
തിരുവനന്തപുരം: വനിതാ ദിനത്തിൽ സിവിൽ സ്റ്റേഷനിലെ വനിതാ ജീവനക്കാർക്കായി ' കൂടെ ' പദ്ധതിയുമായി ജില്ലാ ഭരണകൂടം. കളക്ടറേറ്റ് സ്ത്രീ സൗഹൃദമാക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുക, വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക, നിയമസഹായം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിറുത്തിയുള്ള പദ്ധതി 'ട്രിവാൻഡ്രം എഹെഡ് ' എന്ന ഉദ്യമത്തിനു കീഴിലാണ് ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള വനിതാസെൽ കളക്ടറേറ്റിൽ പ്രവർത്തനം തുടങ്ങി. സിവിൽ സ്റ്റേഷനിലെ എല്ലാ വനിതാ ജീവനക്കാർക്കും തങ്ങളുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും പങ്കുവയ്ക്കാനുള്ള വേദിയായി 'കൂടെ ' മാറുമെന്ന് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്‌ത് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ചടങ്ങിൽ സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി പങ്കെടുത്തു. ജില്ലാ കളക്ടർ ചെയർപേഴ്സണായും സബ് കളക്ടർ വൈസ് ചെയർപേഴ്സണായും കളക്ടറേറ്റിലെ മുതിർന്ന വനിതാ ഡെപ്യൂട്ടി കളക്ടർ, വനിതാ കൗൺസിലർ, ഒരു അഭിഭാഷക എന്നിവർ അംഗങ്ങളായുമാണ് വനിതാ സെൽ രൂപീകരിച്ചത്. ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്‌മി, സൈക്കോളജിസ്റ്റ് പ്രിയ മണി, അഡ്വ. ശ്രീജ ശശിധരൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ച വനിതാസെല്ലിന്റെ സേവനം ലഭിക്കും.