്റിങ്ങൽ ഭാഗത്ത് റോഡ് മുറിച്ചുകടക്കുന്നത്. വിദ്യാർത്ഥികളും പ്രായമേറിയവരുമുൾപ്പെടുന്ന കാൽനടയാത്രക്കാർക്ക് യാതൊരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയാണിപ്പോൾ. റോഡ് നാലുവരി പാതയാകുമ്പോൾ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചു കടക്കാൻ കാൽനടയാത്രക്കാർ കൂടുതൽ ബുദ്ധിമുട്ടുന്നു. ജനങ്ങളുടെ ഈ ദുരിതം കണക്കിലെടുത്ത് ദേശീയപാതയുടെ തിരക്കേറിയ ഭാഗങ്ങളിൽ ഫുട് ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നിരവധി ചെറുകിട വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന ആറ്റിങ്ങലിൽ അടുത്തിടെ വൻകിട കച്ചവടസ്ഥാപനങ്ങൾ കൂടി ബ്രാഞ്ചുകൾ തുറന്നതോടെ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്. കാൽനടയാത്രക്കാരുടെ എണ്ണം കൂടിയിട്ടും പലയിടത്തും പൊലീസിന്റെയോ ട്രാഫിക് വാർഡന്റെയോ സേവനം ലഭ്യമാകുന്നില്ല. വാഹനങ്ങൾക്കിടയിലൂടെ ഓടിയിറങ്ങുന്നവർ പലപ്പോഴും അപകടത്തിൽപ്പെടുന്നത് ഇപ്പോൾത്തന്നെ പതിവാണ്. കാൽനടയാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കാൻ ഫുട്ഓവർബ്രിഡ്ജ് അത്യാവശ്യമാണെന്നു തന്നെയാണ് പൊലീസിന്റെയും അഭിപ്രായം. അതിനാൽ ബന്ധപ്പെട്ട അധികൃതർ ഫുട്ഓവർബ്രിഡ്ജ് നിർമ്മാണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ഫുട്ഓവർബ്രിഡ്ജ് വേണ്ടത് 5 സ്ഥലങ്ങളിൽ
1 കച്ചേരിനടയിൽ സബ്ട്രഷറിക്ക് മുൻവശം
2 പ്രൈവറ്റ് ബസ് സ്റ്റാൻഡ്
3 കിഴക്കേ നാലുമുക്ക്
4 ഗ്രന്ഥശാലയ്ക്ക് സമീപം
5 സി.എസ്.ഐ ജംഗ്ഷൻ
നിലവിലെ അവസ്ഥ
1 അപകടങ്ങൾ നിത്യസംഭവം
2 സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ പെടാപ്പാട്
3 ഏറെ ബുദ്ധിമുട്ടുന്നത് വൃദ്ധരും കുട്ടികളും
4 സഹായിക്കാൻ ട്രാഫിക് പൊലീസില്ല