
തിരുവനന്തപുരം: നിയമസഭയിലേക്ക് സി.പി.എം മത്സരിക്കുന്ന 85 ഓളം മണ്ഡലങ്ങളിൽ പന്ത്രണ്ടിടത്ത് ആദ്യം പരിഗണിച്ച സ്ഥാനാർത്ഥികളെ ഒഴിവാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. പാലക്കാട് ജില്ലയിലെ തരൂരിൽ മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയ്ക്ക് പകരം പി.പി. സുമോദിനെയും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. സതീദേവിക്ക് പകരം കാനത്തിൽ ജമീലയെയും സ്ഥാനാർത്ഥികളാക്കും. ജില്ലാ ഘടകങ്ങളിൽ നിന്നുയർന്ന വികാരം കണക്കിലെടുത്താണ് മാറ്റം. സ്ഥാനാർത്ഥിപ്പട്ടികയിൽ 11 വനിതകളുണ്ട്.
ഇന്ന് ജില്ലാ, മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം നേടിയശേഷം പോളിറ്റ്ബ്യൂറോയുടെ അനുമതിയോടെ സ്ഥാനാർത്ഥികളെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. പാലക്കാട് ഇടത് പൊതുസ്വതന്ത്രനെ ഇന്നോ നാളെയോ തീരുമാനിക്കും. കേരള കോൺഗ്രസ്-എം, എൽ.ജെ.ഡി കക്ഷികൾക്ക് സിറ്റിംഗ് സീറ്റുകളടക്കം വിട്ടുകൊടുത്തു. ഇതോടെയാണ് കഴിഞ്ഞ തവണ സ്വതന്ത്രർ ഉൾപ്പെടെ 92 മണ്ഡലങ്ങളിൽ മത്സരിച്ച സി.പി.എം ഏഴ് സ്വതന്ത്രർ ഉൾപ്പെടെ 85 ഓളം സീറ്റുകളിലേക്ക് ചുരുങ്ങുന്നത്.
ചാലക്കുടിയിൽ യു.പി. ജോസഫിനെ കഴിഞ്ഞ സംസ്ഥാനകമ്മിറ്റിയിൽ നിർദ്ദേശിച്ചെങ്കിലും പിന്നീട് ജോസ് വിഭാഗത്തിന് വിട്ടുകൊടുത്തു. തിരുവനന്തപുരത്തെ അരുവിക്കരയിൽ ജി. സ്റ്റീഫനെ നിശ്ചയിച്ചതിൽ ജില്ലാ സെക്രട്ടേറിയറ്റിൽ എതിർപ്പ് ഉയർന്നെങ്കിലും തീരുമാനത്തിൽ മാറ്റമില്ല.
ജില്ലാ സെക്രട്ടറിമാരിൽ കോട്ടയത്ത് വി.എൻ. വാസവന് മാത്രമാണ് അവസരം. പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനെ ഷൊർണ്ണൂരിലെ ആദ്യപട്ടികയിൽ നിർദ്ദേശിച്ചെങ്കിലും പി. മമ്മിക്കുട്ടിയെ നിശ്ചയിച്ചു. കോങ്ങാടേക്ക് പരിഗണിച്ചിരുന്ന സുമോദിനെ തരൂരിലേക്ക് മാറ്റിയപ്പോൾ കോങ്ങാടേക്ക് ശാന്തകുമാരി എത്തി. ഗുരുവായൂരിൽ ഏരിയാസെക്രട്ടറിയും ചാവക്കാട് നഗരസഭാ മുൻ അദ്ധ്യക്ഷനുമായ എൻ.കെ. അക്ബറായിരിക്കും സ്ഥാനാർത്ഥി. കോൺഗ്രസ് വിട്ടുവന്ന എം.എസ്. വിശ്വനാഥനെ സുൽത്താൻബത്തേരിയിൽ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് ധാരണ. എറണാകുളത്ത് ഷാജി ജോർജായിരിക്കും സ്ഥാനാർത്ഥി.
കാനത്തിൽ ജമീല വന്നു, പി.കെ. ജമീല പോയി
തരൂരിൽ ഡോ. പി.കെ. ജമീലയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതടക്കം എതിർപ്പ് ശക്തമായ പശ്ചാത്തലത്തിൽ മന്ത്രി ബാലൻ തന്നെയാണ് ഭാര്യയെ ഒഴിവാക്കിയുള്ള പുതിയ പേര് ജില്ലാ സെക്രട്ടേറിയറ്റിൽ നിർദ്ദേശിച്ചതെന്നാണ് സൂചന. അത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
കൊയിലാണ്ടിയിൽ സതീദേവിയെ ജില്ലാസെക്രട്ടേറിയറ്റ് ആദ്യം നിർദ്ദേശിച്ചെങ്കിലും ജയസാദ്ധ്യതയില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനമുയർത്തി വെട്ടുകയായിരുന്നു. പി. ജയരാജന്റെ ഇളയ സഹോദരിയാണ് സതീദേവി. വീണ്ടും ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്താണ് കാനത്തിൽ ജമീലയെത്തിയത്.
സ്ഥാനാർത്ഥി മാറിയ മണ്ഡലങ്ങൾ
മഞ്ചേശ്വരം, സുൽത്താൻബത്തേരി, കൊയിലാണ്ടി, ഷൊർണ്ണൂർ, ഒറ്റപ്പാലം, തരൂർ, കോങ്ങാട്, മങ്കട, തിരുവമ്പാടി, കുന്നത്തുനാട്, ദേവികുളം, ഗുരുവായൂർ.