
തിരുവനന്തപുരം: പോറ്റമ്മയുടെ ജീവിത കവിത ചൊല്ലാതെ കവി വിഷ്ണുനാരായണൻ നമ്പൂതിരി മടങ്ങിയെങ്കിലും, ആ ഓർമ്മകൾക്ക് ഇപ്പോഴും യുവത്വമാണ്. പോറ്റമ്മയെ സംരക്ഷിച്ച് മകന്റെ കടമ പൂർത്തിയാക്കിയ ജീവിതം. വിഷ്ണുനാരായണൻ നമ്പൂതിരി പുറത്താരോടും പറയാത്ത ആ അപൂർവ ബന്ധത്തിന്റെ കഥ ഇങ്ങനെ എഴുതാം:
11 വർഷം മുമ്പ് തിരുവല്ലയിലെ ചെറുവീട്ടിൽ വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിൽ കഴിഞ്ഞിരുന്ന അമ്മിണി അമ്മയോട് അയാൾ ചോദിച്ചു, 'അമ്മിണിഅമ്മ വരുന്നോ എന്റെ കൂടെ. ഞാൻ നോക്കിക്കൊള്ളാം''. അവർ ചിരിച്ചു. മക്കളില്ല, വിവാഹിതയല്ല. ആ വീട്ടിൽ ആശ്രിതയായി കഴിഞ്ഞപ്പോൾ കുളിപ്പിച്ചൊരുക്കിയ, അന്നം നാവിലേക്ക് ഇറ്റ് വളർത്തിയ ശിശുക്കളിൽ ഒരാളായ വിഷ്ണുനാരായണൻ നമ്പൂതിരിയാണ് വിളിക്കുന്നത്. ഭാര്യ സാവിത്രിയും ഒപ്പമുണ്ട്. അങ്ങനെ അമ്മിണിഅമ്മ അവർക്കൊപ്പം തിരുവനന്തപുരത്തേക്കു വന്നു.
തലസ്ഥാനത്ത് സായിട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിനെ ശാസ്‌തമംഗലത്തെ ഓഫീസിൽ പോയി വിഷ്ണുനാരായണൻ നമ്പൂതിരി കണ്ടു. 'ഒരു വെള്ളപേപ്പർ വേണം അപേക്ഷ എഴുതാൻ". അപേക്ഷ കുറിക്കുന്നതിനു മുമ്പ് അമ്മിണിഅമ്മയെ വീട്ടിലേക്കു കൊണ്ടു വന്ന കാര്യം പറഞ്ഞു. 'എന്റെ പോറ്റമ്മയാണ് അമ്മിണിഅമ്മ. അമ്മയെ സംരക്ഷിക്കാൻ സായിഗ്രാമിനെ എൽപ്പിക്കുകയാണ്. കുട്ടിയായിരുന്നപ്പോൾ എന്നെ കുളിപ്പിച്ചതും ഉടുപ്പിടീച്ചതും സ്‌കൂളിൽ കൊണ്ടുപോയതുമെല്ലാം ഈയമ്മയായിരുന്നു. അതൊന്നും മറക്കാൻ പറ്റില്ല''. പിന്നെ ഇടയ്‌ക്കിടയ്‌ക്ക് സായിഗ്രാമിലെ സായൂജ്യം വൃദ്ധസദനത്തിലേക്ക് വിഷ്ണുനാരായണൻ നമ്പൂതിരി ഭാര്യയുമൊത്തെത്തും. കൈയിൽ അമ്മിണിഅമ്മയ്‌ക്കായി സമ്മാനവുമുണ്ടാകും.
ഇടയ്‌ക്ക് അമ്മിണിഅമ്മയ്‌ക്ക് വയ്യാതായി. വിഷ്ണുനാരായണൻ നമ്പൂതിരി ഓടിയെത്തി. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശസ്ത്രക്രീയ വേണമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ചെയ്യാമെന്ന് അദ്ദേഹം. അതുകഴിഞ്ഞ് വീട്ടിൽ കൊണ്ടുപോയി പരിചരിച്ചു. ആരോഗ്യം വീണ്ടെടുത്ത ശേഷം സായിഗ്രാമിൽ തിരികെയെത്തിച്ചു.
വിവാഹത്തിന്റെ അമ്പതാംവാർഷികം ആഘോഷിക്കാനായി കുടുംബത്തിനൊപ്പം വിഷ്ണുനാരായണൻ നമ്പൂതിരി എത്തിയത് അമ്മിണിഅമ്മയുടെ അടുത്തായിരുന്നു. 2013 മേയ് രണ്ടിന് അമ്മിണിഅമ്മ മിഴിപൂട്ടി. തുടർന്ന് പോറ്റമ്മയെ വിഷ്ണുനാരായണൻ നമ്പൂതിരി ജന്മനാട്ടിലേക്ക് കൊണ്ടുപോയി. മകൻ ചെയ്യേണ്ട മരണാനന്തരച്ചടങ്ങുകൾ ചെയ്‌തു. പിന്നീടാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ ഓടിയൊളിക്കാൻ തുടങ്ങിയത്.
'അമ്മിണിഅമ്മ അവരുടെ പത്തുവയസിൽ അച്ഛന്റെ തിരുവല്ലയിലെ കുടുംബത്തിൽ ആശ്രിതയായി എത്തിയതാണെന്ന് അച്ഛൻ പറഞ്ഞറിയാം. പത്തോ പന്ത്രണ്ടോ വയസ് വ്യത്യാസമേ അച്ഛനുമായി അമ്മിണിഅമ്മയ്‌ക്കുള്ളൂ. അച്ഛൻ അമ്മയുടെ സ്ഥാനമാണ് നൽകിയിരുന്നത്. തിരുവല്ലയിൽ നിന്ന് ഇവിടേക്ക് കൊണ്ടു വന്നപ്പോൾ വലിയ സന്തോഷത്തിലായിരുന്നു''.
- അദിതി, വിഷ്ണുനാരായണൻ നമ്പൂതിരിയുടെ മകൾ